Thiruvananthapuram Fish Curry: മുഖം ചുളിക്കല്ലേ, തിരുവനന്തപുരത്തുകാർ മീൻകറിയിൽ മുരിങ്ങക്കാ ചേർക്കുന്നത് വെറുതെയല്ല
Thiruvananthapuram Style Fish Curry: തിരുവനന്തപുരത്തെ വേറിട്ടുനിർത്തുന്ന ഒരു ഭക്ഷണവിഭവമാണ് തേങ്ങ അരച്ച്, മുരിങ്ങക്കാ ഇട്ട് വയ്ക്കുന്ന മീൻ കറി. മുരിങ്ങക്കായിലടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങളും കൂടി ചേരുമ്പോൾ ഈ മീൻകറി ഒരു മരുന്ന് കൂടിയാവുകയാണ്. കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മുരിങ്ങക്ക മികച്ചതാണ്.

Fish Curry
ഓരോ നാടിനും അവരുടേതായ ഭക്ഷണശൈലി ഉണ്ടാകും, തനത് രുചിയുണ്ടാകും. അത്തരത്തിൽ തിരുവനന്തപുരത്തെ വേറിട്ടുനിർത്തുന്ന ഒരു ഭക്ഷണവിഭവമാണ് തേങ്ങ അരച്ച്, മുരിങ്ങക്കാ ഇട്ട് വയ്ക്കുന്ന മീൻ കറി. മുരിങ്ങക്കായിലടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങളും കൂടി ചേരുമ്പോൾ ഈ മീൻകറി ഒരു മരുന്ന് കൂടിയാവുകയാണ്.
മുരിങ്ങക്കായ ആരോഗ്യഗുണങ്ങൾ
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങക്ക. ഇത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. കൂടാതെ, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മുരിങ്ങക്ക മികച്ചതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
പ്രമേഹരോഗികൾക്കും മുരിങ്ങക്ക ഏറെ ഗുണകരമാണ്. ഇത് ഇൻസുലിൻ പ്രവർത്തനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുരിങ്ങക്ക സഹായിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കാനും ഉദരരോഗങ്ങൾ തടയാനും ഫലപ്രദമാണ്. വിളർച്ച തടയാനും ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും ഇവ ഫലപ്രദമാണ്.
തിരുവനന്തപുരം സ്റ്റൈൽ മീൻ കറി
ആവശ്യമായ സാധനങ്ങൾ:
മീൻ – അരക്കിലോ
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 10-12 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 5-6 അല്ലി
പച്ചമുളക് – 3-4 എണ്ണം
കശ്മീരി മുളകുപൊടി – 2 വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉലുവപ്പൊടി – കാൽ ടീസ്പൂൺ
കുടംപുളി – 3-4 കഷ്ണം (ആവശ്യത്തിന് വെള്ളത്തിൽ കുതിർത്തത്)
വെളിച്ചെണ്ണ – 2 വലിയ സ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
തേങ്ങ, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ അല്പം വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് അരച്ചു വെച്ചിരിക്കുന്ന മിശ്രിതം ചേർക്കുക. ഇതിലേക്ക് കുതിർത്തു വെച്ചിരിക്കുന്ന കുടംപുളിയും ആ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
ചാറ് നന്നായി തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ഇതിലേക്ക് ഇടുക. കൂടെ പച്ചമുളക് കീറിയതും ചേർക്കാം.
ചട്ടി വട്ടത്തിൽ ചുറ്റിച്ച ശേഷം അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക. മീൻ വെന്ത് ചാറ് കുറുകി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവപ്പൊടി മുകളിൽ തൂവുക.
കറി പാകമായാൽ അടുപ്പിൽ നിന്നും മാറ്റി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് പത്തു മിനിറ്റ് അടച്ചു വെക്കുക.