മെസിക്ക് അച്ഛനെ നഷ്ടമായി, ഫുട്ബോളിന് മെസിയെയും; കളിയിൽ നിന്ന് അനിശ്ചിതകാല വിട്ടുനിൽക്കലുമായി മിശിഹ
Lionel Messi is taking an indefinite break: ഫുട്ബോളിൽ നിന്ന് അനിശ്ചിതകാല വിട്ടുനിൽക്കലുമായി അർജന്റീന ഇതിഹാസം ലയണൽ മെസി. ക്ലബ്ബ് ഫുട്‌ബോളിൽ അടുത്തൊന്നും മെസ്സി സജീവമായേക്കില്ല, പിതാവിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായി താരം ഇടവേളയെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ തന്റെ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസി എപ്പോൾ തിരിച്ചെത്തും എന്നതിൽ അവ്യക്തത തുടരും.

Lionel Messi Is Taking An Indefinite Break
റൊസാരിയോ: പിതാവ് ഹോർഹെ മെസിയുടെ വിയോഗത്തിന് പിന്നാലെ ഫുട്ബോളിൽ നിന്ന് അനിശ്ചിതകാല വിട്ടുനിൽക്കലുമായി അർജന്റീന ഇതിഹാസം ലയണൽ മെസി. നിലവിൽ മെസി കളിച്ചുകൊണ്ടിരിക്കുന്ന ഇന്റർ മയാമിയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് എപ്പോഴുണ്ടാകും എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ദുഃഖം മറക്കാൻ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ക്ലബ്ബ് ഫുട്‌ബോളിൽ അടുത്തൊന്നും മെസ്സി സജീവമായേക്കില്ല, പിതാവിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായി താരം ഇടവേളയെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ തന്റെ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസി എപ്പോൾ തിരിച്ചെത്തും എന്നതിൽ അവ്യക്തത തുടരും.
മെസിയുടെ ഫുട്ബോൾ ജീവിതത്തിന് വഴിവെട്ടുകയും നിഴൽ പോലെ എന്നും ഒപ്പമുണ്ടാകുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ് ഹോർഹെ മെസി. അസുഖബാധിതനായിരുന്ന ഹോർഹെ മെസി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇത്തവണത്തെ ലോകകപ്പിൽ തുടക്കത്തിൽ ഗോൾ നേടിയ ശേഷം മെസി മൈതാനത്ത് വച്ച് പൊട്ടിക്കരഞ്ഞിരുന്നു. ഹോർഹെ മെസി ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആയിരുന്ന സമയമായിരുന്നു അത്.
Also Read: നെയ്മർ ഇന്റർ മയാമിയിലേക്കോ? ആടുതോമയും ബിലാൽ ജോൺ കുരിശിങ്കലും രങ്കണ്ണനും ഒന്നിക്കുന്ന ഫീലിൽ ആരാധകർ
അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങളാണ് മെസി അന്ന് മൈതാനത്ത് വിതുമ്പാൻ കാരണമായത് എന്ന് പിന്നീട് പുറത്തുവന്നിരുന്നു. ഹോർഹെ മെസി അസുഖബാധിതനായി ചികിത്സയിലാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ആ ഘട്ടത്തിലാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയത്. ലോകകപ്പ് അവസാനിച്ച് മെസി ഇന്റർ മയാമിയിൽ കളിച്ചുവരവേയാണ് അപ്രതീക്ഷിതമായി പിതാവിന്റെ വിയോഗ വാർത്ത അദ്ദേഹത്തെ തേടി എത്തിയത്.
ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ച മെസി പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ഏതാനും ദിവസങ്ങൾ കൂടി കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കണക്കിലെടുത്താൽ മെസി മയാമിയിലേക്ക് തിരിച്ചെത്തുന്നത് വൈകാൻ സാധ്യതയുണ്ട്. തന്റെ ജീവിതത്തിലെ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് മെസി ഇപ്പോൾ കടന്നുപോകുന്നത്.
ന്യൂവൽസ് ഓൾഡ് ബോയ്‌സിൽ നിന്ന് ബാഴ്സലോണയുടെ യൂത്ത് അക്കാദമിയായ ‘ലാ മാസിയ’യിലേക്ക് മെസിയെ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പിതാവായിരുന്നു. മാത്രമല്ല, വളർച്ചാ ഹോർമോൺ കുറവുണ്ടായിരുന്ന മെസ്സിയുടെ ചികിത്സാച്ചെലവുകൾ ബാഴ്സലോണ ഏറ്റെടുക്കുന്നതിലും ഹോർഹെ മെസിയുടെ ഇടപെടലുകൾ നിർണായകമായിരുന്നു. മെസിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിലാക്കി ഹോർഹെ സ്‌പെയ്‌നിൽ മെസിക്കൊപ്പം നിഴൽപോലെ കൂടെ നിന്നു.
വിരമിക്കൽ അഭ്യൂഹങ്ങൾ
പിതാവിന്റെ വിയോഗത്തിന് പിന്നാലെ മെസി വിരമിക്കുമോ എന്ന നിലയ്ക്കുള്ള ആശങ്കകളും അഭ്യൂഹങ്ങളും ഈ ഘട്ടത്തിൽ പ്രചരിക്കുന്നുണ്ട്. മെസി പൂർണമായി ഫുട്ബോൾ ഉപേക്ഷിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിക്കളത്തിന് പുറത്ത് മെസിയുടെ എല്ലാമെല്ലാമായിരുന്ന ഹോർഹെയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത മറികടക്കാനും എത്രയും വേളം മൈതാനത്തേക്ക് തിരിച്ചുവരാനും മെസിക്ക് കഴിയട്ടെ എന്ന പ്രാർഥനയിലാണ് സഹതാരങ്ങളും ആരാധകരും.
മാനസികമായി കളിയിലേക്ക് തിരിച്ചെത്താൻ തയാറാണെന്ന് മെസിക്ക് തോന്നുമ്പോൾ മാത്രമേ അദ്ദേഹം വീണ്ടും ഇന്റർ മയാമിക്കൊപ്പം ചേരൂ എന്നാണ് ഫ്രഞ്ച് മാധ്യമമായ ‘ഫൂട്ട് മെർക്കാറ്റോ’യെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ മുൻഗണന നൽകുന്ന മെസി തന്റെ അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്.
English Summary
Messi may not be active in club football for a while, with reports indicating that the player is taking a break to spend time with his family following the death of his father. Reports quoting French media outlet ‘Foot Mercato’ suggest that Messi will only rejoin Inter Miami when he feels mentally ready to return to the game.