Coconut Oil Skincare: മുഖത്ത് വെളിച്ചെണ്ണ പുരട്ടേണ്ടത് എപ്പോൾ, എങ്ങനെ? ശരിയായ രീതിയും സമയവും
ചർമ്മത്തിന് ഈർപ്പം നൽകാനും തിളക്കം വർദ്ധിപ്പിക്കാനും വെളിച്ചെണ്ണ സഹായിക്കുമെങ്കിലും, എല്ലാവരും എല്ലാ സമയത്തും ഇത് മുഖത്ത് പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. ചർമ്മത്തിന് അനുയോജ്യമായ രീതിയിലും ശരിയായ സമയത്തും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. കുറച്ച് വെളിച്ചെണ്ണ മുഖത്ത് പുരട്ടി പഞ്ഞി ഉപയോഗിച്ച് തുടച്ചെടുത്താൽ വാട്ടർപ്രൂഫ് മേക്കപ്പ് പോലും എളുപ്പത്തിൽ നീക്കം ചെയ്യാം.

മലയാളികളുടെ സൗന്ദര്യസംരക്ഷണത്തിൽ പണ്ടുകാലം മുതലേ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. ചർമ്മത്തിന് ഈർപ്പം നൽകാനും തിളക്കം വർദ്ധിപ്പിക്കാനും വെളിച്ചെണ്ണ സഹായിക്കുമെങ്കിലും, എല്ലാവരും എല്ലാ സമയത്തും ഇത് മുഖത്ത് പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. ചർമ്മത്തിന് അനുയോജ്യമായ രീതിയിലും ശരിയായ സമയത്തും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. (Image Credit Source: Getty Images)

കിടക്കുന്നതിന് മുൻപ്: വരണ്ട ചർമ്മമുള്ളവർക്ക് രാത്രി കിടക്കുന്നതിന് മുൻപ് വെളിച്ചെണ്ണ പുരട്ടുന്നതാണ് ഏറ്റവും നല്ലത്. രാത്രിയിൽ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മകോശങ്ങൾ പുനരുജ്ജീവിക്കാനും ഇത് സഹായിക്കും. എന്നാൽ മുഖക്കുരു ഉള്ളവർ ഒരു കാരണവശാലും രാത്രിയിൽ വെളിച്ചെണ്ണ മുഖത്ത് പുരട്ടാനോ അത് വച്ച് കിടക്കാനോ പാടില്ല.

കുളിക്കുന്നതിന് മുൻപ്: സാധാരണ ചർമ്മമുള്ളവർക്ക് കുളിക്കുന്നതിന് അല്പം മുൻപ് മുഖത്തും ശരീരത്തിലും വെളിച്ചെണ്ണ പുരട്ടി പതുക്കെ മസാജ് ചെയ്യാം. കുളിക്കുമ്പോൾ അമിതമായ എണ്ണമയം കഴുകിക്കളയാൻ ഇത് സഹായിക്കും. അപ്പോഴും മുഖക്കുരു ഉള്ളവരോ എണ്ണമയം കൂടുതൽ ഉള്ളവരോ ആയ ആളുകൾ എണ്ണ പുരട്ടി അധിക സമയം വയ്ക്കരുത്. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വഷളാക്കും.

ഉപയോഗിക്കേണ്ട രീതി: ആദ്യം ഫെയ്സ് വാഷോ ചെറുപയർ പൊടിയോ ഉപയോഗിച്ച് മുഖത്തെ അഴുക്കും എണ്ണമയവും പൂർണ്ണമായി കഴുകിക്കളയുക. 2-3 തുള്ളി ശുദ്ധമായ വെളിച്ചെണ്ണ മാത്രം കൈപ്പത്തിയിലെടുക്കുക. കൈപ്പത്തികൾ തമ്മിൽ ഉരസി എണ്ണ ചെറുതായി ചൂടാക്കിയ ശേഷം മുഖത്ത് മുകളിലേക്ക് വിരലുകൾ കൊണ്ട് പതുക്കെ മസാജ് ചെയ്യുക.

എണ്ണമയം കൂടുതലായി തോന്നുകയാണെങ്കിൽ 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിയ നനഞ്ഞ തുണി ഉപയോഗിച്ച് ഒപ്പി എടുക്കാവുന്നതാണ്. അതുപോലെ തന്നെ മേക്കപ്പ് മാറ്റാൻ വിപണിയിൽ കിട്ടുന്ന കെമിക്കൽ ഉൽപ്പന്നങ്ങൾക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കുറച്ച് വെളിച്ചെണ്ണ മുഖത്ത് പുരട്ടി പഞ്ഞി ഉപയോഗിച്ച് തുടച്ചെടുത്താൽ വാട്ടർപ്രൂഫ് മേക്കപ്പ് പോലും എളുപ്പത്തിൽ നീക്കം ചെയ്യാം.