IPL 2026: പുതിയ ഉടമകളെ തേടി രാജസ്ഥാന്‍ റോയല്‍സ്; സ്വന്തമാക്കാന്‍ ലളിത് മോദിയുടെ ശ്രമം?
Rajasthan Royals: പുതിയ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തില്‍ രാജസ്ഥാന്‍ റോയല്‍സ്. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ദി റെയ്ന്‍ ഗ്രൂപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. ഏകദേശം 1.1 ബില്യൺ ഡോളര്‍ മൂല്യത്തിലാണ് ചർച്ചകൾ.

രാജസ്ഥാൻ റോയൽസ്
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി പുതിയ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തില്‍ രാജസ്ഥാന്‍ റോയല്‍സ്. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ദി റെയ്ന്‍ ഗ്രൂപ്പാണ് ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നത്. ഏകദേശം 1.1 ബില്യൺ ഡോളര്‍ മൂല്യത്തിലാണ് ചർച്ചകൾ നടക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. വിൽപ്പനയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാന ഓഹരി ഉടമകൾ നാളെ (മാര്‍ച്ച് 16) യോഗം ചേര്‍ന്നേക്കുമെന്ന് ‘ഖേൽ നൗ’ റിപ്പോർട്ട് ചെയ്തു.
മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള ‘എമേർജിംഗ് മീഡിയ വെഞ്ചേഴ്‌സിനാണ്’ റോയല്‍സില്‍ നിലവിൽ ഭൂരിഭാഗം ഓഹരിയുള്ളത്. എമേർജിംഗ് മീഡിയ വെഞ്ചേഴ്‌സിന് 65 ശതമാനം ഓഹരിയുണ്ട്. റെഡ്‌ബേർഡ് ക്യാപിറ്റൽ പാർട്‌ണേഴ്സ്-15%, ലച്ലാൻ മർഡോക്ക്- 13% എന്നിങ്ങനെയാണ് റോയല്‍സിലെ മറ്റ് ഓഹരികള്‍.
ഇയാൻ മക്കിന്നൻ, കൽ സോമാനി, സിമർ മായോ, മിഹിർ പട്ടേൽ എന്നിവർക്കും റോയല്‍സില്‍ ചെറിയ ഓഹരികളുണ്ട്. അവസാന ഘട്ടത്തില്‍ നാല് ഗ്രൂപ്പുകളാണ് റോയല്‍സിന്റെ ഉടമസ്ഥാവകാശത്തിനായി മത്സരിക്കുന്നത്.
സ്വന്തമാക്കാന്‍ ലളിത് മോദിയും?
കൽ സോമാനി, മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദി എന്നിവരടങ്ങുന്ന ഒരു കൺസോർഷ്യം റോയല്‍സിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ആദിത്യ ബിർള ഗ്രൂപ്പും നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സറും നയിക്കുന്ന ഒരു കൺസോർഷ്യം, സത്യൻ ഗജ്‌വാനി നയിക്കുന്ന ഗ്രൂപ്പ്, അദാർ പൂനവാലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് എന്നിവരും മത്സരരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ നിക്ഷേപകരിൽ ചിലർ ആര്‍സിബിയുടെ ഓഹരികൾ വാങ്ങുന്നതിലും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.