Duleep Trophy: തിലക് ക്യാപ്റ്റന്‍; എംഡി നിധീഷും ടീമില്‍; ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമും സജ്ജം
South Zone Duleep Trophy 2026 Squad Announced: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മ്മയാണ് ക്യാപ്റ്റന്‍. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഉപനായകനാണ് തിലക്. കേരള താരം എംഡി നിധീഷ് ടീമിലുണ്ട്. കരുണ്‍ നായരും സ്‌ക്വാഡിലുണ്ട്.
ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മ്മയാണ് ക്യാപ്റ്റന്‍. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഉപനായകനാണ് തിലക്. കേരള താരം എംഡി നിധീഷ് ടീമിലുണ്ട്. കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം കരുണ്‍ നായരും സ്‌ക്വാഡിലുണ്ട്. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 10 വരെ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് മത്സരം നടക്കുന്നത്. ആന്ധ്ര താരം റിക്കി ഭുയിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. എംഎൻ വിക്രം വർമ്മയെ ടീമിന്റെ ഹെഡ് കോച്ചായി നിയമിച്ചു.
കഴിഞ്ഞ രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആര്‍ സ്മരണ്‍, ശ്രീലങ്ക എയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ട ഇന്ത്യ എ താരം ഷെയ്ക്ക് റഷീദ് തുടങ്ങിയവരും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാടിന്റെ എൻ. ജഗദീശനാണ് വിക്കറ്റ് കീപ്പര്‍. തനയ് ത്യാഗരാജൻ, ശ്രേയസ് ഗോപാൽ എന്നിവരാണ് സ്‌ക്വാഡിലെ പ്രധാന സ്പിന്നര്‍മാര്‍. നിധീഷിന് പുറമേ കെ. സായ് തേജ, ത്രിപുരാണ വിജയ്, വിദ്വത് കാവേരപ്പ എന്നിവര്‍ പേസാക്രമണത്തിന് നേതൃത്വം നല്‍കും.
കഴിഞ്ഞ സീസണില്‍ റണ്ണേഴ്‌സ് അപ്പായ സൗത്ത് സോണിന് ഇത്തവണ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഫൈനലില്‍ സെന്‍ട്രല്‍ സോണിനോടാണ് സൗത്ത് സോണ്‍ പരാജയപ്പെട്ടത്. ഓഗസ്റ്റ് 30-ന് ബിസിസിഐ സിഒഇ ഗ്രൗണ്ട് 2-ല്‍ നടക്കുന്ന മത്സരത്തില്‍ ക്വാർട്ടർ ഫൈനൽ 2-ലെ വിജയികളെ സൗത്ത് സോണ്‍ നേരിടും.
Also Read: ദുലീപ് ട്രോഫിക്കുള്ള സെന്‍ട്രല്‍ സോണ്‍ സ്‌ക്വാഡും റെഡി; രജത് പാട്ടീദാര്‍ നയിക്കും; റിങ്കു ഉപനായകന്‍
നേരിട്ട് സെമി ഫൈനലില്‍
കഴിഞ്ഞ തവണ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് സൗത്ത് സോണ്‍ ടീമിനെ നയിച്ചത്. ഇത്തവണ സ്‌ക്വാഡില്‍ ഇടം നേടാന്‍ അസ്ഹറുദ്ദീന് സാധിച്ചില്ല. സല്‍മാന്‍ നിസാര്‍, എന്‍ ബേസില്‍ തുടങ്ങിയവരും കഴിഞ്ഞ തവണ സൗത്ത് സോണ്‍ സ്‌ക്വാഡിലുണ്ടായിരുന്നു. എന്നാല്‍ മലയാളി താരങ്ങളില്‍ നിധീഷിന് മാത്രമാണ് ഇത്തവണ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചത്.
ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) സെക്രട്ടറി സനാ സതീഷ് ബാബു വിളിച്ചുചേര്‍ത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്. മുൻ ആന്ധ്ര രഞ്ജി ട്രോഫി താരം ആർവി ചന്ദ്രമൗലി പ്രസാദ് അധ്യക്ഷനായ യോഗത്തില്‍ കേരളം, തമിഴ്‌നാട്, കർണാടക, ഹൈദരാബാദ്, ഗോവ, പോണ്ടിച്ചേരി തുടങ്ങി ഏഴ് ദക്ഷിണേന്ത്യൻ സംസ്ഥാന യൂണിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.
സൗത്ത് സോൺ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിക്കി ഭുയി (വൈസ് ക്യാപ്റ്റൻ), അഭിനവ് തേജ്‌റാണ, ഷെയ്ക് റഷീദ്, കെഎം ഹിമതേജ, ആർ. സ്മരൺ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), കരുൺ നായർ, തനയ് ത്യാഗരാജൻ, ശ്രേയസ് ഗോപാൽ, കെ. സായ് തേജ, ടി. വിജയ്, വിദ്വത് കാവേരപ്പ, എച്ച്. അമൻ ഖാൻ, എംഡി നിധീഷ്.
English Summary
Tilak Varma will captain South Zone in the upcoming Duleep Trophy in Bengaluru. Andhra batter Ricky Bhui was named vice-captain, with MN Vikram Varma as head coach. The 15-member squad includes veteran Karun Nair and Kerala pacer M. D. Nideesh. South Zone received a direct semifinal entry and plays their first match on August 30.