Terrarium Garden: ചില്ലുഭരണിയിലൊരു കുഞ്ഞു പൂന്തോട്ടം! ടെറേറിയം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിനകത്ത് പച്ചപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് ടെറേറിയം ഗാർഡനിംഗ്. ഒരു ചില്ലുപാത്രത്തിനുള്ളിൽ ചെടികൾ വിവിധ തട്ടുകളായി വെച്ച് വളർത്തുന്ന കലയാണിത്. കുറഞ്ഞ സ്ഥലത്ത്, വീടിന്റെ മനോഹാരിത കൂട്ടാൻ സഹായിക്കുന്ന ഈ വിദ്യ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇവിടേക്ക് ജനപ്രിയമായി മാറിയത്.

വീടിനകത്ത് പച്ചപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് ടെറേറിയം ഗാർഡനിംഗ്. ഒരു ചില്ലുപാത്രത്തിനുള്ളിൽ ചെടികൾ വിവിധ തട്ടുകളായി വെച്ച് വളർത്തുന്ന കലയാണിത്. കുറഞ്ഞ സ്ഥലത്ത്, വീടിന്റെ മനോഹാരിത കൂട്ടാൻ സഹായിക്കുന്ന ഈ വിദ്യ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇവിടേക്ക് ജനപ്രിയമായി മാറിയത്. അടച്ചുവെച്ചും പാതി തുറന്ന രീതിയിലും ടെറേറിയം ഒരുക്കാവുന്നതാണ്. (Image Credit source: Getty Images)

ചില്ലുഭരണി പൂർണമായി അടച്ചുവെച്ച രീതിയാണെങ്കിൽ ഇതിനുള്ളിൽ ചൂടും ഈർപ്പവും കൂടുതലായിരിക്കും. അതിനാൽ, പരിപാലനം അല്പം ശ്രദ്ധയോടെ വേണം. പാതി തുറന്ന പാത്രത്തിൽ ഒരുക്കുന്ന ടെറേറിയത്തിൽ ചൂടും ഈർപ്പവും അധികം തങ്ങിനിൽക്കില്ല. കള്ളിച്ചെടികൾ, സക്കുലന്റുകൾ എന്നിവ വളർത്താൻ ഏറ്റവും അനുയോജ്യമായത് ഈ രീതിയാണ്.

ടെറേറിയം വെക്കാൻ സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത, എന്നാൽ ആവശ്യത്തിന് വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുക്കണം. വെളിച്ചം കുറവുള്ളയിടത്ത് പച്ചപ്പ് മാത്രമുള്ള ചെടികൾ ഉപയോഗിക്കുന്നതാണ് നല്ലത്. ചിത്രങ്ങളോ പ്രിന്റുകളോ ഇല്ലാത്ത സുതാര്യമായ ചില്ലുഭരണികൾ വേണം ഉപയോഗിക്കാൻ.

ഈർപ്പം ആവശ്യമുള്ള ചെടികൾക്ക് ചകിരിച്ചോറ് കൂടുതൽ ചേർത്ത മിശ്രിതവും, കള്ളിച്ചെടികൾക്ക് വെള്ളം എളുപ്പത്തിൽ വാർന്നുപോകുന്ന മിശ്രിതവും ഉപയോഗിക്കണം. കല്ലുകൾ, നിറമുള്ള മണൽ, ചെറിയ തടിക്കഷണങ്ങൾ എന്നിവ ഉപയോഗിച്ച് ടെറേറിയത്തിന്റെ ഭംഗി വർദ്ധിപ്പിക്കാം.

നടീൽ മിശ്രിതവും മറ്റ് അനുബന്ധ വസ്തുക്കളും നന്നായി ഉണക്കിയ ശേഷം കുമിൾനാശിനിയിൽ കഴുകി ഉപയോഗിക്കുന്നത് പൂപ്പൽ വരുന്നത് തടയും. ഇലകളുടെ അറ്റങ്ങൾ കരിയുന്നത് കണ്ടാൽ ടെറേറിയത്തിനുള്ളിൽ ചൂട് കൂടുന്നു എന്നതിന്റെ ലക്ഷണമാണ്. അത്തരം സമയങ്ങളിൽ പാത്രം തണലുള്ള സ്ഥലത്തേക്ക് മാറ്റണം.