Asian Games 2026: വീണ്ടും വില്ലനായി പരിക്ക്! സ്വർണ്ണപ്രതീക്ഷകൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തി നീരജിന്റെ പിന്മാറ്റം
Neeraj Chopra Ruled Out of 2026 Season and Asian Games: ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. സൂപ്പര്‍ താരം നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കാണ് കാരണം. ലോസാൻ ഡയമണ്ട് ലീഗിന് ശേഷം പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. സൂപ്പര്‍ താരം നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കാണ് കാരണം. ലോസാൻ ഡയമണ്ട് ലീഗിന് ശേഷം പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത് (Image Credit Source: PTI).

കണങ്കാല്‍ ലിഗമെന്റ് പരിക്കിനെ തുടര്‍ന്ന് 2026 സീസണിലെ മറ്റ് മത്സരങ്ങളും താരത്തിന് നഷ്ടമാകും. സെപ്റ്റംബർ 5-ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസില്‍ താരം പങ്കെടുക്കില്ല. സെപ്റ്റംബർ 11 മുതൽ 13 വരെ ബുഡാപെസ്റ്റിൽ നടക്കുന്ന വേൾഡ് അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ ചോപ്രയ്ക്ക് സാധിക്കില്ല. താരം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിത്തുടങ്ങിയ സമയത്താണ് അപ്രതീക്ഷിത പരിക്കുണ്ടായത്.

എക്‌സിലൂടെയാണ് തനിക്ക് പരിക്കേറ്റതായി താരം സ്ഥിരീകരിച്ചത്. കഠിനാധ്വാനത്തിന് ശേഷം, ലോസാനിൽ ഈ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഞാൻ ആഗ്രഹിച്ച ഫോം തിരികെ ലഭിക്കുന്നതായി തോന്നിയിരുന്നുവെന്ന് താരം കുറിച്ചു. പക്ഷേ നിർഭാഗ്യവശാൽ, അതിനു തൊട്ടുപിന്നാലെ പരിശീലനത്തിനിടെ കണങ്കാലിന് ലിഗമെന്റ് തകരാർ സംഭവിച്ചു. ഡോക്ടറുമായും ടീമുമായും നടത്തിയ ചർച്ചകൾക്ക് ശേഷം, ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചുവെന്ന് താരം പറഞ്ഞു.

താളം വീണ്ടെടുക്കാൻ കഴിഞ്ഞു എന്ന് തോന്നിത്തുടങ്ങിയ നിമിഷത്തിൽ തന്നെ ഇത് സംഭവിച്ചത് നിരാശാജനകമാണ്. എല്ലാവരും പറയുന്നത് പോലെ, തിരിച്ചടികളും ഈ യാത്രയുടെ ഭാഗമാണ്. നന്നായി സുഖം പ്രാപിച്ച് അതിശക്തമായി തിരിച്ചുവരിക എന്നതിനാണ് ഇനി മുൻഗണനയെന്ന് താരം പറഞ്ഞു. താരത്തിന് വേഗം തിരിച്ചെത്താനാകട്ടെയെന്ന് ആരാധകര്‍ ആശംസിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ അലട്ടിയിരുന്ന പരിക്ക് കാരണം ഈ സീസണിൽ നീരജിന് മുഴുവൻ സമയവും മത്സരങ്ങളിൽ സജീവമാകാൻ കഴിഞ്ഞിരുന്നില്ല. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ നീരജ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിരുന്നു. ലോസാൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ ദൂരം കണ്ടെത്തി ഈ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏഷ്യൻ ഗെയിംസിന് തൊട്ടുമുമ്പ് പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു.