Mammootty: ‘എൻ്റെ സിനിമ കണ്ട് മമ്മൂട്ടി അഭിപ്രായം പറഞ്ഞു; എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ഓർത്തുവെക്കുന്നതെന്ന് തോന്നി’; കുറിപ്പ് വൈറൽ
Rasheep Parakkal On Mammootty: കുട്ടൻ്റെ ഷിനിഗാമി എന്ന തൻ്റെ സിനിമ കണ്ട് മമ്മൂട്ടി അഭിപ്രായം പറഞ്ഞെന്ന് സംവിധായകൻ റഷീദ് പാറക്കൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
തൻ്റെ സിനിമ കണ്ട് മമ്മൂട്ടി അഭിപ്രായം പറഞ്ഞെന്ന് ‘കുട്ടൻ്റെ ഷിനിഗാമി’ എന്ന സിനിമയുടെ സംവിധായകൻ റഷീദ് പാറക്കൽ. തിരക്കിനിടയിൽ എന്തൊക്കെ കാര്യങ്ങളാണ് ഈ മനുഷ്യൻ ഓർത്തുവെക്കുന്നതെന്ന് തോന്നി. വെറുതെയല്ല അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചതെന്നും റഷീദ് പാറക്കൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
റഷീദ് പാറക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
“കുട്ടൻറെ ഷിനിഗാമി,
ഇറങ്ങിയതിനു ശേഷം നിർമ്മാതാവ് അഷ്റഫ് പിലാക്കലാണ് എന്നോട് പറഞ്ഞത്, മമ്മൂക്ക ഈ സിനിമ കണ്ടു ജാഫറിക്കയെ വിളിച്ചു അഭിനന്ദനങ്ങൾ പറഞ്ഞെന്നും ഇന്ദ്രൻസ് ചേട്ടനോട് അഭിപ്രായം പറഞ്ഞെന്നും സംവിധായകൻ ആരാണെന്ന് അന്വേഷിച്ചു എന്നും. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ഞാൻ ജാഫറിക്കാടും ഇന്ദ്രസ് ചേട്ടനോടും ചോദിച്ചു. സംഗതി സത്യം തന്നെ.
പക്ഷേ അതിന് തെളിവുകളൊന്നും എൻറെ കയ്യിൽ കിട്ടാത്തതുകൊണ്ട് ഞാൻ അത് ആരോടും പറഞ്ഞില്ല.
പിന്നീട് ഒരു ദിവസം ഞാനും സംവിധായകൻ എപ്പിക്കാടും പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് വണ്ടൂരും നിർമ്മാതാവ് ജാക്കി അലിയും ഒരാൾക്കൂട്ടം എന്ന സിനിമയുടെ കഥ ഇന്ദ്രൻസിനോട് പറയാൻ വേണ്ടി എറണാകുളത്ത് പോയപ്പോൾ അദ്ദേഹം ടൗൺഹാളിലെ ഷൂട്ടിങ്ങിൽ ആണെന്ന് അറിഞ്ഞു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് മമ്മൂക്കയും മോഹൻലാലും കുഞ്ചാക്കോ ബോബനും അടക്കം ഒട്ടനവധി താരങ്ങൾ അഭിനയിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത് എന്ന്. ഇന്ദ്രൻസ് ചേട്ടനാണ് മമ്മൂക്കയോട് പറഞ്ഞത് ഷിനിഗാമിയുടെ സംവിധായകൻ വന്നിട്ടുണ്ട് എന്ന്. സാക്ഷാൽ മമ്മൂക്ക എന്നെ അദ്ദേഹത്തിന് അരികിലേക്ക് വിളിച്ചു. കൂടെ ഷാഫി എപ്പിക്കാടും വന്നു.
“സിനിമ നന്നായിട്ടുണ്ട്. പക്ഷേ, അതിൻറെ പേരാണ് ഇഷ്ടപ്പെടാതെ പോയത്.”
മമ്മൂക്ക അടുത്ത് വിളിച്ച് പരിചയപ്പെട്ട ശേഷം പറഞ്ഞു. ഇതിനുമുമ്പേ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം ചോദിച്ചു. രണ്ട് സിനിമകൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോൾ. തുടർന്ന് ഞാൻ ഷാഫിയെ പരിചയപ്പെടുത്തി. ചെക്കൻ എന്ന സിനിമയുടെ സംവിധായകനാണ് എന്നു പറഞ്ഞപ്പോൾ “ആ പാട്ടുള്ള പടമല്ലേ ” എന്നും അദ്ദേഹം ചോദിച്ചു. ഈ തിരക്കിനിടയിൽ എന്തൊക്കെ കാര്യങ്ങളാണ് ഈ മനുഷ്യൻ ഓർത്തുവയ്ക്കുന്നത് എന്ന് അതിശയിച്ചുപോയി. ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാൻ സാധ്യമല്ലാത്ത അവസ്ഥയായിരുന്നു. കാരണം ആ സിനിമയുടെ കോസ്റ്റും ആയിരുന്നു അദ്ദേഹം ഇട്ടിരുന്നത്. എങ്കിലും തൻ്റെ സ്വകാര്യ നമ്പർ എനിക്ക് തന്നു. ഇത്രയും മഹാനായ ഒരു കലാകാരൻ്റെ മുന്നിൽ നിൽക്കാനും അദ്ദേഹവുമായി സംസാരിക്കാനും അവസരമുണ്ടായത് ഒരു മഹാ ഭാഗ്യം തന്നെ. തെളിവുകൾ ഇല്ലാത്തതിനാലാണ് ഇത്ര ദിവസമായിട്ടും ഈ കാര്യം ആരോടും പറയാതിരുന്നത്. ഷിനിഗാമി ഇന്നും ഫ്ലവേഴ്സ് ചാനലിൽ വന്നപ്പോൾ ഈ വിശേഷം പങ്കുവെക്കണമെന്ന് തോന്നി. വെറുതെയല്ല അദ്ദേഹത്തിന് പത്മഭൂഷനും കിട്ടിയത്. ആശംസകൾ മമ്മുക്കാ.”