AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

നെയ്മർ ഇന്റർ മയാമി​യിലേക്കോ? ആടുതോമയും ബിലാൽ ജോൺ കുരിശിങ്കലും രങ്കണ്ണനും ഒന്നിക്കുന്ന ഫീലിൽ ആരാധകർ

Neymar to Inter Miami?: നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ കളിക്കുന്ന നെയ്മർ അ‌ടുത്ത വർഷം മെസിയുടെ നിലവിലെ ക്ലബ് ആയ ഇന്റർ മയാമിയിലേക്ക് എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. സാന്റോസ് വിടുകയാണെങ്കിൽ നെയ്മറുടെ അടുത്ത പ്രധാന ലക്ഷ്യം ഇന്റർ മയാമിയായിരിക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ 'മാർക്ക' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെയ്മർ ഇന്റർ മയാമിയിലേക്ക് എത്തിയാൽ വീണ്ടും MSN ത്രയം ഒന്നിക്കുന്നത് കാണാനാകും എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.

നെയ്മർ ഇന്റർ മയാമി​യിലേക്കോ? ആടുതോമയും ബിലാൽ ജോൺ കുരിശിങ്കലും രങ്കണ്ണനും ഒന്നിക്കുന്ന ഫീലിൽ ആരാധകർ
Fans Are Curious To See If Messi, Suarez And Neymar Will ReuniteImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 11 Aug 2026 | 06:30 PM

മലയാള സിനിമാപ്രേക്ഷകരുടെ മനം കവർന്ന കഥാപാത്രങ്ങളാണ് സ്ഫടികത്തിലെ ആടുതോമയും ബിഗ് ബിയിലെ ബിലാൽ ജോൻ കുരിശിങ്കലും ആവേശത്തിലെ രങ്കണ്ണനും. ഇവർ സ്ക്രീനിലെത്തിയ ഓരോ സീനും പ്രേക്ഷകർക്ക് അ‌വിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചവയാണ്. ഈ മൂന്ന് കഥാപാത്രങ്ങളും കൂടി ഒന്നിച്ച് സ്ക്രീനിൽ എത്തിയാൽ അ‌ത് ഒരു ഒന്നൊന്നര കൂട്ടുകെട്ട് ആയിരിക്കുമല്ലേ. സിനിമയിൽ കണ്ടിട്ടുള്ള ഇത്തരം ശക്തരുടെ കൂടിച്ചേരൽ നിങ്ങൾ യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ടോ, ഇല്ലെങ്കിൽ പത്ത് വർഷം മുമ്പുള്ള ബാഴ്സലോണയുടെ മത്സരം തേടിപ്പിടിച്ച് ഒന്ന് കണ്ടാൽ മതി. എതിരാളികളുടെ പ്രതിരോധ നിരകളെ വെറും കാഴ്ചക്കാരാക്കി നിർത്തി, പച്ചപ്പുൽമൈതാനങ്ങളിൽ ആടിത്തിമിർത്ത ഒരു മൂവർ സംഘത്തെ കാണാൻ കഴിയും, ആരാധകർ അ‌വരെ MSN എന്ന് വിളിച്ചു.

ലോക ഫുട്ബോൾ കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ ആയിരുന്നു MSN അ‌ഥവാ മെസി, സുവാരസ്, നെയ്മർ ത്രയം. മൂന്ന് സീസണുകൾ മാത്രം ഒന്നിച്ചു കളിച്ച ഈ ത്രയം ഉണ്ടാക്കിയ ഇംപാക്ട് ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു സഖ്യത്തിനും അവകാശപ്പെടാനില്ല. അ‌ന്നത്തെ ഇവരുടെ കളി കണ്ടിട്ടുള്ള ബാഴ്സ ആരാധകർക്ക് – ഫുട്ബോൾ പ്രേമികൾക്ക്- ഇപ്പോഴും അ‌ത് ഓർ​ത്താൽ രോമാഞ്ചം വരും.

Also Read: മെഡിക്കൽ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഐപിഎൽ താരം അറസ്റ്റിൽ

ആ സുവർണ കാലഘട്ടം ഇനി ഒരിക്കലും ഫുട്ബോളിൽ ഉണ്ടാകില്ല എന്ന് കരുതിയിരിക്കെ, അ‌പ്രതീക്ഷിതമായി ചില ശുഭവാർത്തകൾ ഫുട്ബോൾ ആരാധകരെ തേടി എത്തിയിരിക്കുന്നു. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ കളിക്കുന്ന നെയ്മർ ജൂനിയർ അ‌ടുത്ത വർഷം മെസിയുടെ നിലവിലെ ക്ലബ് ആയ ഇന്റർ മയാമിയിലേക്ക് എത്താൻ ശ്രമിക്കുന്നു എന്നതാണ് ആ ശുഭവാർത്ത.

നെയ്മറിന്റെ ഇന്റർ മയാമിയിലേക്കുള്ള വരവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല, എങ്കിലും ഇത്തരത്തിൽ ചില നീക്കങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട് എന്ന് ആഗോള സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫുട്ബോൾ ട്രാൻസ്ഫർ വിപണിയുമായി ബന്ധപ്പെട്ടുള്ള ഈ റിപ്പോർട്ട് ആരാധകർക്കിടയിൽ ഇപ്പോൾ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നെയ്മർ ഇന്റർ മയാമിയിലേക്ക് എത്തിയാൽ വീണ്ടും MSN ത്രയം ഒന്നിക്കുന്നത് കാണാനാകും എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

നെയ്മർ ഇന്റർ മയാമിയിലേക്ക് എത്താൻ ആഗ്രഹിക്കുന്നു എന്ന നിലയ്ക്കുള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് സ്പാനിഷ് മാധ്യമമായ ‘മാർക്ക’യാണ്. നിലവിൽ ക്ലബ്ബുമായി ഔദ്യോഗിക കരാറുകളോ ഒപ്പിടലുകളോ നടന്നിട്ടില്ലെങ്കിലും, സാന്റോസ് വിടുകയാണെങ്കിൽ നെയ്മറുടെ അടുത്ത പ്രധാന ലക്ഷ്യം ഇന്റർ മയാമിയായിരിക്കുമെന്നാണ് റിപ്പോർട്ട്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസുമായി നെയ്മർക്കുള്ള കരാർ ഡിസംബർ 31ന് ആണ് അവസാനിക്കുക.

നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകളോട് ചേർന്ന് നിൽക്കുന്ന ചില പ്രതികരണങ്ങളും വന്നത് അ‌ഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നെയ്മറുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, താരം ഇന്റർ മയാമിയിലേക്ക് മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മുൻ ബ്രസീൽ താരം ഫെലിപ്പെ മെലോ വ്യക്തമാക്കിയിരുന്നു. അ‌തേസമയം ഇന്റർ മയാമിയിലേക്ക് പോകുന്നതിൽ നെയ്മർ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒന്നുകിൽ സാന്റോസിൽ തുടരുക, അ‌ല്ലെങ്കിൽ വിദേശ ക്ലബ്ബിലേക്ക് മാറുക, അതുമല്ലെങ്കിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുക തുടങ്ങിയ സാധ്യതകൾ തന്റെ മുന്നിലുണ്ടെന്ന് നെയ്മർ നേരത്തെ പറഞ്ഞിരുന്നു. ഇന്റർ മയാമിയിലേക്ക് പോകും എന്ന വാർത്തകൾ നെയ്മർ നിഷേധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മുൻ ഇതിഹാസ കൂട്ടുകെട്ടായ MSN വീണ്ടും ഒന്നിക്കാനുള്ള സാധ്യതകൾ സജീവമായി നിലനിൽക്കുന്നുണ്ട്.

2017-ൽ റെക്കോർഡ് തുകയ്ക്ക് നെയ്മർ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെയാണ് MSN കൂട്ടുകെട്ട് പിരിഞ്ഞത്. സാന്റോസുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ ഒരു ‘ഫ്രീ ഏജന്റായി’ നെയ്മറിന് മറ്റ് ക്ലബ്ബുകളുമായി ചർച്ച നടത്താം. നിലവിൽ ഇന്റർ മയാമിയും നെയ്മറും തമ്മിൽ ചർച്ചകൾ നടന്നതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. എങ്കിലും ഈ വാർത്ത എത്തിയത് മുതൽ ആരാധകർ വൻ ആവേശത്തിൽ ആണ്. പണ്ട് ഈ മൂവർ സംഘം ​മൈതാനത്ത് കാണിച്ച ആ ഹീറോയിസം തന്നയാണ് അ‌തിന്റെ അ‌ടിത്തറ.

മെസി, സുവാരസ്, നെയ്മർ എന്നീ മൂന്ന് ഇതിഹാസ താരങ്ങൾ വീണ്ടും ഒന്നിക്കുന്നത് ആഗോളതലത്തിൽ വൻ തരംഗം ഉണ്ടാക്കും. ഇതിന്റെ വിപണി സാധ്യതകളും വളരെ വളരെ വലുതാണ്. ലയണൽ മെസിയും ലൂയിസ് സുവാരസും നിലവിൽ ഇന്റർ മയാമിയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്, നെയ്മർ കൂടി എത്തിയാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് ത്രയം അമേരിക്കൻ മണ്ണിൽ പുനർജനിക്കും.

ബാഴ്സയുടെ പ്രധാന എതിരാളികളായ റയൽ മാഡ്രിഡിനെ അ‌വരുടെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ കയറി ‘പണിത’ ചരിത്രം, അസാധ്യമെന്ന് ലോകം വിധിയെഴുതിയ മത്സരത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ ചരിത്രം, ബാഴ്‌സ ചരിത്രപ്രസിദ്ധമായ ‘ട്രെബിൾ’ കിരീടനേട്ടം സ്വന്തമാക്കിയ ചരിത്രം ഇതെല്ലാം ഈ മൂവർ സംഘത്തിന്റെ മാരക ഒത്തുചേരലിന്റെ അ‌നന്തര ഫലങ്ങളായിരുന്നു. എതിരാളികളെ വിറപ്പിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചാൽ അ‌തിനോളം വലിയൊരു സമ്മാനം 2027ൽ ഫുട്ബോൾ പ്രേമികൾക്ക് വേറെ കിട്ടാനില്ല.

English Summary

Neymar, who currently plays for Brazilian club Santos, is reportedly set to join Messi’s current club Inter Miami next year. Spanish media outlet Marca has reported that Neymar’s next major target if he leaves Santos would be Inter Miami. If Neymar does join Inter Miami, it would be exciting to see the MSN trio reunite.

Follow Us