Longest Train Journey: 21 ദിവസം, 13 രാജ്യങ്ങളിലൂടെ യാത്ര; ഇതാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ
World Longest Train Journey: യാത്രാ ദൈർഘ്യം കൂടുതലായതിനാൽ, യാത്രക്കാർ ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്ക് തയ്യാറായിരിക്കണം. യാത്ര കടന്നുപോകുന്ന രാജ്യങ്ങളിലെ വിവിധ റെയിൽവേ കമ്പനികളുടെയും സംഘടനകളുടെയും സഹകരണത്തിലൂടെയാണ് ഈ യാത്ര സാധ്യമാകുന്നത്.

Train
ലോകത്തിലെ തന്നെ നാലാമത്തെ വലിയ റെയിൽവെ ശൃംഘലയായാണ് ഇന്ത്യയുടേത് കാണപ്പെടുന്നത്. 67,956 കിലോമീറ്ററോളം ദൂരമാണ് ഇന്ത്യൻ റെയിൽവേ വ്യാപിച്ചുകിടക്കുന്നത്. ഏകദേശം 13,000 പാസഞ്ചർ ട്രെയിനുകളാണ് രാജ്യത്തിൻ്റെ മുക്കിലും മൂലയിലുമായി സർവീസ് നടത്തുന്നത്. അതിനാൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ആളുകളാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. മണിക്കൂറുകളെടുത്തും ദിവസങ്ങളെടുത്തും സർവീസ് നടത്തുന്ന ധാരാളം ട്രെയിനുകളാണുള്ളത്.
എന്നാൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ഏതാണെന്ന് നിങ്ങൾക്കറിയാമോ? 21 ദിവസം നീണ്ടു നിൽക്കുന്ന ട്രെയിൻ യാത്രയാണ് ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ ഗതാഗതം. ഈ യാത്ര കടന്നുപോകുന്നതാകട്ടെ 13 രാജ്യങ്ങളിലൂടെയും. 18,755 കിലോമീറ്ററുകൾ അഥവാ 11,654 മൈലുകളാണ് ഈ യാത്ര ചെയ്യുന്നവർക്ക് ആസ്വദിക്കാനാവുന്നത്.
സ്പെയിൻ, ഫ്രാൻസ്, റഷ്യ, ചൈന, വിയറ്റ്നാം, തായ്ലൻ്‍ഡ് എന്നീ തുടങ്ങിയ രാജ്യങ്ങൾ ഒറ്റ ടിക്കറ്റെടുത്താൽ നിങ്ങൾക്ക് യാത്ര ചെയ്യാം. ചില റിപ്പോർട്ടുകൾ പ്രകാരം ഈ യാത്രയ്ക്ക് 1,350 ഡോളറാണ് (ഏകദേശം 1,15,496 രൂപ) ചിലവ് കണക്കാക്കുന്നത്. യൂറോപ്പ് മുതൽ ഏഷ്യ വരെയുള്ള ഭൂഖണ്ഡാന്തര യാത്രയാണിത്. എന്നാൽ ഇത്രയും രാജ്യങ്ങൾ ഒന്നിച്ച് കാണാൻ കഴിയുന്ന ഏറ്റവും ചിലവ് കുറഞ്ഞ നിരക്കാണിത്.
പോർച്ചുഗലിലെ അൽഗാർവെ എന്ന സ്ഥലത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സിംഗപ്പൂരിൽ അവസാനിക്കുകയും ചെയ്യുന്നു. ചരിത്രമുറങ്ങുന്ന പാരീസ്, മോസ്കോ, ബീജിങ്, ബാങ്കോക്ക് എന്നിവിടങ്ങളും ഈ യാത്രയിൽ കാണാനാവും. അൽഗാർവെയിൽ തുടങ്ങി സിംഗപ്പൂരിൽ അവസാനിക്കുന്ന ഈ യാത്രയ്ക്ക് 21 ദിവസമാണ് വേണ്ടത്. അതേസമയം 21 ദിവസം കൊണ്ട് ചില സാഹചര്യങ്ങളിൽ യാത്ര പൂർത്തീകരിക്കാൻ കഴിയണമെന്നില്ല. കാരണം കാലാവസ്ഥ, മുൻകൂട്ടി പ്രവചിക്കാനാവാത്ത സാഹചര്യങ്ങൾ എന്നിവ തടസ്സം സൃഷ്ടിച്ചേക്കാം.
യാത്രാ ദൈർഘ്യം കൂടുതലായതിനാൽ, യാത്രക്കാർ ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്ക് തയ്യാറായിരിക്കണം. യാത്ര കടന്നുപോകുന്ന രാജ്യങ്ങളിലെ വിവിധ റെയിൽവേ കമ്പനികളുടെയും സംഘടനകളുടെയും സഹകരണത്തിലൂടെയാണ് ഈ യാത്ര സാധ്യമാകുന്നത്. യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്നതിൽ ലാവോസിനും ചൈനയ്ക്കും ഇടയിൽ അടുത്തിടെ തുറന്ന ഒരു റെയിൽവേ പാളം നിർണായക പങ്ക് വഹിക്കുന്നു.
ഈ യാത്രയ്ക്ക് ഏറ്റവും പ്രചാരം കൂടിയത് അടുത്തിടെയാണ്. യാത്രാ പ്രേമികളെ സംബന്ധിച്ച് മികച്ചൊരു അനുഭവമാണ് ഈ യാത്രയിലൂടെ സ്വന്തമാകുന്നത്.