വഡോദര വ്യോമ താവളം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതി; ജെയ്ഷെ മുഹമ്മദ് ഭീകരൻ എകെ-47 തോക്കുമായി ഗുജറാത്തിൽ പിടിയിൽ
Gujarat ATS Nabs Pakistan-Linked JeM Operative Mohammad Saharul Islam With AK-47: ഇതാദ്യമായല്ല പ്രതി ഗുജറാത്തിൽ എത്തുന്നതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആക്രമണത്തിന് മുന്നോടിയായി ഇയാൾ അടുത്തിടെ വഡോദര സന്ദർശിച്ച് വ്യോമസേനാ താവളവും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും നിരീക്ഷിച്ചിരുന്നു. വ്യോമസേനാ താവളത്തിൻ്റെ ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു
അഹമ്മദാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഗുജറാത്തിൽ ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതി തകർത്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ്. വഡോദരയിലെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട 22-കാരനായ ജെയ്ഷെ ഭീകരനേ വഡോദരയിൽ നിന്ന് എ.ടി.എസ് അറസ്റ്റ് ചെയ്തു. അസമിലെ കരിംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാമാണ് പിടിയിലായത്. എ.ടി.എസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സുനിൽ ജോഷിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
പ്രതിയിൽ നിന്ന് ഒരു എകെ-47 റൈഫിൾ, 23 കാറ്റ്‌റിഡ്ജുകൾ, ജെയ്ഷെ മുഹമ്മദിൻ്റെ പതാക, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള ഹാൻഡ്‌ലർമാരിൽ നിന്നാണ് ഇയാൾക്ക് ആക്രമണത്തിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. വഡോദരയിലെ വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തിയ ശേഷം പാക്കിസ്ഥാനിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ഡി.ഐ.ജി സുനിൽ ജോഷി വ്യക്തമാക്കി.
സുരക്ഷാ ഏജൻസികളെ വെട്ടിക്കാൻ വളഞ്ഞ വഴി
കഴിഞ്ഞ ഒരു വർഷമായി മുഹമ്മദ് സഹറുൾ ഇസ്ലാം ജെയ്ഷെ മുഹമ്മദ് ഹാൻഡ്‌ലർമാരുമായി സജീവമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികളും ഗുജറാത്ത് എ.ടി.എസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ആക്രമണം നടപ്പാക്കാനായി പ്രതി ഗുജറാത്തിലേക്ക് തിരിക്കുന്നുവെന്ന രഹസ്യ വിവരം നവംബർ 23-ന് ലഭിച്ചതോടെയാണ് ഓപ്പറേഷൻ അന്തിമഘട്ടത്തിലേക്ക് കടന്നത്.
സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി അസമിൽ നിന്ന് ഗുജറാത്തിലേക്കുള്ള നേരിട്ടുള്ള യാത്ര ഒഴിവാക്കിയിരുന്നു. പല ട്രെയിനുകളിലും ബസുകളിലുമായി ചുറ്റിയാണ് ഇയാൾ ഗുജറാത്തിലെത്തിയത്. ഇതാദ്യമായല്ല പ്രതി ഗുജറാത്തിൽ എത്തുന്നതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആക്രമണത്തിന് മുന്നോടിയായി ഇയാൾ അടുത്തിടെ വഡോദര സന്ദർശിച്ച് വ്യോമസേനാ താവളവും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും നിരീക്ഷിച്ചിരുന്നു. വ്യോമസേനാ താവളത്തിൻ്റെ ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
തോക്ക് പാക്കിസ്ഥാനിൽ നിന്ന് കടത്തിയതെന്ന് സംശയം
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എകെ-47 തോക്ക് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഹാൻഡ്‌ലർമാരെ തിരിച്ചറിയാനും, തോക്ക് പ്രതിയുടെ കൈവശം എത്തിയ വഴി കണ്ടെത്താനും സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ നിന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
English Summary
Gujarat ATS foiled a Jaish-e-Mohammed terror plot, arresting 22-year-old Assam native Mohammad Saharul Islam in Vadodara with an AK-47 rifle for planning a lone-wolf attack on the air force station.