എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ…! ഒരുലക്ഷം 4G ടവറുകൾ സ്ഥാപിച്ചിട്ടും ബിഎസ്എൻഎൽ ഡാറ്റ നിന്ന് കറങ്ങുന്നു
BSNL 4G subscribers face data speed slowdown: സ്ക്രീനിൽ ബിഎസ്എൻഎൽ 4ജി കാണിക്കുന്നുണ്ടെങ്കിലും ഇതുപയോഗിച്ച് ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്നില്ല. ഒരു വാട്സ്ആപ്പ് മെസേജ് സെൻഡ് ആകുന്നതിൽ പോലും പലപ്പോഴും ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. തുടക്കത്തിൽ 4ജി ടവറുകൾ സ്ഥാപിച്ച ശേഷം ഇവ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും എന്ന് ബിഎസ്എൻഎൽ അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ അതുണ്ടായില്ല.

Bsnl 4g Subscribers Face Data Speed Slowdown
”എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്ന നിലയ്ക്കാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ മുന്നോട്ട് പോക്ക് എന്ന ആക്ഷേപം ശക്തം. 4ജി സേവനങ്ങൾ ആരംഭിക്കുന്നതിൽ ഒരുപാട് പിന്നിലായിപ്പോയ ബിഎസ്എൻഎൽ കേന്ദ്ര സർക്കാർ നൽകിയ രക്ഷാ പാക്കേജുകളുടെ ബലത്തിൽ കഴിഞ്ഞ വർഷത്തിന്റെ അവസാനത്തോടെ ഏതാണ്ട് ഒരുലക്ഷം 4ജി ടവറുകൾ രാജ്യാവ്യാപകമായി സ്ഥാപിച്ചിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത്രയും ടവറുകൾ മതിയാകില്ല എങ്കിലും തുടക്കമെന്ന നിലയിൽ ഒരുലക്ഷം ടവറുകൾ സ്ഥാപിക്കപ്പെട്ടതിനെ ഏറെ പ്രതീക്ഷയോടെയാണ് വരിക്കാർ നോക്കിക്കണ്ടത്. എന്നാലിപ്പോൾ ബിഎസ്എൻഎൽ 4ജി ലഭ്യമായ ഇടങ്ങളിലും ബിഎസ്എൻഎൽ വരിക്കാർ ഡാറ്റ പ്രശ്നങ്ങൾ നേരിടുന്നു എന്ന് പരാതികൾ ഉയരുന്നുണ്ട്.
സ്ക്രീനിൽ ബിഎസ്എൻഎൽ 4ജി കാണിക്കുന്നുണ്ടെങ്കിലും ഇതുപയോഗിച്ച് ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്നില്ല. ഒരു വാട്സ്ആപ്പ് മെസേജ് സെൻഡ് ആകുന്നതിൽ പോലും പലപ്പോഴും ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. തുടക്കത്തിൽ 4ജി ടവറുകൾ സ്ഥാപിച്ച ശേഷം ഇവ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും എന്ന് ബിഎസ്എൻഎൽ അധികൃതർ അവകാശപ്പെട്ടിരുന്നു.
Also Read: ത്രികോണേ മധ്യേ ക്യാമറയും ഡോട്ട്-മാട്രിക്സ് സ്‌ക്രീനും! ടെക്നോ പോവ 8 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചതിന് പിന്നാലെ ഡൽഹിയിലും ബോംബെയിലും ആഴ്ചകൾക്കകം ബിഎസ്എൻഎൽ 5ജി ആരംഭിക്കും എന്ന നിലയ്ക്ക് വാഗ്ദാനങ്ങൾ ഉയർന്നുകേട്ടിരുന്നെങ്കിലും 4ജിയും ഇല്ല, 5ജിയും ഇല്ല എന്നതാണ് ഇപ്പോൾ പല വരിക്കാരുടെയും അവസ്ഥ. 4ജി ടവറുകൾ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഈ ടവറുകളിൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല.
5ജി കിട്ടിയില്ല എങ്കിൽപ്പോലും മാന്യമായ വേഗതയിൽ 4ജി ഡാറ്റയെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്നാണ് വരിക്കാരുടെ ആഗ്രഹം. ഇപ്പോൾ ബിഎസ്എൻഎൽ സിമ്മിനെ മാത്രം ആശ്രയിച്ച് ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാനാകാത്ത അവസ്ഥ നിലിനിൽക്കുന്നുണ്ട്. ഡാറ്റ ഉപയോഗിക്കണമെങ്കിൽ മറ്റൊരു കമ്പനിയുടെ സിം കൂടി റീച്ചാർജ് ചെയ്ത് കൊണ്ടുനടക്കേണ്ട അവസ്ഥയാണ്.
ബിഎസ്എൻഎൽ 5ജി ആരംഭിക്കാൻ പോകുന്നു എന്ന വാർത്തകൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. മുൻപ് പലപ്പോഴും ഇത്തരം പ്രഖ്യാപനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും എങ്ങും 5ജി എത്തിയിട്ടില്ല. അടുത്തിടെ വീണ്ടും ബിഎസ്എൻഎൽ 5ജി ആരംഭിക്കാൻ പോകുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എത്തിയാൽ എത്തി എന്ന് പറയാം എന്നതിനപ്പുറം ഇതിൽ ഭൂരിഭാഗം വരിക്കാർക്കും യാതൊരു പ്രതീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല.
ജിയോ, എയർടെൽ, തുടങ്ങിയ സ്വകാര്യ കമ്പനികൾ ഇതിനകം രാജ്യവ്യാപകമായി 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും 4ജി സേവനങ്ങൾ നൽകുന്നതിൽ പോലും പ്രശ്നങ്ങൾ നേരിടുന്നു എന്നത് വരിക്കാരെ നിരാശരാക്കുന്നു. മാസങ്ങൾക്ക് മുമ്പ് ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായ ഘട്ടത്തിൽ ബിഎസ്എൻഎൽ തിരിച്ചുവരും എന്നൊരു പ്രതീക്ഷ പൊതുവിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ നന്നാവില്ല എന്ന് ഉറപ്പിച്ച മട്ടിലുള്ള ബിഎസ്എൻഎൽ സേവനങ്ങളുടെ നിലവാരം കാണുമ്പോൾ ആ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച നിലയാണുള്ളത്.
സ്വകാര്യ ടെലികോം കമ്പനികളുടെ 4ജി സ്പീഡുമായി താരതമ്യം ചെയ്യുമ്പോൾ BSNL 4ജി ഡാറ്റാ വേഗത വളരെ കുറവാണ്. അത് കാര്യമാക്കാതെ, കുറഞ്ഞ വേഗതയിലെങ്കിലും ഡാറ്റ ലഭിക്കുമോയെന്ന് നോക്കിയാൽ, പലയിടത്തും അതും ഇല്ല. ബിഎസ്എൻഎൽ 4ജി ടവറുകൾ ഉള്ള ഇടങ്ങളിൽപ്പോലും വീടുകൾക്കുള്ളിലും കെട്ടിടങ്ങൾക്കുള്ളിലും സിഗ്നൽ ലഭ്യത വളരെ കുറവാണ് എന്ന് പരാതികൾ ഉണ്ട്.
കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഒരു ഗുണം. എന്നാൽ വിലക്കുറവിനെക്കാൾ ഉപരി വരിക്കാർ സേവനങ്ങളുടെ നിലവാരത്തിനും പ്രാധാന്യം നൽകുന്നു. അതിനാലാണ് കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ഉണ്ടായിട്ടും ടെലിക്കോം ഉപയോക്താക്കൾ സ്വകാര്യ കമ്പനികളുടെ വരിക്കാരായി മാറുന്നത്. സ്മാർട്ട്ഫോണുകൾ വ്യാപകമായ ഇക്കാലത്ത് ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അവതരിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അപ്പോഴും 4ജി സേവനങ്ങൾ പോലും കൃത്യമായി നൽകാനാകുന്നില്ല എന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
English Summary
Despite BSNL installing one lakh 4G towers across the country, subscribers are facing data issues. Even in areas where 4G is available, subscribers are not getting decent data speeds. Although BSNL officials had earlier promised to upgrade 4G towers to 5G soon, 5G rollout is yet to happen.