Chennai Metro: യാത്രാസമയം വെറും 5 മിനിറ്റായി കുറയും; അണ്ണാ ശാലൈ ഫ്ലൈഓവർ നവംബറിൽ
Chennai Metro, Anna Salai 4-Lane Elevated Corridor: രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അണ്ണാ ശാലൈയിലെ യാത്രാക്ലേശങ്ങൾക്ക് വലിയൊരു പരിഹാരമാകാൻ പോകുന്ന എലിവേറ്റഡ് കോറിഡോർ നവംബർ അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിർമ്മാണം നിലവിൽ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

ചെന്നൈ മെട്രോ
ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അണ്ണാ ശാലൈയിലെ യാത്രാക്ലേശങ്ങൾക്ക് വലിയൊരു പരിഹാരമാകാൻ പോകുന്ന എലിവേറ്റഡ് കോറിഡോർ നവംബർ അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തേനാംപേട്ട് മുതൽ സൈദാപ്പേട്ട് വരെ 3.2 കിലോമീറ്റർ നീളുന്ന ഈ പുതിയ നാലുവരിപ്പാതയുടെ നിർമ്മാണം നിലവിൽ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.
യാത്രാസമയം 5 മിനിറ്റായി ചുരുങ്ങും
പുതിയ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാദുരിതത്തിന് വലിയൊരു ശമനമുണ്ടാകും. സാധാരണയായി തേനാംപേട്ട് മുതൽ സൈദാപ്പേട്ട് വരെ റോഡ് മാർഗ്ഗം സഞ്ചരിക്കാൻ ഏകദേശം 30 മിനിറ്റോളം സമയം എടുക്കാറുണ്ട്. എന്നാൽ പുതിയ പാത വരുന്നതോടെ ഇത് വെറും 5 മിനിറ്റായി കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടാതെ എൽഡാംസ് റോഡ്, എസ്.ഐ.ഇ.ടി കോളേജ് റോഡ്, സെനോടാഫ് റോഡ്, നന്ദനം, സിഐടി നഗർ തുടങ്ങി അണ്ണാ ശാലൈയിലെ ഏഴോളം പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിനും ഈ ഫ്ലൈഓവർ ശാശ്വത പരിഹാരമാകുമെന്നാണ് വിവരം.
എഞ്ചിനീയറിംഗ് വിസ്മയം!
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂഗർഭ മെട്രോ തുരങ്കത്തിന് തൊട്ടുമുകളിലൂടെയാണ് ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നത് എന്നതാണ് ഈ പ്രൊജക്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 3.2 കിലോമീറ്റർ വരുന്ന പാതയിൽ 2.4 കിലോമീറ്ററും മെട്രോ തുരങ്കത്തിന് മുകളിലൂടെയാണ് കടന്നുപോകുന്നത്. റോഡ് നിരപ്പിൽ നിന്ന് ഏകദേശം 14 മുതൽ 15 മീറ്റർ വരെ താഴെയാണ് മെട്രോ തുരങ്കമുള്ളത്. അതിനാൽ മെട്രോയുടെ ദൈനംദിന പ്രവർത്തനങ്ങളെയും സുരക്ഷയെയും ബാധിക്കാതിരിക്കാൻ തൂണുകൾക്കുള്ള ഫൗണ്ടേഷൻ ഡ്രില്ലിംഗ് വെറും 7 മീറ്റർ ആഴത്തിൽ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
ALSO READ: നമ്മ മെട്രോയില്‍ പുതിയ ട്രെയിനും സര്‍വീസ് ആരംഭിച്ചു; കാത്തിരിപ്പ് സമയം ഇനി വെറും 6 മിനിറ്റ്
ഉദ്ഘാടനം നവംബറിൽ
കോറിഡോർ നവംബർ അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ സെപ്റ്റംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് ഇപ്പോൾ നവംബറിലേക്ക് മാറ്റിയത്. ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലെ ഫാക്ടറികളിൽ നിന്ന് നിർമ്മിച്ച് കൊണ്ടുവരുന്ന 15,000 ടൺ പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. നവംബറിൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
പൂനമല്ലി – വടപളനി പാത ഉടൻ
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ പൂനമല്ലി ബൈപാസിനും വടപളനിക്കും ഇടയിലുള്ള ഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. എക്സ്റ്റൻഷൻ ലൈനുകൾക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാൻ സംസ്ഥാനം നടപടികൾ സ്വീകരിക്കും. നഗര ഗതാഗത വിപുലീകരണ പദ്ധതികളുടെ ഭാഗമായി ചെന്നൈ മെട്രോ റെയിൽ എക്സ്റ്റൻഷനുകൾ കേന്ദ്രത്തിന് നിർദേശിച്ചതായും തമിഴ്നാട് സർക്കാർ അറിയിച്ചു.
അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീളുകയാണ്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ചിരുന്നു.
English Summary:
Chennai’s 3.2-km elevated corridor along Anna Salai, connecting Teynampet and Saidapet, is around 70% complete and is targeted to open by the end of November 2026. The four-lane corridor is being built above an operational underground Metro tunnel, with about 2.4 km running at ground level over the tunnel and a 460-metre stretch passing above Teynampet and Nandanam Metro stations.