Flex Fuel Bikes : ഫ്ലക്സ് ഫ്യുവൽ ബൈക്കുകളാണോ നോക്കുന്നത്, ഇതാ നാല് ഓപ്ഷനുകൾ…
Top Flex-Fuel Bikes In India : ഇന്ത്യയിൽ ഇപ്പോൾ ഇരുചക്ര വാഹന വിപണിയിൽ അനുദിനം മത്സരം കടുക്കുകയാണ്. കമ്പനികൾ തമ്മിലും, സ്കൂട്ടറുകളും ബൈക്കുകളും തമ്മിലും, പെട്രോൾ വാഹനങ്ങളും ഇവി വാഹനങ്ങൾ തമ്മിലും ഇപ്പോഴിതാ ഫ്ലക്സ് ഫ്യുവൽ മോഡലുകളിൽ വരെ ആ മത്സരം എത്തി നിൽക്കുന്നു.

എഥനോൾ കലർന്ന പെട്രോളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത്. ഇപ്പോൾ 20 ശതമാനമാണ് പെട്രോളിൽ എഥനോളിന്റെ അളവ് എങ്കിൽ ഭാവിയിൽ അത് 90 ശതമാനത്തിന് മുകളിലേക്ക് എത്തിയേക്കാം. അതുകൊണ്ട് തന്നെ വാഹന നിർമ്മാതാക്കാൾ ഫ്ലക്സ് ഫ്യുവൽ സൗഹൃദമായ വാഹനങ്ങൾ അവതരിപ്പിച്ച് വരുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ ലഭ്യമായ, E85 പെട്രോൾ ഉപയോഗിക്കാൻ സജ്ജമായ നാല് ഫ്ലക്സ്-ഫ്യുവൽ ബൈക്കുകളെക്കുറിച്ച് വിശദമായി പരിശോധിക്കാം. ( Image Credit Source Getty Images and Social Media )

ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ് ഫ്യൂവൽ (Hero Splendor+ Flex Fuel) : കഴിഞ്ഞ ജൂണിലാണ് ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 20% (E20) മുതൽ 85% (E85) വരെ എഥനോൾ അടങ്ങിയ ഫ്ലെക്സ് ഫ്യൂവലിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഈ ബൈക്ക്. നിലവിൽ ഡൽഹിയിലും മഹാരാഷ്ട്രയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഹീറോ സ്പ്ലെൻഡർ+ E85 ലഭ്യമാണ്. 82,810 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്-ഷോറൂം വില.

യമഹ FZ ഫ്ലെക്സ് ഫ്യൂവൽ : യമഹയുടെ ആദ്യ ഫ്ലക്സ് ഫ്യുവൽ മോഡൽ വാഹനമാണ് ഇത്. ഇന്ത്യൻ വിപണിയിൽ 1.24 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലയിൽ ഈ ബൈക്ക് ലഭിക്കും. E20 മുതൽ E85 വരെയുള്ള എഥനോൾ-ബ്ലെൻഡഡ് ഇന്ധനങ്ങളിൽ (എഥനോൾ കലർത്തിയ ഇന്ധനങ്ങൾ) പ്രവർത്തിക്കാൻ കഴിയും വിധത്തിലാണ് ഇതിന്റെ എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 149cc എയർ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എൻജിനാണ് വാഹനത്തിൽ. 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എൻജിൻ 11.5 bhp കരുത്തും 12.8 Nm ടോർക്കും നൽകും.

ഹീറോ HF ഡീലക്സ് ഫ്ലെക്സ് ഫ്യൂവൽ : 2026 ജൂണിൽ സ്പ്ലെൻഡർ+ (Splendor+) മോഡലിനൊപ്പം ഹീറോ പുറത്തിറക്കിയ മറ്റൊരു മോഡലാണ് HF ഡീലക്സ് ഫ്ലെക്സ് ഫ്യൂവൽ. ഏകദേശം 75000 രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി) ഇതിന്റെ വില വരുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ബൈക്ക്, 97.2 സിസി സിംഗിൾ സിലിണ്ടർ എൻജിനിലാണ് വരുന്നത്. 8,000 rpm-ൽ 8.5 bhp കരുത്തും 6,000 rpm-ൽ 8.3 Nm ടോർക്കും വാഹനം നൽകും.

സുസുക്കി ജിക്സർ SF 250 ഫ്ലെക്സ് ഫ്യൂവൽ : ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സുസുക്കി എഞ്ചിൻ വകഭേദമാണ് ജിക്സർ SF 250 ഫ്ലെക്സ് ഫ്യൂവൽ. 2.17 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി) ഈ ബൈക്കിന്റെ വില. 85 ശതമാനം വരെ എത്തനോൾ അടങ്ങിയ ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള 250 സിസി എൻജിനാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.