ബ്രെഡ് ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സിമ്പിൾ സ്നാക്ക്സ്!
Evening Snacks Recipe: ചായയോടൊപ്പം കടി എന്തുണ്ടാക്കണം എന്ന സംശയമുണ്ടോ? വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ? ഒന്നല്ല ഒരായിരം പലഹാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ വിശപ്പടക്കാൻ മാത്രമല്ല, ബാക്കി വന്ന ബ്രെഡ് പാഴാക്കാതെ പുതുമയാർന്ന വിഭവങ്ങളാക്കി മാറ്റാനും ഈ റെസിപ്പികൾ സഹായിക്കും.

പ്രതീകാത്മക ചിത്രം
വൈകുന്നേരങ്ങളിൽ ഈ മഴ തണുപ്പത്ത് ഒരു ചായയോ കോഫിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ടല്ലേ… എന്നാൽ ചായയോടൊപ്പം കടി എന്തുണ്ടാക്കണം എന്ന സംശയമുണ്ടോ? വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ? ഒന്നല്ല ഒരായിരം പലഹാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. പനീർ സാൻഡ്‌വിച്ച്, ചീസ് കോൺ ടോസ്റ്റ്, ബ്രെഡ് പക്കോഡ, ഗാർലിക് ബ്രെഡ്, ബ്രെഡ് പിസ്സ, ബ്രെഡ് ധോക്‌ള, സ്റ്റഫ്ഡ് ബ്രെഡ് പോക്കറ്റ്സ്, ബ്രെഡ് ഹൽവ…. എന്നിങ്ങനെ പട്ടിക നീളുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വിശപ്പടക്കാൻ മാത്രമല്ല, ബാക്കി വന്ന ബ്രെഡ് പാഴാക്കാതെ പുതുമയാർന്ന വിഭവങ്ങളാക്കി മാറ്റാനും ഈ റെസിപ്പികൾ സഹായിക്കും.
ബ്രെഡ് പക്കോഡ
ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം മല്ലിയില വിതറി തീ അണച്ച് തണുക്കാൻ വെക്കുക.
കടലമാവിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഓമം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അല്പാല്പമായി വെള്ളം ഒഴിച്ച് കട്ടയില്ലാതെ ദോശമാവിനേക്കാൾ അല്പം കട്ടിയുള്ള പരുവത്തിൽ കലക്കിയെടുക്കുക. രണ്ട് ബ്രെഡ് സ്ലൈസുകൾ എടുത്ത് അതിൽ ഒന്നിൽ തയാറാക്കി വെച്ച ഉരുളക്കിഴങ്ങ് മസാല പരത്തുക. മറ്റേ ബ്രെഡ് സ്ലൈസ് ഇതിനു മുകളിൽ വെച്ച് അമർത്തി, ത്രികോണാകൃതിയിൽ നടുവെ മുറിക്കുക.
ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക. തയാറാക്കിവെച്ച ബ്രെഡ് കടലമാവ് കൂട്ടിൽ മുക്കി, എണ്ണയിലേക്ക് പതുക്കെ ഇടുക. ഇടത്തരം തീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറവും നല്ല കടുപ്പവും ആകുന്നത് വരെ വറുത്തെടുക്കുക.
ALSO READ: പ്രായം താഴോട്ടാണല്ലോ…. ജ്യോതികയുടെ ഫിറ്റ്നസ് രഹസ്യം ഇതാ! 40 കടന്ന സ്ത്രീകൾ ഇതറിയണം
പനീർ ബ്രെഡ് ടോസ്റ്റ്
ഒരു പാത്രത്തിൽ ഉടച്ച പനീർ, അരിഞ്ഞ സവാള, ക്യാപ്സിക്കം, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന പനീർ മിശ്രിതം ബ്രെഡ് സ്ലൈസുകൾക്ക് മുകളിലേക്ക് തുല്യമായി പരത്തി വെക്കുക. ഒരു ദോശക്കല്ല് ചൂടാക്കി അല്പം വെണ്ണയോ നെയ്യോ തടവി, ബ്രെഡ് സ്ലൈസുകൾ വെച്ച് രണ്ട് വശവും മൊരിഞ്ഞു വരുന്നത് വരെ ഇടത്തരം തീയിൽ ടോസ്റ്റ് ചെയ്തെടുക്കുക. 180°C ചൂടാക്കിയ ഓവനിൽ ബ്രെഡ് ക്രഞ്ചിയാകുന്നത് വരെ ബേക്ക് ചെയ്യാം.
സ്വീറ്റ് കോൺ ചീസ് ടോസ്റ്റ്
ഒരു പാത്രത്തിൽ വേവിച്ച സ്വീറ്റ് കോൺ, ഗ്രേറ്റ് ചെയ്ത ചീസ്, പൊടിയായി അരിഞ്ഞ ക്യാപ്സിക്കം, മിക്സഡ് ഹെർബ്‌സ്, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യറാക്കിവെച്ചിരിക്കുന്ന മിശ്രിതം ബ്രെഡ് സ്ലൈസുകൾക്ക് മുകളിൽ സമമായി പരത്തി വെക്കുക. ഒരു തവയിലോ ഓവനിലോ വെച്ച് ചീസ് നന്നായി ഉരുകി സ്വർണ്ണനിറമാകുന്നതുവരെ കുറഞ്ഞ തീയിൽ ടോസ്റ്റ് ചെയ്തെടുക്കുക.
English Summary:
Bread is one of the most versatile ingredients for making quick and delicious snacks, and with just a few simple ingredients, you can prepare a variety of tasty treats in minutes. These recipes require minimal preparation, making them perfect for busy mornings, evening tea-time snacks, or when you need a quick bite.