KTM 200 Duke: ടീസറെത്തി… 2026 കെ.ടി.എം 200 ഡ്യൂക്ക് ഉടൻ വിപണിയിലേക്ക്
പ്രമുഖ പെർഫോമൻസ് ബൈക്ക് ബ്രാൻഡ് ആണ് കെ.ടി.എം. ഇപ്പോഴിതാ കെടിഎം ഇന്ത്യ (KTM India), 200 ഡ്യൂക്ക് (200 Duke) മോഡലിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ മോഡലിനെ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ആദ്യ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന പുതിയ എഡിഷന്റെ ഏകദേശ ഡിസൈൻ രൂപമാണ് ടീസറിൽ നൽകിയിരിക്കുന്നത്. ഈ മോഡലിൽ എന്തൊക്കെ പുതിയ കൂട്ടിച്ചേർക്കലുകളാണ് വരിക എന്നും പ്രാധാന മാറ്റങ്ങൾ എന്തൊക്കെ പ്രതീക്ഷിക്കമെന്നും എന്നും വിശദമായി നോക്കാം. ( Image Credit Source KTM Website)

കഴിഞ്ഞ ദിവസം ഈ പുതിയ മോഡൽ ഡീലർഷിപ്പിൽ എത്തിക്കുന്നതിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അത് പ്രകാരം കാര്യമായ മാറ്റങ്ങളാണ് പുതിയ മോഡലിൽ വന്നിരിക്കുന്നത്. മുമ്പ് ഡ്യൂക്ക് ശ്രേണിയിലെ ഉയർന്ന മോഡലുകളിൽ മാത്രം കണ്ടിരുന്ന ഇലക്ട്രോണിക് ഫീച്ചേഴ്സുകൾ എല്ലാം പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന.

ഏറ്റവും പ്രധാനപ്പെട്ട അപ്ഡേഷനായി കാണുന്നത് ബൈ ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ (bi-directional quickshifter) ആണ്. ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയറുകൾ മുകളിലേക്കോ (upshift) താഴേക്കോ (downshift) മാറ്റാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. നിലവിൽ 250 Duke, 390 Duke മോഡലുകളിൽ ഉള്ള അതേ സംവിധാനമാണ് പുതിയ 200 മോഡലിലും കൊടുത്തിരിക്കുന്നത്.

ഇലക്ട്രോണിക് ത്രോട്ടിൽ സംവിധാനവും പുതിയ മോഡലിൽ ഉണ്ടാകും. ഇതുവരെ 200 Duke ൽ ലഭ്യമല്ലാതിരുന്ന റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സൗകര്യങ്ങൾ 200 ൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. സാധാരണ റോഡ് യാത്രകൾക്കായുള്ള സ്ട്രീറ്റ് മോഡിന് പുറമെ, മഴയത്ത് സുരക്ഷിത യാത്ര ഉറപ്പാക്കുന്ന റെയിൻ മോഡും ഉണ്ടാകുമെന്നാണ് സൂചന.

ഡീലർഷിപ്പിലുള്ള വാഹനത്തിന്റെ ചിത്രങ്ങൾ പ്രകാരം വലതുവശത്തെ സ്വിച്ച് ഗിയറുകളിൽ മാറ്റം വരുത്തിയതായി കാണാൻ കഴിയുന്നുണ്ട്. 390 ഡ്യൂക്കിൽ ഉപയോഗിച്ചിരിക്കുന്നവയ്ക്ക് സമാനമാണ് ഇത്. എന്നാൽ ഇടതുവശത്തെ കൺട്രോളുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. 200 ഡ്യൂക്കിലെ മറ്റ് സാങ്കേതിക ഘടകങ്ങൾ നിലവിലേത് പോലെ തന്നെ തുടരാനാണ് സാധ്യത. 199.5 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും പുതിയ മോഡലിലും തുടരുക.