Mamitha Baiju: ഓസ്ട്രേലിയയിലും താരം മമിത തന്നെ; ജാഡകളില്ലാത്ത, സുന്ദരിയായ സൂപ്പർസ്റ്റാർ എന്ന് ഓസ്‌ട്രേലിയൻ പാർലമെൻ്റ് അംഗം
Australian MP Brad Battin Shares Selfie with Mamitha Baiju; Appreciates Her Humble Nature: മലയാളികളുടെ പ്രിയങ്കരിയായ മമിത ബൈജുവിൻ്റെ ഓസ്‌ട്രേലിയയിലെ പരിപാടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ക്ലൈഡ് മലയാളി അസോസിയേഷൻ ഓസ്‌ട്രേലിയയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് മുഖ്യാതിഥിയി താരം എത്തിയത്. പരിപാടിയിൽ പങ്കെടുത്ത മമിതയുടെ ലാളിത്യത്തെയും പെരുമാറ്റത്തെയും പ്രശംസിച്ച് ഓസ്‌ട്രേലിയൻ പാർലമെൻ്റ് അംഗം ബ്രാഡ് ബാറ്റിൻ രംഗത്തെത്തിയിരുന്നു.

ഓസ്‌ട്രേലിയൻ എം.പി ബ്രാഡ് ബാറ്റിൻ മമിതയ്‌ക്കൊപ്പമുള്ള ഒരു സെൽഫി തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. യാതൊരു ജാഡകളുമില്ലാത്ത, സുന്ദരിയായ ഒരു സൂപ്പർസ്റ്റാർ എന്നാണ് അദ്ദേഹം താരത്തെ വിശേഷിപ്പിച്ചത്. മമിതയ്‌ക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ എല്ലാവർക്കുമായി അദ്ദേഹം ഓണാശംസകളും നേർന്നിട്ടുണ്ട്. (Image Credit source: Social Media)

സെപ്റ്റംബർ മാസത്തിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ഈ ഓണാഘോഷ പരിപാടി അപ്രതീക്ഷിത കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. പരിപാടിയുടെ സമയത്ത് മമിതയ്ക്ക് കടുത്ത പനി ബാധിക്കുകയും, തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതിനാലാണ് ആഘോഷങ്ങൾ ഒക്ടോബറിലേക്ക് മാറ്റിയത്. താരത്തിൻ്റെ ആരോഗ്യനില മോശമായത് അന്ന് സംഘാടകരെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിയിരുന്നു. എങ്കിലും പരിപാടി ഗംഭീരമായി തന്നെ പിന്നീട് നടത്താൻ അവർ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത ശേഷം ഓസ്‌ട്രേലിയയിൽ എത്തി പരിപാടിയിൽ പങ്കെടുക്കുമെന്ന് മമിത നേരത്തെ തന്നെ എല്ലാവർക്കും ഉറപ്പ് നൽകിയിരുന്നു. രോഗം ഭേദമായതിന് പിന്നാലെ പ്രവാസികൾക്ക് നൽകിയ വാക്ക് പാലിക്കാനായി നടി ഓസ്‌ട്രേലിയയിലേക്ക് പറന്നെത്തുകയും ചെയ്തു. താരത്തിന് മികച്ച സ്വീകരണമാണ് സംഘാടകർ അവിടെ ഒരുക്കിയത്.

മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് മമിത ബൈജു. നിവിൻ പോളി നായകനായെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രമാണ് താരത്തിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയ ഈ സിനിമയുടെ കളക്ഷൻ 330 കോടി കടന്നിരുന്നു. മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡ് ഇപ്പോൾ ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ മമിതയുടെ കൂടി പേരിലാണ്.

'ഹലോ ഡിയർ' എന്ന മലയാള ചിത്രം താരത്തിൻ്റേതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങുന്നുണ്ട്..മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ താരമായി മമിത മാറിക്കഴിഞ്ഞു. വിജയുടെ അവസാന ചിത്രമായ 'ജന നായകനിലും, സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസും മികച്ച കഥാപാത്രമായി മമിത എത്തിയിരുന്നു. ഈ സിനിമളും ബോക്സ് ഓഫീസിൽ വലിയ നേട്ടം കൈവരിച്ചു. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിലൂടെ മമിത തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഋഷഭ് ഷെട്ടിയാണ് ഈ സിനിമയിലെ നായകൻ. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.