ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്നത് ‘ഈ സമയത്ത്’! എന്തുകൊണ്ട്? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
Driving Tips: വാഹനാപകടങ്ങൾ അനുദിനം വർധിച്ചുവരുന്ന കാലഘട്ടമാണിത്. വാഹനാപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ ഏവരെയും ഞെട്ടിക്കുന്നതാണ്. അപകടത്തിന്റെ എണ്ണം മാത്രമല്ല അത് സംഭവിക്കുന്ന സമയവും നമ്മളിൽ തിരിച്ചറിവ് ഉണ്ടാക്കേണ്ടതാണ്. സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ കണക്കും അതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒന്ന് പരിശോധിക്കാം.

റോഡ് അപകടങ്ങളുടെ എണ്ണം ഓരോ ദിവസം വർദ്ധിച്ചു വരികയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന പോലീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ വരെ ഏകദേശം 19,000 റോഡപകടങ്ങളാണ് കേരളത്തിൽ മാത്രം ഉണ്ടായത്. അതിൽ ആയിരത്തിനു മുകളിൽ ആളുകൾ മരിക്കുകയും ഇരുപതിനായിരത്തിന് മുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. (Image Credit Source: Getty Images)

ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാൽ, വൈകുന്നേരങ്ങളിലും രാത്രിയിലും ആണ് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചിരിക്കുന്നത്. രാത്രിയിൽ സ്വാഭാവികമായും അപകടങ്ങൾ സംഭവിക്കുന്നതിന് കാരണം ഉറങ്ങിപ്പോകുന്നതാണ്. എന്നാൽ വൈകുന്നേരങ്ങളിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത് വാഹനം ഓടിക്കുന്നവരുടെ ധൃതി തന്നെയാണ്. പകൽ വെളിച്ചത്തിൽ നിന്ന് രാത്രിയിലേക്ക് കടക്കുന്ന വൈകുന്നേരം സമയങ്ങളിൽ വാഹനം ഓടിക്കുന്നവരുടെ കാഴ്ചയിൽ നേരിടുന്ന പ്രശ്നങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നു.

രാത്രിയിലെ അപകടങ്ങളിലേക്ക് വന്നാൽ പ്രധാനമായും 12 മണി മുതൽ ആറുമണിവരെയുള്ള സമയത്താണ് കൂടുതലും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉറക്കം തന്നെയാണ് പ്രധാന വില്ലനായി വരുന്നത്. എത്രയൊക്കെ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും ഉറക്കത്തെ അവഗണിച്ച് വാഹനം ഓടിക്കുന്നതാണ് അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. എതിരെ വരുന്ന വാഹനങ്ങളുടെ ഹൈബിം ലൈറ്റുകൾ കാഴ്ച മറക്കുയ്ന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.

രാത്രിയാത്രയ്ക്ക് പോകുന്നതിന് മുൻപ് ഡ്രൈവിംഗ് ശീലങ്ങളിൽ മാത്രമല്ല, വാഹനത്തിന്റെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വശങ്ങളിലും കൃത്യമായ പരിശോധന വേണം. രാത്രി യാത്രയിൽ സാങ്കേതികമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിൽ കാഴ്ച പരിമിതമായതിനാൽ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ വരാം. അതിനാൽ ബ്രേക്ക് പാഡുകളുടെ തേയ്മാനവും ബ്രേക്ക് ഫ്ലൂയിഡിന്റെ അളവും കൃത്യമാണെന്ന് യാത്രയ്ക്ക് മുൻപ് ഉറപ്പാക്കുക.

എതിരെ വരുന്ന വാഹനങ്ങളിൽ നിന്ന് വെളിച്ചം അടിച്ച് കാഴ്ച മറയുന്നത് പോലെ തന്നെ ഇപ്പോഴത്തെ ആധുനിക വാഹനങ്ങളിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളിൽ നിന്നുള്ള വെളിച്ചവും ആംബിയൻസ് ലൈറ്റുകളിൽ നിന്നുള്ള വെളിച്ചവും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാം. അതിനാൽ ഇൻഫോർട്ടൈൻമെന്റ് സിസ്റ്റത്തിലെയും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളിലെയും ലൈറ്റിന്റെ തീവ്രത രാത്രിയിൽ കുറച്ച് വയ്ക്കുക. ആംബിയൻസ് ലൈറ്റുകൾ അത്യാവശ്യം എങ്കിൽ മാത്രം ഉപയോഗിക്കുക.