Vaazha 2 Box Office Report : മോഹൻലാലിനെയും കല്യാണിയെയും മലർത്തിയടിച്ച് ഹാഷിർ & Co.; ആ റെക്കോർഡ് ഇനി വാഴ 2ന്
Vaazha 2 Box Office Gross Collection Report : കേരള ബോക്സ്ഓഫീസിൽ നിന്നും അതിവേഗത്തിൽ 100 കോടി നേടുന്ന ചിത്രമെന്ന റെക്കോർഡാണ് വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ മോഹൻലാൽ ചിത്രം തുടരും സിനിമയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. കല്യാണി പ്രിയദർശൻ്റെ ലോകയാണ് ഈ പട്ടികയിൽ നിലവിൽ മുന്നാം സ്ഥാനത്തുള്ളത്.

Vaazha 2 Box Office
കേരള ബോക്സ്ഓഫീസിൽ നിന്നും മാത്രം അതിവേഗത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന് റെക്കോർഡ് ഇനി വാഴ 2ന്. ഏപ്രിൽ രണ്ടിന് തിയറ്ററിൽ എത്തിയ ചിത്രം 15 ദിവസം കൊണ്ടാണ് കേരളത്തിലെ ഗ്രോസ് കളക്ഷൻ 100 കോടി പിന്നട്ടത്. മോഹൻലാലിൻ്റെയും കല്യാണി പ്രിയദർശൻ്റെയും സിനിമകളുടെ റെക്കോർഡുകളാണ് സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തകർത്തിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷൻ തന്നെ ഇപ്പോൾ 200 കോടിയിലേക്ക് അടുക്കുകയാണ്.
വാഴ 2 ബോക്സ്ഓഫീസ്
ഏപ്രിൽ 16 വരെയുള്ള കണക്കുകൾ പ്രകാരം വാഴ 2 സിനിമയുടെ ആഗോളതലത്തിലുള്ള ബോക്സ്ഓഫീസ് കളക്ഷൻ 184 കോടിയാണ്. ചിത്രം റിലീസായി ആദ്യ ആഴ്ചകൊണ്ട് വാഴ 2 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇന്ത്യയിലെ ആകെ കളക്ഷൻ മാത്രം 112 കോടിയാണെന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇതിലെ കേരളത്തിലെ മാത്രം കളക്ഷനാണ് 15 ദിവസങ്ങൾ കൊണ്ട് 100 കോടി പിന്നിട്ടിരിക്കുന്നത്.
മോഹൻലാൽ ചിത്രത്തെ മറികടന്നാണ് വാഴ 2 ഈ റെക്കോർഡ് നേട്ടം. മോഹൻലാലിൻ്റെ തുടരും സിനിമ 19 ദിവസം കൊണ്ടാണ് കേരളത്തിലെ ബോക്സ്ഓഫീസിൽ നിന്നും മാത്രം 100 കോടി സ്വന്തമാക്കിയത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കല്യാണി പ്രിയദർശൻ്റെ ലോക 24 ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ സോഷ്യൽ താരങ്ങളായ ഹാഷിറും സംഘവും 15 ദിവസങ്ങൾ കൊണ്ട് ഈ റെക്കോർഡ് തകർക്കുകയായിരുന്നു. അതേസമയം ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് ഏപ്രിൽ 24 മുതൽ തിയറ്ററുകളിൽ എത്തും.
വാഴ 2 സിനിമ
വാഴ ബയോപിക് ഓഫ് എ ബില്യൺ ബോയ്സ് എന്ന 2024 ഇറങ്ങിയ ചിത്രത്തിൻ്റെ സീക്വലായിട്ടാണ് വാഴ 2 തിയറ്ററിലെത്തിയത്. വാഴ 2 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന ടൈറ്റിലോടെയാണ് രണ്ടാം ഭാഗം തിയറ്ററിൽ എത്തിയത്. ആദ്യ ഭാഗത്തെക്കാളും മികവ് പുലർത്തിയോടെ വാഴ 2 കാണാൻ നിരവധി പേരാണ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്. WBTB പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമ, ഷൈൻ സ്ക്രീൻസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് ഐക്കൺ സ്റ്റുഡിയോസ് തുടങ്ങിയ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗരപതി, പിബി അനീഷ്, ആദർശ് നാരായണൻ എന്നിവർ ചേർന്നാണ് വാഴ 2 നിർമിച്ചിരിക്കുന്നത്.
വിപിൻ ദാസ് രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സവിൻ എസ്എ ആണ്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയി, വിനായക് എന്നിവർക്ക് പുറമെ സിനിമ താരങ്ങളായ വിജയ് ബാബു, അജു വർഗീസ്, ബിജു കുട്ടൻ, അൽഫോൺസ് പുത്രൻ, സുധീഷ് തുടങ്ങിയ നിരവധി താരങ്ങളാണ് വാഴ 2 അണിനിരന്നിട്ടുള്ളത്. ഇവരെ കൂടാതെ നിരവധി സോഷ്യൽ മീഡിയ താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്. അഖിൽ ലൈലാസുരനാണ് സിനിമയുടെ ഛായാഗ്രാഹകൻ. കണ്ണൻ മോഹനാണ് എഡിറ്റർ. ഒമ്പതോളം ഗാനങ്ങൾ ഉള്ള സിനിമയിൽ പാട്ടുകൾ ക്രോഡീകരിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. പശ്ചാത്തല സംഗീതം ഒരുക്കിട്ടുള്ളത് എ ടീമാണ്.