Joe Burns: അന്ന് ധോണി അരങ്ങൊഴിഞ്ഞപ്പോള്‍ ഉദിച്ചുയര്‍ന്ന ഓസീസ് താരം, ഇന്ന് ഇറ്റലിയുടെ ‘ഹീറോ’
Joe Burns Cricket Journey: ടി20 ലോകകപ്പിലേക്ക് ഇറ്റലി യോഗ്യത നേടിയത് മഹാത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നത്. യോഗ്യതാ ടൂര്‍ണമെന്റ് ഇറ്റലി വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് കരുതിയവര്‍ നന്നേ കുറവായിരിക്കും

ജോ ബേണ്‍സ് ഓസീസ് ജഴ്‌സിയില്‍, ഇറ്റലി ടീം
2014ലെ മെല്‍ബണ്‍ ടെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല. ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയുടെ അവസാന ടെസ്റ്റ് മത്സരമായിരുന്നു അത്. കെഎല്‍ രാഹുലിന്റെ അരങ്ങേറ്റവും അതേ മത്സരത്തിലായിരുന്നു. അന്ന് ഓസ്‌ട്രേലിയന്‍ ടീമിലും ഒരു താരം അരങ്ങേറിയിരുന്നു. പേര് ജോ ബേണ്‍സ്. എന്നാല്‍ ഓസീസ് ടീമില്‍ ജോ ബേണ്‍സിന് ശോഭനമായ ഭാവിയുണ്ടായിരുന്നില്ല. വമ്പന്‍മാര്‍ അരങ്ങുവാണ ഓസീസ് ടീമില്‍ ആ താരം അത്ര മാത്രം ശ്രദ്ധിക്കപ്പെട്ടതുമില്ല. 2015ല്‍ 50 ഓവര്‍ ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തിന്റെ ഏകദിന കരിയര്‍ അതേ വര്‍ഷം തന്നെ അവസാനിച്ചു. 2020ല്‍ ടെസ്റ്റ് കരിയറും.
ഓസീസ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജോ ബേണ്‍സിന് മുന്നില്‍ ‘പ്ലാന്‍ ബി’ ഉണ്ടായിരുന്നു. ക്രിക്കറ്റ് അധ്യായങ്ങളില്‍ അടയാളപ്പെടുത്തലുകളില്ലാത്ത ഇറ്റലി ടീമിലേക്ക് താരം പതുക്കെ ചേക്കേറി. 2024ലായിരുന്നു ബേണ്‍സ് ഇറ്റലിയിലേക്ക് ചുവടുമാറ്റിയത്.
പൂര്‍വികരുടെ ഇറ്റാലിയന്‍ പാരമ്പര്യവും അതിന് കാരണമായി. അധികം വൈകാതെ തന്നെ ഇറ്റലിയുടെ നായകസ്ഥാനത്തേക്കും ഈ മുന്‍ ഓസീസ് താരം നിയോഗിക്കപ്പെട്ടു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം ഇറ്റാലിയന്‍ ക്രിക്കറ്റിന് മഹാത്ഭുതങ്ങള്‍ സൃഷ്ടിച്ച വീരനായകനായി മാറിയിരിക്കുകയാണ് ബേണ്‍സ്.
ഞെട്ടിച്ച് ഇറ്റലി
അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് ഇറ്റലി യോഗ്യത നേടിയത് മഹാത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നത്. യോഗ്യതാ ടൂര്‍ണമെന്റ് ഇറ്റലി വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് കരുതിയവര്‍ നന്നേ കുറവായിരിക്കും. ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഗ്വേണ്‍സിയെയാണ് ഇറ്റലി തകര്‍ത്തത്. തുടര്‍ന്ന് ജഴ്‌സിക്കെതിരെ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചു. പിന്നീട് സ്‌കോട്ട്‌ലന്‍ഡിനെ അട്ടിമറിച്ച് നേടിയ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇറ്റലിയുടെ തലവര തെളിഞ്ഞത്.