മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ, മലയിടിച്ചിൽ; ഒരാളെ കാണാതായി, ഗതാഗത തടസ്സം, വൻ നാശനഷ്ടം
Kerala Rain- Several landslides in central Kerala districts: കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മയെ കാണാതായി. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
കോട്ടയം: കനത്ത മഴയെത്തുടർന്ന് മധ്യ കേരളത്തിൽ വ്യാപക നാശനഷ്ടം. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മയെ കാണാതായി. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ-ഈരാറ്റുപേട്ട റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറിയിട്ടുണ്ട്.
ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് അപകടത്തിൽപ്പെട്ടു. ഒരു കുടുംബത്തിലെ അച്ഛനും മകനും രക്ഷപെട്ടിട്ടുണ്ട്, ഒരാളെ കാണ്മാനില്ല (സുമതി-അമ്മ ). മകൻ പരിക്കുകളോടെ സെന്റ്മേരീസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇടുക്കിയിൽ മുട്ടം ചള്ളാവയലിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചള്ളാവയലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: Kerala Weather Update: ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
ഇടുക്കിയിൽ നിലവിൽ തൊടുപുഴയുടെ സമീപ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി. കൂടാതെ, ഒളമറ്റം, തെക്കുംഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നെല്ലാപ്പാറയിൽ മണ്ണ് ഇടിഞ്ഞു തൊടുപുഴ ഫയർ ഫോഴ്സ് കുടുങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊടുപുഴ ഒളമറ്റത്തിൽ ഓടയിൽ നിന്നും വെള്ളം പൊങ്ങി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കോട്ടയത്ത് തീക്കോയി മുപ്പതേക്കർ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മണിമലയാറിൻ്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. മൂന്നിലവ് വലിയമംഗലം ഭാഗത്ത് വെള്ളം കയറിയതോടെ പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഇടമരുക്- വാകക്കാട് റോഡ്, ഇടമരുക് – പൈകടപ്പീടിക റോഡ് തുടങ്ങിയ വഴികളിലും വെള്ളം കയറിയിട്ടുണ്ട്.
പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറി. ഇളങ്കാട് വല്യേന്ത ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പലയിടത്തും ആളുകളെ ഒഴിപ്പിച്ചു വരികയാണ്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്‌വേ, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അവധി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ക്യാമ്പുകൾ തുറന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകൾ
1. ജെ.ജെ മർഫി സ്കൂൾ എന്തയാർ
2. സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ
3. ശങ്കർ മെമ്മോറിൽ സ്കൂൾ ഇളംകാട്
4. തുഷാര ക്ലബ് പെരുന്തുരുത്ത്
5. സി.എം.എസ് എൾ.പി സ്കൂൾ മുണ്ടക്കയം
6. സെൻറ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത , മുണ്ടക്കയം
English Summary
Heavy rains have caused widespread damage in central Kerala. Landslides have been reported in various places in the three districts of Kottayam, Idukki and Pathanamthitta. A housewife is missing in a landslide in Idukki. A landslide occurred on top of a house at Kolahala Mett in Vagamon. One person is trapped in the area. Traffic in the area was disrupted after the Pala-Eerattupetta road was submerged in water. The Mundakkayam causeway has been flooded. Relief camps have been opened in six places in Kottayam so far.