കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍ ‘കയ്‌പേറിയ അനുഭവം’; വെളിപ്പെടുത്തലുമായി വസീം ജാഫര്‍
Virat Kohli Test Retirement: വിരമിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് കോലി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ജാഫര്‍ പറഞ്ഞു. 2025 മെയ് 12-നാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് കയ്പ്പേറിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാകാമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിരമിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് കോലി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ജാഫര്‍ പറഞ്ഞു. 2025 മെയ് 12-നാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല (Image Credit Source: PTI).

ഇതിനിടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ കോലിക്ക് വലിയ അതൃപ്തി ഉണ്ടായിരുന്നിരിക്കാമെന്ന അഭിപ്രായവുമായി ജാഫര്‍ രംഗത്തെത്തിയത്. വിരാടിനോട് പെരുമാറിയ രീതിയിൽ അദ്ദേഹത്തിന് അല്പം അതൃപ്തിയുള്ളതായി തോന്നി. വിരാട് കോലിയെപ്പോലെയുള്ള ഒരു താരം സ്റ്റേഡിയത്തിലേക്ക് ആരാധകരെ ആകർഷിക്കുന്നയാളാണ്. അത്രയധികം ഫോളോവേഴ്സ് അദ്ദേഹത്തിനുണ്ട്. തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നുവെന്ന് വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.

വിരാടിന്റെ വാക്കുകളിൽ നിന്ന് നേരിട്ട് കേൾക്കുന്നത് വരെ നമുക്ക് സത്യം അറിയാനാകില്ല. അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും തന്റെ യൂട്യൂബ് ചാനലില്‍ ജാഫര്‍ പറഞ്ഞു. സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ അജിത് അഗാർക്കറുടെ തീരുമാനത്തെക്കുറിച്ചും ജാഫർ സംസാരിച്ചു. അഗാർക്കറുടെ പ്രവർത്തനകാലയളവിന് 10-ൽ 7 മാർക്കാണ് ജാഫര്‍ നല്‍കിയത്.

"വൈറ്റ് ബോൾ ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ലോകകപ്പുകളും ഏഷ്യ കപ്പും ചാമ്പ്യൻസ് ട്രോഫിയും നമ്മൾ നേടി. അതിനാൽ നമ്മൾ കിരീടങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന് ഞാൻ 10-ൽ 7 മാർക്ക് നൽകും. ചില ആളുകളെ കൈകാര്യം ചെയ്ത രീതി ഇതിലും നന്നായിരിക്കാമായിരുന്നു എന്ന് ഞാൻ കരുതുന്നു"-വസീം ജാഫര്‍ പറഞ്ഞു.

അജിത് അഗാര്‍ക്കറുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്തുന്നതിനിടയിലാണ് ജാഫർ ഈ നിരീക്ഷണം നടത്തിയത്. അഗാർക്കറുടെ കാലയളവിലെ ഇന്ത്യയുടെ വൈറ്റ് ബോൾ നേട്ടങ്ങളെ വസീം ജാഫര്‍ പ്രശംസിച്ചു. എന്നാല്‍ ചില സീനിയർ കളിക്കാരെ കൈകാര്യം ചെയ്ത രീതിയോട് അദ്ദേഹം യോജിച്ചില്ല. ഇതേക്കുറിച്ച് പറയുന്നതിനിടെയാണ് കോലിയുടെ വിരമിക്കലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.