Kitchen Tips: ശർക്കര പെട്ടെന്ന് കേടാകാറുണ്ടോ? പൂപ്പൽ പിടിക്കാതെ മാസങ്ങളോളം സൂക്ഷിക്കാൻ വഴിയിതാ…
Ways to Store Jaggery Without Fungus: പഞ്ചസാരയ്ക്ക് പകരമായി നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശർക്കര. ഇവയിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ, ശർക്കര വാങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും അതിൽ പൂപ്പൽ പിടിക്കുന്നത് വീട്ടമ്മമാർ നേരിടുന്ന പ്രശ്നമാണ്.

ശർക്കര വാങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും അതിൽ പൂപ്പൽ പിടിക്കുകയോ, വേനൽക്കാലത്ത് ഉരുകി ഒലിക്കുകയോ ചെയ്യുന്നത് വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. ശർക്കരയുടെ നിറവും രുചിയും ഗുണവും നഷ്ടപ്പെടാതെ മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനുള്ള വഴികൾ അറിഞ്ഞാലോ... (Image Credit source: Getty Images)

ശർക്കര കേടുകൂടാതെ സൂക്ഷിക്കാൻ സിപ്പ്-ലോക്ക് ബാഗുകൾ ഏറെ സഹായിക്കും. ശർക്കര ബാഗിനുള്ളിൽ വച്ച ശേഷം ഉള്ളിലുള്ള വായു പൂർണ്ണമായും പുറത്തുകളഞ്ഞ് നന്നായി സീൽ ചെയ്യണം. ഉള്ളിൽ വായു കടന്നാൽ ശർക്കരയുടെ നിറവും രുചിയും മാറാൻ സാധ്യതയുണ്ട്. സിപ്പ്-ലോക്ക് ബാഗ് ലഭ്യമല്ലെങ്കിൽ ശർക്കര ആദ്യം ഒരു പേപ്പറിൽ പൊതിഞ്ഞ്, അതിനു മുകളിൽ പ്ലാസ്റ്റിക് കവർ ചുറ്റി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.

ശർക്കര ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുന്നത് കേടാകാതിരിക്കാൻ നല്ലതാണ്. എന്നാൽ, ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിലാക്കി ശർക്കര ഫ്രിഡ്ജിൽ വയ്ക്കരുത്. പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നത് ശർക്കരയുടെ നിറവും സ്വാദും നഷ്ടപ്പെടുത്തും. പകരം, നനവില്ലാത്ത സ്റ്റീൽ പാത്രത്തിലാക്കി വായു കടക്കാത്ത വിധം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 6 മാസത്തിലധികം ഇരിക്കും.

ഉണങ്ങിയ ഇലകൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങളിലോ ഉണങ്ങിയ ഇലകൾക്കിടയിലോ ശർക്കര പൊതിഞ്ഞു വയ്ക്കാം. പാത്രത്തിന്റെ അടിയിൽ ഉണങ്ങിയ ഇല വിരിച്ച് അതിനു മുകളിൽ ശർക്കര വച്ച ശേഷം വീണ്ടും ഉണങ്ങിയ ഇലകൾ കൊണ്ട് മൂടി സൂക്ഷിക്കുക. ഈർപ്പം വലിച്ചെടുക്കാൻ ഇലകൾ സഹായിക്കുന്നതിനാൽ കേടുകൂടാതെ ഇരിക്കും.

ശർക്കര ചെറിയ കഷ്ണങ്ങളാക്കി പൊടിച്ച് വായു കടക്കാത്ത കുപ്പികളിലോ സ്റ്റീൽ പാത്രങ്ങളിലോ ആക്കി സൂക്ഷിക്കാവുന്നതാണ്. അതുപോലെ, ശർക്കര എടുക്കാൻ എപ്പോഴും നനവില്ലാത്ത സ്പൂണോ കൈകളോ മാത്രം ഉപയോഗിക്കുക.