Commonwealth Games 2026: തയ്യല്‍ക്കാരന്റെ മകനില്‍ നിന്ന് ലോക റെക്കോഡിലേക്ക്; കോമണ്‍വെല്‍ത്തില്‍ ലവ്പ്രീതിന് വെള്ളി
Lovepreet Singh Sets Commonwealth Games Record, Misses Gold by Just 1kg: വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ലവ്പ്രീതിന് സ്വര്‍ണം നഷ്ടമായത്. ന്യൂസിലാന്‍ഡിന്റെ ഡേവിഡ് ലിറ്റി അവസാന ശ്രമത്തില്‍ 223 കിലോഗ്രാം ഉയര്‍ത്തി ആകെ 389 കിലോഗ്രാമിലെത്തിയതാണ് ലവ്പ്രീതിന് മുന്നില്‍ വെല്ലുവിളി തീര്‍ത്തത്, ഇതോടെ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനം. ഭാരോദ്വാഹകനായ ലവ്പ്രീത് സിങ് പുത്തന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പുരുഷന്മാരുടെ 110 കിലോഗ്രാമിന് മുകളിലുള്ള ഭാരോദ്വാഹനത്തില്‍ 388 കിലോഗ്രാം ഉയര്‍ത്തിയ ലവ്പ്രീത് വെള്ളി മെഡല്‍ സ്വന്തമാക്കി. സ്‌നാച്ച് ഇനത്തില്‍ പുത്തന്‍ റെക്കോഡാണ് അദ്ദേഹം തീര്‍ത്തിരിക്കുന്നത്. എന്നാല്‍ വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ലവ്പ്രീതിന് സ്വര്‍ണം നഷ്ടമായത്. ന്യൂസിലാന്‍ഡിന്റെ ഡേവിഡ് ലിറ്റി അവസാന ശ്രമത്തില്‍ 223 കിലോഗ്രാം ഉയര്‍ത്തി ആകെ 389 കിലോഗ്രാമിലെത്തിയതാണ് ലവ്പ്രീതിന് മുന്നില്‍ വെല്ലുവിളി തീര്‍ത്തത്, ഇതോടെ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തയ്യല്‍ക്കാരന്റെ മകന്‍ ലോക റെക്കോഡിലേക്ക്
ലവ്പ്രീതിന്റെ ഈ നേട്ടത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെയും കടുത്ത സാമ്പത്തിക വെല്ലുവിളികളുടെയും കഥയുണ്ട്. പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ബാല്‍ സിക്കന്ദര്‍ ഗ്രാമത്തിലാണ് ലവ്പ്രീതിന്റെ ജനനം. തയ്യല്‍ക്കാരനായ കൃപാല്‍ സിങ്ങിന്റെ മകനായ ലവ്പ്രീത് 13 ാം വയസിലാണ് ഭാരോദ്വാഹനത്തിലേക്ക് പ്രവേശിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നായിരുന്നെങ്കിലും ലക്ഷ്യം കൈവിടാതെ അദ്ദേഹം പരിശീലനം തുടര്‍ന്നു.
പിന്നീട് 2015 ല്‍ ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്നതോടെ ലവ്പ്രീതിന്റെ കായികജീവിതത്തിന് ലഭിച്ചത് വലിയ പിന്തുണയാണ്. ദേശീയ ക്യാമ്പിലെ പരിശീലനമാണ് രാജ്യത്തെ മുന്‍നിര ഹെവിവെയ്റ്റ് താരങ്ങളിലൊരാളാക്കി ലവ്പ്രീതിനെ വളര്‍ത്തിയത്. 2017 ലെ കോമണ്‍വെല്‍ത്ത് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ലവ്പ്രീത്, 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡലും ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 2025 ലെ കോമണ്‍വെല്‍ത്ത് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ അദ്ദേഹം, ഗ്ലാസ്‌ഗോ 2026 ല്‍ വെള്ളി നേടി തന്റെ കരുത്ത് വീണ്ടും തെളിയിച്ചു.
ലവ്പ്രീതിന്റെ വെള്ളിമെഡലോടെ ഇന്ത്യയുടെ വെയ്റ്റ്ലിഫ്റ്റിങിലെ മെഡല്‍ നേട്ടം എട്ടായി. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടവും വര്‍ധിച്ചു. സ്വര്‍ണം നഷ്ടമായെങ്കിലും, റെക്കോര്‍ഡ് പ്രകടനത്തിലൂടെ ലവ്പ്രീത് സിങ് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്ക് വെങ്കലം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ കൂടി. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ കലിരാമ്‌ന വെങ്കല മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ സീമ തന്റെ മികച്ച ശ്രമത്തില്‍ 58.65 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരം അവസാനം വരെ മെഡല്‍ പോരാട്ടത്തില്‍ ഉറച്ചുനിന്നു.
അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം നിധി റാണി മെഡല്‍ നേടുന്നതിന് തൊട്ടരികെ എത്തിയെങ്കിലും നാലാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. മികച്ച പ്രകടനം നടത്തിയെങ്കിലും വെങ്കല മെഡല്‍ നേടാന്‍ ആവശ്യമായ ദൂരം മറികടക്കാന്‍ നിധിക്ക് കഴിഞ്ഞില്ല.
ഈ മെഡലോടെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അത്ലറ്റിക്‌സ് വിഭാഗത്തിലെ നേട്ടം കൂടുതല്‍ ശക്തമായി. ഭാരോദ്വാഹനം, ഗുസ്തി, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങള്‍ക്ക് പിന്നാലെ അത്ലറ്റിക്‌സിലും ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേട്ടം തുടരുകയാണ്.
സീമ കലിരാമ്‌നയുടെ വെങ്കല മെഡല്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയിലെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതോടൊപ്പം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ അത്ലറ്റുകളുടെ മികച്ച പ്രകടനത്തിനും കരുത്തേകുന്നതാണ്.
English Summary
Lovepreet Singh delivered a record-breaking performance to win the silver medal in weightlifting at the Commonwealth Games 2026. The inspiring athlete, who is the son of a tailor, etched his name into the record books with a remarkable lift and added another medal to India’s tally in Glasgow.