നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രതികൾ സ്വാധീനമുള്ളവർ, സുഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യമില്ല
Nedumbassery Mini Cooper Accident: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിന്റെയും മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതികൾ സ്വാധീനമുള്ളവരാണെന്നും തെളിവെടുപ്പും മറ്റും നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ഇതോടെ പ്രതികൾ ബോസ്റ്റൽ സ്‌കൂളിൽ തന്നെ തുടരും.
കൊച്ചി: സ്കൂട്ടറിൽ കാറിടിച്ച്, മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിന്റെയും മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ വേണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. പ്രതികൾ സ്വാധീനമുള്ളവരാണെന്നും തെളിവെടുപ്പും മറ്റും നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. ഇപ്പോൾ ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ പ്രതികൾ ബോസ്റ്റൽ സ്‌കൂളിൽ തന്നെ തുടരും.
ഒക്ടബോര്‍ 11ന് പുലര്‍ച്ചെയാണ് മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകടം ഉണ്ടായത്. മദ്യപിച്ച് അമിത വേഗത്തിൽ മിനികൂപ്പർ ഓടിച്ച 19 വയസുകാരനായ സുഹൈൽ സജീവ് ആണ് കേസിലെ മുഖ്യ പ്രതി. ഈ അപകടത്തിൽ ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
ALSO READ: ചേരാനല്ലൂർ കേസിലെ വീഴ്ച: കൊച്ചി കമ്മീഷണർ കാളിരാജിനെ ‘തെറിപ്പിച്ചു’! ആർ നിശാന്തിനി കമ്മീഷണറാകും
ഈ കേസിൽ വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യാ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. സുഹൈൽ സജീവിന് പുറമേ നിനവ്, അമീർ, ജോയൽ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ. അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.
അപകട സമയത്ത് കാറോടിച്ച സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പോലീസിന്റെ രക്തപരിശോധനയിലും കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലും തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച കോടതി വിധിയുടെ കൂടുതൽ ഡീറ്റെയിൽസ് പുറത്തു വന്നിട്ടില്ല. സെഷൻസ് കോടതി അപേക്ഷ തള്ളിയതിനാൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് പ്രതികൾക്ക് മുന്നിലുള്ള അടുത്ത വഴി.
നിലവിൽ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് നാലു പ്രതികളും കഴിയുന്നത്. ഒന്നും രണ്ടും പ്രതികളായ സുഹൈലും നിനവും അപകടം നടന്ന ദിവസം ഉച്ചയ്ക്ക് 12.30 മുതൽ ബാറുകളിൽ കയറി മദ്യപിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. രാത്രി 11 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ബാറിൽ എത്തിയപ്പോഴാണ് നിനവിന്റെ രണ്ടു സുഹൃത്തുക്കളായ ജോയലിനെയും അമീറിനെയും ഒപ്പം കൂട്ടിയത്.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചു. വാഹനമോടിച്ചിരുന്ന സുഹൈലിന്റെ രക്തത്തിൽ 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവ്. രക്തത്തിൽ 161 എം.ജിയും മൂത്രത്തിൽ 230 എം.ജിയും മദ്യമാണ് പരിശോധനയിൽ ലഭിച്ചത്. അപകടമുണ്ടായ ദിവസം കാർ സഞ്ചരിച്ചത് 140–160 കിലോമീറ്റർ വേഗത്തിലായിരുന്നു എന്നതിന് പ്രതികൾ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളുണ്ടെന്നും പറഞ്ഞ് തെളിവുകൾ സഹിതമായിരുന്നു പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തത്.
English Summary
The District Sessions Court has rejected the bail plea of the first accused, Suhail, and the other accused in the Nedumbassery Mini Cooper accident case. The prosecution informed the court that the accused are influential individuals and that further investigative procedures, such as the collection of evidence, are yet to be completed. With the bail plea denied, the accused will remain in the Borstal School.