Wayanad travel restrictions: വയനാട്ടിൽ അതിതീവ്ര മഴ; യാത്രാ നിയന്ത്രണം ഇന്ന് വൈകുന്നേരം മുതൽ
Wayanad Monsoon Tourism Restricted: പഴശ്ശി അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ളവർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കൽപ്പറ്റ: വയനാട്ടിൽ മഴ കനക്കുന്ന സാഹചര്യത്തിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
പ്രധാന നിയന്ത്രണങ്ങൾ
എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി നിരോധിച്ചുകൊണ്ട് അറിയിപ്പുണ്ട്. കുറുവ ദ്വീപ്, കാന്തൻപാറ, പൂക്കോട് തടാകം, എന്നിവിടങ്ങളിലെ ബോട്ടിംഗ് പൂർണ്ണമായി നിർത്തിവെച്ചു.
ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങൾക്കും ജലവിനോദങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. അവ തുറന്നുപ്രവർത്തിക്കും എന്നാണ് വിവരം.
മഴ കനത്തതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, നദികളുടെയും പുഴകളുടെയും തീരങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Also read – പുരോഗതിയുടെ 9 വർഷമാണ് കടന്നു പോയത്, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
പഴശ്ശി അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ളവർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മൺസൂൺ ശക്തിപ്പെടുന്നതിനനുസരിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇനിയും ഇത്തരം നിയന്ത്രണങ്ങൾ വന്നേക്കാം.
അതിനാൽ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ് എന്നും അധികൃതർ അറിയിച്ചു.
വയനാട്ടിൽ കെഎസ്‌ആർടിസി ബസ് അപകടം
വയനാട് തലപ്പുഴയിൽ ഒരു കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞതായി റിപ്പോർട്ട്. തലപ്പുഴ-കണ്ണൂർ റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം നടന്നുവരുന്നു.