Kappa Puttu: കപ്പ മതി! സോഫ്റ്റ് പുട്ട് എളുപ്പത്തിൽ ഉണ്ടാക്കാം; റെസിപ്പി ഇതാ
Kappa Puttu Recipe: അരിപ്പുട്ടും ഗോതമ്പ് പുട്ടും മാത്രമല്ല, പലതരം വെറൈറ്റികൾ പരീക്ഷിക്കാറുമുണ്ട്. ഇനി അരിപ്പൊടി കുറച്ചേ ഉള്ളൂവെങ്കിലും പ്രശ്നമില്ല. നല്ല പച്ചക്കപ്പ അല്ലെങ്കിൽ മരച്ചീനി ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ ആവി പറക്കുന്ന സോഫ്റ്റ് കപ്പ പുട്ട് തയ്യാറാക്കാം. റെസിപ്പി ഇതാ....
പുട്ട് ഇല്ലാതെ എന്ത് മലയാളി അടുക്കള അല്ലേ, കേരളീയരുടെ പ്രഭാതഭക്ഷണങ്ങളിൽ എക്കാലത്തും പുട്ടിന് പ്രമുഖ സ്ഥാനമാണുള്ളത്. അരിപ്പുട്ടും ഗോതമ്പ് പുട്ടും മാത്രമല്ല, പലതരം വെറൈറ്റികൾ പരീക്ഷിക്കാറുമുണ്ട്. ഇനി അരിപ്പൊടി കുറച്ചേ ഉള്ളൂവെങ്കിലും പ്രശ്നമില്ല. നല്ല പച്ചക്കപ്പ അല്ലെങ്കിൽ മരച്ചീനി ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ ആവി പറക്കുന്ന സോഫ്റ്റ് കപ്പ പുട്ട് തയ്യാറാക്കാം. റെസിപ്പി ഇതാ….
ആവശ്യമായ ചേരുവകൾ
- പച്ചക്കപ്പ – 600 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- അരിപ്പൊടി – കാൽ കപ്പ്
- തേങ്ങ ചിരകിയത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ആദ്യം പച്ചക്കപ്പയുടെ തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഇത് നന്നായി ഗ്രേറ്റ് ചെയ്‌തോ അല്ലെങ്കിൽ ചെറുതായി പൊടിച്ചോ ഒരു പാത്രത്തിലേക്ക് മാറ്റുക.
- ഇതിലേക്ക് അര ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- അഞ്ച് മിനിറ്റ് കഴിഞ്ഞ് കപ്പയിലെ അധിക വെള്ളം പൂർണ്ണമായും പിഴിഞ്ഞ് കളഞ്ഞെടുക്കുക.
- ഇതിലേക്ക് കാൽ കപ്പ് അരിപ്പൊടി കൂടി ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
- കപ്പയിലെ ഈർപ്പം കൃത്യമായി നിലനിർത്താൻ വേണ്ടിയാണ് അരിപ്പൊടി ചേർക്കുന്നത്.
- സാധാരണ പുട്ട് തയ്യാറാക്കുന്നത് പോലെ പുട്ടുകുറ്റിയിലേക്ക് അല്പം തേങ്ങ ചിരകിയതും തയ്യാറാക്കി വെച്ച കപ്പ മിശ്രിതവും മാറി മാറി നിറയ്ക്കുക.
- ഇത് ആവിയിൽ നന്നായി വേവിച്ചെടുക്കുക.
ALSO READ: നല്ല വേവുള്ള മരച്ചീനി എങ്ങനെ തിരിച്ചറിയാം?; അറിഞ്ഞിരിക്കേണ്ട ചില സൂത്രവിദ്യകൾ
കപ്പ ആരോഗ്യഗുണങ്ങൾ
മരച്ചീനിയിൽ കാർബോഹൈഡ്രേറ്റ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കഠിനാധ്വാനം ചെയ്യുന്നവർക്കും കായികതാരങ്ങൾക്കും പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഇത് സഹായിക്കും. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
മരച്ചീനിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ B-കോംപ്ലക്സ് (ഫോളേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ) അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ക്ഷീണം അകറ്റാനും സഹായിക്കും.
കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ കെ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മരച്ചീനി നല്ലതാണ്. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ചില അമിനോ ആസിഡുകളും വൈറ്റമിനുകളും ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്.
English Summary:
Kappa puttu is a traditional Kerala dish that offers a delicious alternative to regular rice puttu. It is easy to prepare at home using fresh tapioca , salt, rice flour, and grated coconut.