Chennai Super Kings: എറിയുക, അടി മേടിക്കുക, പോവുക ! ഈ സീസണിലെ ചെണ്ടകള്‍ ചെന്നൈ ബൗളര്‍മാരോ?
Chennai Super Kings' weak point in IPL 2026: ബൗളര്‍മാരുടെ നിരാശജനകമായ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിട്ട വലിയ തിരിച്ചടി. ടീമിലെ ബൗളര്‍മാരെല്ലാം 'ചെണ്ട'യായി മാറുന്നതാണ് ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ കാണാനായത്. 'പന്തെറിയുന്നു, റണ്‍സ് ധാരാളം വിട്ടുകൊടുക്കുന്നു, വല്ലപ്പോഴും വിക്കറ്റെടുക്കുന്നു, മത്സരം തോല്‍ക്കുന്നു' ഇതാണ് ബൗളര്‍മാരുടെ ഇപ്പോഴത്തെ രീതി.

Chennai Super Kings
സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ള ബാറ്റര്‍മാരുടെ മോശം ഫോം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശങ്കയാണ്. എന്നാല്‍ ബൗളര്‍മാരുടെ നിരാശജനകമായ പ്രകടനമാണ് അതിലും വലിയ തിരിച്ചടി. ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ ടീമിലെ ബൗളര്‍മാരെല്ലാം ‘ചെണ്ട’യായി മാറുന്നതാണ് ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ കാണാനായത്. ‘പന്തെറിയുന്നു, റണ്‍സ് ധാരാളം വിട്ടുകൊടുക്കുന്നു, വല്ലപ്പോഴും വിക്കറ്റെടുക്കുന്നു, മത്സരം തോല്‍ക്കുന്നു’ ഇതാണ് സിഎസ്‌കെ ബൗളര്‍മാരുടെ ഇപ്പോഴത്തെ രീതി.
ഇതുവരെ മൂന്ന് മത്സരങ്ങളാണ് ചെന്നൈ കളിച്ചത്. മൂന്നിലും തോറ്റു. ദയനീയമായിരുന്നു മൂന്ന് മത്സരങ്ങളിലെയും തോല്‍വി. ഇത് റണ്‍ റേറ്റിലും കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. ബൗളര്‍മാരുടെ പ്രകടനം എത്രമാത്രം പരിതാപകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഓരോ മത്സരത്തിലെയും തോല്‍വി.
രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈ ബാറ്റര്‍മാര്‍ അമ്പേ പരാജയമായിരുന്നു. 19.4 ഓവറില്‍ 127 റണ്‍സിന് ചെന്നൈ ഓള്‍ ഔട്ടായി. എന്നാല്‍ ചെന്നൈ ബൗളര്‍മാരെ കരുണയില്ലാതെ പ്രഹരിച്ച റോയല്‍സ് വെറും 12.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മൂന്നോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത അന്‍ഷുല്‍ കാംബോജ് ഒഴികെയുള്ള ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി.
Also Read: CSK vs RCB: വിസില്‍ മുഴക്കം നിലച്ചു, ചെന്നൈയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി
രണ്ടാം മത്സരം പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു. ഈ മത്സരത്തില്‍ ചെന്നൈ ബാറ്റര്‍മാര്‍ പൂര്‍ണ പരാജമായിരുന്നുവെന്ന് പറയാനാകില്ല. 20 ഓവറില്‍ 209 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ചെന്നൈ അടിച്ചുകൂട്ടി. എന്നാല്‍ ബൗളര്‍മാര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതോടെ പഞ്ചാബ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. എല്ലാ ചെന്നൈ ബൗളര്‍മാരും ധാരാളം റണ്‍സുകള്‍ വിട്ടുകൊടുത്തു. മൂന്നാം മത്സരത്തിലായിരുന്നു ചെന്നൈ ബൗളര്‍മാര്‍ പൂര്‍ണമായും ‘ചെണ്ട’യായി മാറിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 250 റണ്‍സാണ് ആര്‍സിബി അടിച്ചുകൂട്ടിയത്.
എന്താണ് സംഭവിച്ചത്?
സിഎസ്‌കെ ഏറെ പ്രതീക്ഷയോടെ ടീമില്‍ നിലനിര്‍ത്തിയ, പുതിയതായി എത്തിച്ച താരങ്ങളെല്ലാം ഒരുമിച്ച് ഫോം ഔട്ടായതാണ് തിരിച്ചടിയായത്. ഖലീല്‍ അഹമ്മദ്, മാറ്റ് ഹെന്റി, നൂര്‍ അഹമ്മദ് എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. നഥാന്‍ എല്ലിസ് പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി. എല്ലിസിന് പകരം കണ്ടെത്തിയ സ്‌പെണ്‍സര്‍ ജോണ്‍സണ്‍ ഇതുവരെയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.