Kitchen Tips: കൂൺ വാങ്ങാറുണ്ടോ? ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചോളൂ…
Mushrooms Storage Tips: കൂൺ, ഏറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണപദാർത്ഥമാണ്. എന്നാൽ ഇവ എങ്ങനെ കൃത്യമായി സൂക്ഷിക്കണമെന്ന് അറിയാമോ? ശരിയായ രീതിയിൽ സൂക്ഷിച്ചാൽ കൂണുകൾ പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസം കേടുകൂടാതെയും, സ്വാഭാവിക രുചിയും മണവും നഷ്ടപ്പെടാതെയും ഇരിക്കും. അടുക്കളയിലെ അനാവശ്യ ചെലവുകളും ഭക്ഷണം പാഴാകുന്നതും ഒഴിവാക്കാൻ, ദിവസങ്ങളോളം കൂൺ ഫ്രഷായിയിരിക്കാൻ സഹായിക്കുന്ന ടിപ്സുകളിതാ...

കൂണുകൾ എപ്പോഴും തണുപ്പുള്ളതും വായുസഞ്ചാരമുള്ളതുമായ അന്തരീക്ഷത്തിലാണ് സൂക്ഷിക്കേണ്ടത്. കൂണുകൾ ഒരു പേപ്പർ ബാഗിലോ അല്ലെങ്കിൽ അടുക്കളയിലെ ടവലിലോ അയവായി പൊതിഞ്ഞ് ഫ്രിഡ്ജിലെ വെജിറ്റബിൾ ഡ്രോയറിൽ സൂക്ഷിക്കാം. ഈ രീതിയിൽ കൂണിന്റെ ഇനവും ഗുണനിലവാരവും അനുസരിച്ച് 5 മുതൽ 7 ദിവസം വരെ അവ ഫ്രഷ് ആയിരിക്കും. (Image Credit source: Unsplash)

പ്ലാസ്റ്റിക് കവറുകളോ വായു കടക്കാത്ത പാത്രങ്ങളോ ഉപയോഗിക്കുമ്പോൾ ഈർപ്പം ഉള്ളിൽ തങ്ങിനിൽക്കുകയും കൂണുകൾ വിയർത്ത് വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും. പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ സൂക്ഷിക്കേണ്ടി വന്നാൽ അടപ്പ് അല്പം തുറന്നുവെക്കുകയും, ഈർപ്പം വലിച്ചെടുക്കാൻ ഉണങ്ങിയ പേപ്പർ ടവൽ ഉള്ളിൽ വെക്കുകയും ചെയ്യുക.

വെള്ളം തട്ടുന്നത് കൂൺ വേഗത്തിൽ ചീത്തയാകാൻ കാരണമാകും. പാചകം ചെയ്യാൻ എടുക്കുമ്പോൾ മാത്രം വൃത്തിയാക്കുക. സൂക്ഷിക്കുന്നതിന് മുമ്പ് മൃദുവായ തുണിയോ പേപ്പർ ടിഷ്യുവോ ഉപയോഗിച്ച് മുകളിലെ പൊടി പതുക്കെ തുടച്ചുമാറ്റാം. കഴുകേണ്ട സാഹചര്യം വന്നാൽ നന്നായി വെള്ളം കളഞ്ഞ് ഉടൻ തന്നെ പാചകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുക.

ഒരു ആഴ്ചയിൽ കൂടുതൽ കൂൺ സൂക്ഷിക്കണമെങ്കിൽ ഫ്രീസർ ഉപയോഗിക്കാം. കൂൺ ചെറുതായി വഴറ്റിയോ ബ്ലാഞ്ച് ചെയ്തോ തണുപ്പിച്ച ശേഷം, ഫ്രീസറിൽ വെക്കാൻ അനുയോജ്യമായ പാത്രത്തിലോ കവറിലോ അടച്ചു സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്ന കൂണുകൾ രണ്ട് മാസം വരെ കേടുകൂടാതിരിക്കും.

കൂണുകളിൽ നേരിയ ചുളുക്കമോ വരൾച്ചയോ കണ്ടാൽ വേഗം പാചകം ചെയ്ത് ഉപയോഗിക്കുക. ഒലിവ് ഓയിലോ, ബട്ടറോ, വെളുത്തുള്ളിയോ ചേർത്ത് വേഗത്തിൽ വഴറ്റിയെടുക്കുന്നത് രുചിയും ഘടനയും തിരികെ കൊണ്ടുവരാൻ സഹായിക്കും. എന്നാൽ വഴുവഴുപ്പുള്ളതോ പുളിച്ച മണമുള്ളതോ ആയ കൂണുകൾ യാതൊരു കാരണവശാലും ഉപയോഗിക്കരുത്.