ഫോൺ പിടിച്ചുവാങ്ങി, പാചകക്കാരനെ ക്രൂരമായി മർദ്ദിച്ചു; പഞ്ചാബ് കിങ്സ് താരത്തിനെതിരെ കേസ്
FIR Against Punjab Kings Cricketer Shashank Singh: പാചകക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പഞ്ചാബ് കിങ്സ് താരം ശശാങ്ക് സിങിനെതിരെ കേസ്. അദ്ദേഹത്തിന്റെ പിതാവും റിട്ടയേർഡ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസുമായ ശൈലേഷ് സിങിനെതിരെയും കേസെടുത്തിട്ടുണ്ട്. ഭോപ്പാലിലെ രതിബാദ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പാചകക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം ശശാങ്ക് സിങിനെതിരെ കേസ്. അദ്ദേഹത്തിന്റെ പിതാവും റിട്ടയേർഡ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസു (ഡിജി) മായ ശൈലേഷ് സിങിനെതിരെയും കേസെടുത്തിട്ടുണ്ട്. ഭോപ്പാലിലെ രതിബാദ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടിൽ ജോലിക്കായി നിർത്തിയിരുന്ന പാചകക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് (Image Credit Source: PTI).

മർദ്ദിക്കുകയും ചീത്തവിളിക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തതായി പാചകക്കാരൻ ആരോപിക്കുന്നു. ശൈലേഷ് സിങ്, ശശാങ്ക് സിങ്, കൂടാതെ ഇവരുടെ ഡ്രൈവർ എന്നിവരാണ് കേസിലെ പ്രതികൾ. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 296(B), 115(2), 3(5) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

രേവ ജില്ലക്കാരനായ വിപേന്ദ്ര സിങ് തോമർ എന്നയാളാണ് പരാതിക്കാരന്‍. ജൂൺ 25-നാണ് നീൽബാദിലുള്ള ബംഗ്ലാവിൽ പാചകക്കാരനായി ജോലിക്ക് ചേർന്നത്. ഭക്ഷണവും താമസസൗകര്യവും കൂടാതെ പ്രതിമാസം 15,000 രൂപ ശമ്പളവും നൽകാമെന്ന് ഇവർ ഉറപ്പുനൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ് അവിടെ ജോലി ചെയ്യാന്‍ സമ്മതിച്ചതും, വീട്ടില്‍ താമസിച്ചതുമെന്ന് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.

തന്റെ ജോലിയിൽ കുറവുകളുണ്ടെന്ന് ഇവർ ആരോപിക്കുകയും തന്റെ മൊബൈൽ ഫോൺ വാങ്ങി വെക്കുകയും ചെയ്തതായി വിപേന്ദ്ര സിങ് തോമർ ആരോപിച്ചു. ജൂൺ 28-ന് രാവിലത്തെ ഭക്ഷണം തയ്യാറാക്കിയ ശേഷം ശൈലേഷ് സിങ്ങിനോട് മൊബൈൽ ഫോൺ തിരികെ ചോദിച്ചു. എന്നാൽ അദ്ദേഹം അത് തരാൻ വിസമ്മതിച്ചു. ഇതിൽ വിഷമിച്ച് താന്‍ തന്റെ മുറിയിലേക്ക് പോയെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

ശൈലേഷ് സിങ്ങും മകൻ ശശാങ്ക് സിങ്ങും ഇവരുടെ ഡ്രൈവറും കൂടി മുറിയിലേക്ക് അതിക്രമിച്ചു കയറുകയും ചീത്തവിളിക്കുകയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. തല്ലിച്ചതച്ചതിന് ശേഷം അവർ വീട്ടിൽ നിന്നും ബലമായി ഇറക്കിവിട്ടു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചിലവിലേക്കെന്ന് അവകാശപ്പെട്ട് ഇവർ തന്റെ മൊബൈൽ ഫോണിൽ നിന്നും 1,000 രൂപ ട്രാൻസ്ഫർ ചെയ്തെടുത്തതായും പാചകക്കാരന്‍ ആരോപിച്ചു. സംഭവത്തിന് ശേഷം ബന്ധുക്കളോടൊപ്പം പരാതി നൽകാനും നിയമനടപടികൾ സ്വീകരിക്കാനുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും തോമര്‍ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിനെ പ്രതിനിധീകരിക്കുന്ന കളിക്കാരനാണ് ശശാങ്ക് സിങ്.