വിമാനയാത്രയ്ക്ക് ചിലവേറുന്നു; ഇൻഡിഗോയുടെ നിരക്ക് വർധനവിൻ്റെ പൂർണ്ണ വിവരങ്ങൾ ഇതാ
Attention Passengers: Complete Details of IndiGo's Recent Fee Hikes: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വിവിധ സേവനങ്ങൾക്ക് യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കുകൾ വർധിപ്പിച്ച കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ? കൈക്കുഞ്ഞുങ്ങളുമൊത്തുള്ള യത്ര, പ്രയോരിറ്റി ചെക്ക്-ഇൻ, അധിക ലഗേജ്, യാത്രാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കിലാണ് ഇപ്പോൾ വർധനവ് വരുത്തിയിരിക്കുന്നത്. ഒരോ സേവനത്തിനും വർധിപ്പിച്ച നിരക്ക് എത്രയാണ് എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി പറയുന്നത്.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഈടാക്കിയിരുന്ന യാത്രാ നിരക്ക് കമ്പനി 2000 രൂപയിൽ നിന്നും 3000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. സെപ്റ്റംബർ മാസം ആദ്യം മുതലാണ് ഈ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഉയർന്ന പ്രവർത്തന ചിലവുകൾ കാരണം കമ്പനി കാലാകാലങ്ങളിൽ നടത്തുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന വിശദീകരണം. (Image Credit source: PTI)

കൈക്കുഞ്ഞുങ്ങളുടെ യാത്രാ നിരക്കിൽ വരുത്തിയ ഈ വർധനവ് 10 ലക്ഷത്തോളം യാത്രക്കാരെ നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്. പുതിയ നിരക്ക് വർധനവ് വഴി ഇൻഡിഗോയ്ക്ക്ഏകദേശം 90 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

അനുവദിച്ചതിലും കൂടുതൽ ഭാരം നിങ്ങളുടെ ലഗ്ഗേജിന് ഉണ്ടെങ്കിൽ അധികമുള്ള ഓരോ കിലോഗ്രാമിനും ഇനി മുതൽ 800 രൂപയാണ് ഈടാക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നേരത്തെ ഇത് 700 രൂപയായിയിരുന്നു. പ്രയോരിറ്റി ചെക്ക്-ഇൻ സേവനങ്ങൾക്കുള്ള നിരക്ക് 450 രൂപയിൽ നിന്നും 650 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.

യാത്രാ സർട്ടിഫിക്കറ്റുകളുടെ നിരക്ക് 300 രൂപയായും വർധിപ്പിച്ചു. മുൻപ് 200 രൂപയായിരുന്നു യാത്രാ സർട്ടിഫിക്കറ്റുകൾക്കായി ഈടാക്കിയിരുന്നത്. തനിച്ചു യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള പ്രത്യേക ഫീസ് 5000 രൂപയിൽ നിന്നും 5999 രൂപയായി കമ്പനി ഉയർത്തിയിട്ടുണ്ട് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.

ഇൻഡിഗോ മാത്രമല്ല, വ്യോമയാന മേഖലയിലെ മറ്റ് കമ്പനികളും അധിക സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവ്, വ്യോമപാത അടച്ചിടൽ, രൂപയുടെ മൂല്യത്തകർച്ച എന്നിവ മൂലം പ്രവർത്തന ചിലവുകളിൽ ഉണ്ടായ വർധനയാണ് നിരക്കുകൾ വർധിപ്പിക്കാൻ ഇടയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. യാത്രാ നിരക്കുകളിലും വർധനവ് ഉണ്ടയിട്ടുണ്ട്.