8th Pay Commission: ഡിഎ ലയിപ്പിക്കുന്നതിൽ സർക്കാർ നിലപാട് എന്ത്? 8-ാം ശമ്പള കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് പറയുന്നത്…
8th Pay Commission DA Merger: ഏഴാം ശമ്പള കമ്മീഷൻ നിർദേശിച്ച ഓൾ-ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഫോർമുല അടിസ്ഥാനമാക്കി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പ്രഖ്യാപിക്കുന്നത്. സാധാരണയായി മാർച്ച്, ഒക്ടോബർ മാസങ്ങളിലാണ് പ്രഖ്യാപനം നടത്തുന്നത്. ശേഷം ജനുവരി, ജൂലൈ മാസങ്ങൾ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും.
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. നിലവിൽ കമ്മീഷൻ ജീവനക്കാരുടെയും പെൻഷൻ സംഘടനകളുടെയും മറ്റ് പങ്കാളികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന ഘട്ടത്തിലാണ്. 2027 മെയ് മാസത്തോടെ അന്തിമ ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷാമബത്തയിൽ തീരുമാനമെന്ത്?
വിലക്കയറ്റം മൂലം ജീവനക്കാർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രതിരോധ സേനാംഗങ്ങൾ, ബാങ്ക് ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് ക്ഷാമബത്തയും ക്ഷാമാശ്വാസവും നൽകുന്നുണ്ട്. ഏഴാം ശമ്പള കമ്മീഷൻ നിർദേശിച്ച ഓൾ-ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI) ഫോർമുല അടിസ്ഥാനമാക്കി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പ്രഖ്യാപിക്കുന്നത്. സാധാരണയായി മാർച്ച്, ഒക്ടോബർ മാസങ്ങളിലാണ് പ്രഖ്യാപനം നടത്തുന്നത്. ശേഷം ജനുവരി, ജൂലൈ മാസങ്ങൾ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും.
ALSO READ: ലീവ് എൻകാഷ്‌മെന്റ് പരിധി 450 ദിവസം? 8-ാം ശമ്പള കമ്മീഷനിൽ ‘അവധി’ നേട്ടവും!
8-ാം കേന്ദ്ര ശമ്പള കമ്മീഷനിലും ഡിഎ-ൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. കമ്മീഷന്റെ അന്തിമ ശുപാർശകളിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് അതിന്റെ ‘ടേംസ് ഓഫ് റഫറൻസ്’ (ToR) വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ടേംസ് ഓഫ് റഫറൻസ്, കമ്മീഷന്റെ പ്രവർത്തന പരിധിയും ഏതൊക്കെ വിഷയങ്ങളിലാണ് ശുപാർശകൾ നൽകേണ്ടതെന്നും വ്യക്തമായി പറയുന്നുണ്ട്. ശമ്പള ഘടന, പേ മാട്രിക്സ് എന്നിവയുൾപ്പെടുന്ന വേതനം, ഡി.എ, ഡിആർ, എച്ച്.ആർ.എ എന്നിവയുൾപ്പെടുന്ന ബത്തകൾ, ഇൻക്രിമെന്റ്, പ്രൊമോഷൻ തുടങ്ങിയ പണമായോ അല്ലാതെയോ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ/സൗകര്യങ്ങൾ എന്നിവയിൽ യുക്തിസഹമായ മാറ്റങ്ങൾ പരിശോധിക്കാനും നിർദ്ദേശിക്കാനും ഇതിൽ പറയുന്നുണ്ട്.
ഡിഎ ലയനം ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്ന് വിവിധ ജീവനക്കാരുടെ സംഘടനകളും പ്രതിനിധി ഗ്രൂപ്പുകളും ആവശ്യപ്പെടുന്നുണ്ട്. 7-ാം ശമ്പള കമ്മീഷൻ നിർദേശപ്രകാരം, ക്ഷാമബത്ത 50 ശതമാനത്തിൽ കൂടുതലായാൽ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാവുന്നതാണ്. നിലവിൽ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ എത്തിനിൽക്കുകയാണ്.
എന്നാൽ, 2026 ഒക്ടോബർ വരെ ഡിഎ ലയനം സംബന്ധിച്ച് സർക്കാർ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പ്രൊവിഡന്റ് ഫണ്ട് സംഭാവന, പെൻഷൻ, മറ്റ് ബത്തകൾ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് എന്നതിനാലാണ് ഈ വിഷയം വീണ്ടും സജീവമായത്. അതിനാൽ, ഡിഎ ലയിപ്പിച്ച് അടിസ്ഥാന ശമ്പളം ഉയരുന്നത് മൊത്തത്തിലുള്ള വേതനത്തിലും അനുബന്ധ ആനുകൂല്യങ്ങളിലും വർദ്ധനവുണ്ടാക്കും.
English Summary:
8th Central Pay Commission is currently consulting central government employees, pensioners, trade unions and other stakeholders before preparing its recommendations on salary revisions, pensions, allowances and other benefits. According to its Terms of Reference, the commission is expected to submit its report by May 2027.