Nivin Pauly: ‘അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്’; സർവം മായ അനുഭവം തുറന്നുപറഞ്ഞ് നിവിൻ പോളി
Nivin Pauly On Aju Varghese: അജു വർഗീസ് സെറ്റിലുണ്ടെങ്കിൽ താൻ ഹാപ്പി ആയിരിക്കുമെന്ന് നിവിൻ പോളി. സർവം മായയുടെ വിജയത്തിൽ അദ്ദേഹം പ്രേക്ഷകർക്ക് നന്ദി അറിയിച്ചു.
സർവം മായ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ തുറന്നുപറഞ്ഞ് നിവിൻ പോളി. അജു സെറ്റിലുണ്ടെങ്കിൽ താൻ നല്ല സന്തോഷവാനാണെന്നും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും തങ്ങൾ അങ്ങനെയാണെന്നും നിവിൻ പറഞ്ഞു. ഗോസ്റ്റ്കാസ്റ്റ് ബൈ ഡെലൂലുവിലാണ് നിവിൻ പോളിയുടെ തുറന്നുപറച്ചിൽ.
പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ചിരുന്നു എന്ന് നിവിൻ പോളി പറഞ്ഞു. പക്ഷേ, ഇങ്ങനെ ഒരു വിജയം മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. പ്രേക്ഷകർ തന്ന വിജയമാണിത്. അതിനപ്പുറം ഒന്നും പറയാനില്ല. ആദ്യ സിനിമ മുതൽ താനും അജുവും ഒരുമിച്ചുണ്ടായിരുന്നു. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും തങ്ങൾ വളരെ അടുത്ത ബന്ധം പുലർത്തുന്നു. അഭിനയിക്കുമ്പോൾ നല്ല സിങ്കാണ്. പറയാതെ തന്നെ ഒരു കൊടുക്കൽ വാങ്ങൽ വരും. ഒപ്പം അഭിനയിക്കുന്ന എല്ലാവരുമായും അത് കിട്ടില്ല. അജുവുമായിട്ട് അത് ഭയങ്കര സെറ്റാണ്. എന്തുകൊണ്ടാണെന്നറിയില്ല.
അജു സെറ്റിലുണ്ടെങ്കിൽ താൻ ഭയങ്കര ഹാപ്പിയാണ്. സീനുകളൊക്കെ കൂടുതൽ മെച്ചപ്പെടുത്താൻ തോന്നും. അജു കുറേ ഇംപ്രൊവൈസേഷൻ ചെയ്യും. അപ്പോൾ അത് നമ്മളും ചെയ്യും. ഭയങ്കര രസമാണ് അത്. അങ്ങനെ വർക്ക് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അല്ലെങ്കിൽ, നമ്മളൊരു സീനിൽ വന്ന് നിന്ന് ഡയലോഗ് പറഞ്ഞ് പോകുന്നു എന്നതാണ്. അതിലൊരു ഫൺ ഇല്ല. സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ വലിയ സന്തോഷം. പ്രേക്ഷകർ നൽകിയ വിജയമാണിത് എന്ന് പറഞ്ഞ നിവിൻ പ്രേക്ഷകർക്ക് നന്ദി പറയുകയും ചെയ്തു.
അഖിൽ സത്യൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയാണ് സർവം മായ. ഏറെക്കാലത്തിന് ശേഷം നിവിൻ പോളി ശക്തമായി തിരികെവന്ന സിനിമ ബോക്സോഫീസിൽ നിന്ന് 100 കോടി രൂപയിലധികം നേടിയിരുന്നു. നിവിൻ്റെ ആദ്യ 100 കോടി ക്ലബ് ആയിരുന്നു സർവം മായ.