Swasika Vijay: ‘ഞാനൊരു മോശം നടിയാണെന്നോ കാണാൻ മോശമാണെന്നോ പറയാനാകില്ല, അവസരം തന്നാലല്ലേ തെളിയിക്കാനാവൂ’; സ്വാസിക
Swasika's Bold Take on Opportunities in Malayalam Cinema: തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങളിലൂടെ കയ്യടി നേടുമ്പോഴും, എന്തുകൊണ്ടാണ് മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് തുറന്ന മറുപടിയുമായി നടി സ്വാസിക. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ചും, വൻ ഹിറ്റായി മാറിയ 'ബ്ലാസ്റ്റ്' വേണ്ടെന്നുവെച്ചതിൻ്റെ കാരണത്തെക്കുറിച്ചും താരം മനസ്സ് തുറന്നത്.

മലയാളത്തിൽ താൻ നല്ല വേഷങ്ങൾ ചെയ്തിട്ടില്ലെന്ന് പറയാൻ കഴിയില്ലെന്നും, കിട്ടുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും സ്വാസിക പറയുന്നു. താനൊരു മോശം അഭിനേത്രിയാണെന്നോ കാണാൻ മോശമാണെന്നോ പറയാനാകില്ല. ഇത് അഹങ്കാരമല്ല, മറിച്ച് തനിക്കുള്ള ആത്മവിശ്വാസമാണെന്നും താരം വ്യക്തമാക്കി. അവസരങ്ങൾ തന്നാലല്ലേ തനിക്ക് കഴിവ് തെളിയിക്കാൻ കഴിയൂ എന്നും താരം ചോദിക്കുന്നു. (Image Credit Source Social Media)

ഒരുപക്ഷേ മലയാളത്തിലെ അണിയറപ്രവർത്തകർക്ക് തന്നോട് താല്പര്യമില്ലാത്തതുകൊണ്ടാകാം വിളിക്കാത്തതെന്നും സ്വാസിക പറയുന്നു. പലരോടും അവസരങ്ങൾ ചോദിക്കുമ്പോൾ 'സ്വാസികയ്ക്ക് പറ്റുന്ന കഥാപാത്രമില്ല' എന്ന മറുപടിയാണ് ലഭിക്കാറുള്ളത്. “ഏത് കഥാപാത്രമാണ് എനിക്ക് ചെയ്യാൻ പറ്റാത്തതെന്നാണ് ഇവർ ചിന്തിക്കുന്നത്” എന്ന് സ്വാസിക ചോദ്യം ഉന്നയിക്കുന്നുണ്ട്

'വാസന്തി' പോലൊരു സിനിമ ചെയ്തപ്പോൾ എല്ലാവരും അംഗീകരിച്ചു. 'ചതുരം' ചെയ്തപ്പോഴും അംഗീകരിച്ചു. അവിടെത്തന്നെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ് താൻ അവതരിപ്പിച്ചത്. 'സീത' എന്ന സീരിയലിലെ കഥാപാത്രവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ സിനിമക്കാർക്ക് സീരിയലുകളോട് ഒരു പുച്ഛമുള്ളതുകൊണ്ട് അവർ അത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നും താരം തുറന്നടിച്ചു. ആക്ഷൻ ഉൾപ്പെടെയുള്ള വ്യത്യസ്ത വേഷങ്ങൾ തന്നാൽ മാത്രമേ തനിക്ക് അത് തെളിയിക്കാൻ കഴിയൂ എന്നും സ്വാസിക വ്യക്തമാക്കി.

'ബ്ലാസ്റ്റ്' എന്ന ചിത്രത്തിൽ സ്വാസികയുടെ പേര് പലതവണ കേട്ടിരുന്നെങ്കിലും എന്തുകൊണ്ട് ആ സിനിമ ചെയ്തില്ല എന്ന ചോദ്യത്തിനും താരം മറുപടി നൽകി. 'ബ്ലാസ്റ്റിൽ' നിന്ന് വിളി വന്ന അതേ സമയത്താണ് 'കറുപ്പ്', 'മാമൻ', 'എ.ഒ.ടി' നെറ്റ്ഫ്ലിക്സിന് വേണ്ടിയുള്ള ഒരു വെബ് സീരീസ് എന്നിവയൊക്കെ തന്നെ തേടിയെത്തിയത് എന്ന് സ്വാസിക പറയുന്നു

നെറ്റ്ഫ്ലിക്സ് സീരിസിൽ കുറച്ച് പ്രായമുള്ള അമ്മ കഥാപാത്രമാണ് ചെയ്തിട്ടുള്ളത്. തമിഴിൽ ഏറെ ശ്രദ്ധ നേടിയ 'ലബ്ബർ പന്ത്' എന്ന സിനിമയിലും സമാനമായ വേഷമായിരുന്നു. തുടരനെ അത്തരം വേഷം ചെയ്യേണ്ട എന്ന തോന്നൽ വന്നതിനാലാണ് 'ബ്ലാസ്റ്റ്' വേണ്ടെന്നുവെച്ചതെന്ന് സ്വാസിക വെളിപ്പെടുത്തി.' ചതുരം' സിനിമയ്ക്ക് ശേഷം താൻ ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും ബോൾഡ് കഥാപാത്രങ്ങൾ വന്നിരുന്നു എങ്കിലും ഇൻ്റിമേറ്റ് രംഗങ്ങൾ ചെയ്യണം എന്ന ആവശ്യവുമായി ആരും സമീപിച്ചിട്ടില്ല എന്നും താരം പറഞ്ഞു.