Viral News: ഈ ഗ്രാമത്തിലെ കുട്ടികളെല്ലാം ചെസ്സിന് പിന്നാലെ; കാരണമായത് അധ്യാപകൻ
Gujarat Village Focus On Chess Competetion: 2022 മുതൽ അദ്ദേഹം ഏകദേശം 200 കുട്ടികളെയാണ് ചെസ്സ് മത്സരങ്ങളിലേക്ക് പരിശീലിപ്പിച്ചിട്ടുള്ളത്. അവരിൽ ഭൂരിഭാഗവും പിന്നോക്ക കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. നിലവിൽ കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള 100 വിദ്യാർത്ഥികൾക്കാണ് സന്ദീപ് പരിശീലനം നൽകുന്നത്.
അധ്യാപകർ എന്നാൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വിലമതിക്കാനാവാത്ത സമ്മാനങ്ങൾ പോലെയാണ്. എക്കാലവും ആ നന്മ നമ്മോടൊപ്പം ഉണ്ടാകും. അതിനുദാഹരണമാണ് ഗുജറാത്തിലെ സന്ദീപി ഉപാധ്യായ എന്ന അധ്യാപകൻ. ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ കുട്ടികളെല്ലാം ഇപ്പോൾ ചെസ്സ് എന്ന വലിയ സ്വപനത്തിന് പിന്നാലെയാണ്.
ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ രതുസിൻഹ് നാ മുവാഡ എന്ന ഗ്രാമത്തിലെ കുട്ടികളാണ് ചെസ്സ് കളി പരിശീലിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാത്ത ഒരു ഗ്രാമമാണിത്. എന്നാൽ അവിടുത്തെ കുട്ടികളുടെ ഉള്ളിലേക്ക് ഈ വലിയ സ്വപ്നം കടന്നകയറാൻ കാരണക്കാരനായത് അവിടുത്തെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ സന്ദീപ് ഉപാധ്യായയാണ്.
2022 മുതൽ അദ്ദേഹം ഏകദേശം 200 കുട്ടികളെയാണ് ചെസ്സ് മത്സരങ്ങളിലേക്ക് പരിശീലിപ്പിച്ചിട്ടുള്ളത്. അവരിൽ ഭൂരിഭാഗവും പിന്നോക്ക കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. നിലവിൽ കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള 100 വിദ്യാർത്ഥികൾക്കാണ് സന്ദീപ് പരിശീലനം നൽകുന്നത്.
കുട്ടിക്കാലം മുതൽ ചെസ്സ് കളിയിൽ മിടുക്കനായിരുന്നു സന്ദീപ് . 2021ൽ ഒരു മോട്ടിവേഷണൽ സ്പീക്കറുടെ പുസ്തകം വായിച്ചതോടെയാണ് തൻ്റെ കഴിവ് സ്കൂൾ കുട്ടികളിലേക്ക് പകരണം എന്ന ആർജ്ജവം അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെയാണ് ആ ഗ്രാമത്തിലെ കുട്ടികളുടെ ജീവിതം മാറിമറിഞ്ഞത്. 25 വർഷം മുമ്പാണ് ഈ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ അദ്ദേഹം അധ്യാപകനായി നിയമിതനായത്.
അവിടെ പഠിക്കുന്ന മിക്ക കുട്ടികളും ദരിദ്രരായ കർഷകത്തൊഴിലാളികളുടെ മക്കളാണ്. ദാരിദ്ര്യത്തിൻ്റെ മറവിൽ കുരുന്നുകളുടെ പല ആഗ്രഹങ്ങളും അസ്തമിച്ച് നിൽക്കവെയാണ് സന്ദീപിൻ്റെ കടന്നുവരവ്. എന്നാൽ സന്ദീപ് തൻ്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ, ചെസ്സ്ബോർഡുകൾ തുടങ്ങിയ ആവശ്യ വസ്തുക്കൾ വാങ്ങി നൽകി.
ദാരിദ്ര്യം കാരണം ഒരു കുട്ടി പോലും ടൂർണമെന്റിൽ പങ്കെടുക്കാതെ പോകരുത് എന്നത് അദ്ദേഹത്തിൻ്റെ ആവശ്യമായി മാറി. വിദ്യാർത്ഥികളുടെ യാത്ര, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിലെല്ലാം അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിൻ്റ കഠിന പ്രയത്നങ്ങളൊന്നും പാഴായില്ല. ഇതുവരെ പരിശീലിപ്പിച്ച കുട്ടികളിൽ ആറ് പേർ അന്താരാഷ്ട്ര ചെസ് ഫെഡറേഷനിൽ റാങ്കിംഗ് നേടിയവരാണ്. ഉയർന്ന വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരും ഇക്കൂട്ടത്തിലുണ്ട്.