Wayanad Tourist Spot Closed: വയനാട്ടിൽ കർശന നിയന്ത്രണം; വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും പൂർണ്ണ വിലക്ക്
Wayanad Tourism And Trekking Banned: വിനോദസഞ്ചാര കേന്ദ്രങ്ങളും സാഹസിക വിനോദങ്ങളും പൂർണ്ണമായും നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്കാണ് ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കൽപ്പറ്റ: വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് (Wayanad Red Alert) പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെയും സഞ്ചാരികളുടെയും സുരക്ഷ മുൻനിർത്തി ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളും സാഹസിക വിനോദങ്ങളും പൂർണ്ണമായും നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്കാണ് ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും ആവശ്യമായ നടപടികൾ സംയുക്തമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ALSO READ: മഴ അതിശക്തം: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
മൂന്ന് ജില്ലകളിൽ റെഡ് അർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അത് തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതുമാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരുന്ന ദിവസങ്ങളിൽ റെഡ് , ഓറഞ്ച് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തീവ്ര ജാഗ്രത വേണം.
നാളെ ഇടുക്കി, പാലക്കാട് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്.
English Summary:
IMD Red Alert for torrential rainfall, the Wayanad District Administration has issued a complete ban on tourism activities, trekking, and adventure sports. All DTPC Tourist Destinations and Adventure Spots Closed Due to Heavy Rain Alert.