IND vs IRE: സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റൂ, വൈഭവ് കളിക്കട്ടെ! മുന്‍ താരങ്ങള്‍ 15-കാരനൊപ്പം
Sanju Samson’s Spot at Risk: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 26-ന് നടക്കും. വൈഭവ് സൂര്യവംശി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടെന്നതാണ് ശ്രദ്ധേയം. വൈഭവ് സൂര്യവംശി ഓപ്പണറായി പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് വഴിമാറേണ്ടി വന്നേക്കാം.
ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 26-ന് നടക്കും. വൈഭവ് സൂര്യവംശി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടെന്നതാണ് ശ്രദ്ധേയം. വൈഭവ് സൂര്യവംശി ഓപ്പണറായി പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് വഴിമാറേണ്ടി വന്നേക്കാം. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്നത് സംബന്ധിച്ച് മുന്‍ താരങ്ങളില്‍ ചിലര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. മുന്‍ താരങ്ങളായ കിരണ്‍ മോറെയും, സാബ കരീമുമാണ് ഒടുവില്‍ അഭിപ്രായം പങ്കുവെച്ചത്.
വൈഭവ് സൂര്യവംശിയെ അയർലൻഡ് പരമ്പരയിൽ കളിപ്പിക്കണമെന്നും അദ്ദേഹത്തെക്കൊണ്ട് ഓപ്പണിംഗ് ചെയ്യിക്കണമെന്നും കിരൺ മോറെ പറഞ്ഞു. ഇക്കാര്യത്തില്‍ സഞ്ജു, അഭിഷേക്, ഇഷാന്‍ കിഷന്‍ എന്നിവരോട് ടീം മാനേജ്‌മെന്റ് സംസാരിക്കണം. താനായിരുന്നു ക്യാപ്റ്റനോ അല്ലെങ്കിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനോ എങ്കിൽ, തീർച്ചയായും വൈഭവ് സൂര്യവംശിക്ക് അയർലൻഡ് പരമ്പരയിൽ 100 ശതമാനം അവസരം നൽകുമായിരുന്നുവെന്നും അദ്ദേഹം സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിൽ പറഞ്ഞു.
“വൈഭവ് സാധാരണ താരമല്ല, ഒരു പ്രത്യേക പ്രതിഭയാണ്. ആദ്യം കപിൽ ദേവ്, ഗവാസ്കർ എന്നിവർ വന്നു, അതിനുശേഷം സച്ചിൻ തെണ്ടുൽക്കർ വന്നു. പിന്നീട് വിരാട് കോഹ്‌ലി വന്നു, ഇപ്പോൾ വൈഭവ് സൂര്യവംശിയും. അദ്ദേഹം കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഇദ്ദേഹത്തെ വളർത്തിയെടുക്കൂ. ഒരൊറ്റ രാത്രികൊണ്ട് ഞാൻ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ സാവധാനം വൈഭവ് സൂര്യവംശി മികച്ച താരമാകും”-കിരണ്‍ മോറെ അഭിപ്രായപ്പെട്ടു.
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ അല്ലെങ്കിൽ ഇഷാൻ കിഷൻ എന്നിവരോട് ക്യാപ്റ്റനും കോച്ചും സംസാരിക്കണം. നിങ്ങളുടെ സ്ഥാനം സുരക്ഷിതമല്ല എന്ന് ഇതിനർത്ഥമില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. തങ്ങള്‍ വൈഭവിന് അവസരങ്ങൾ നൽകാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് താരങ്ങളോട് പറയണം. ഇത്തരമൊരു ആശയവിനിമയം ഉണ്ടാകണം. വൈഭവ് സൂര്യവംശിക്ക് പ്ലെയിംഗ് ഇലവനിൽ സഞ്ജുവിന്റേയോ അഭിഷേകിന്റേയോ സ്ഥാനത്ത് ഇടം ലഭിക്കണമെന്നും കിരണ്‍ മോറെ കൂട്ടിച്ചേര്‍ത്തു.
സാബ കരീമിന് യോജിപ്പ്
സാബ കരീമും കിരണ്‍ മോറെയുടെ അഭിപ്രായങ്ങളോട് യോജിച്ചു. സച്ചിൻ തെണ്ടുൽക്കറെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് ടീമിൽ ഇടമുണ്ടായിരുന്നില്ല. വലിയ താരങ്ങളെ മാറ്റിനിർത്തിയാണ് അദ്ദേഹത്തിന് ഇടം ഉണ്ടാക്കിയത്. വൈഭവിന്റെ കാര്യത്തിലും ഇത് തന്നെയാണ് ചെയ്യേണ്ടതെന്ന് സാബ കരീം പറഞ്ഞു.
സച്ചിൻ എങ്ങനെയാണോ നേരിട്ട് ടീമിലേക്ക് വരികയും നേരിട്ട് പ്ലെയിംഗ് ഇലവനിൽ പ്രവേശനം നേടുകയും ചെയ്തത്, അതുപോലെ വൈഭവ് സൂര്യവംശിക്കും അവസരം ലഭിക്കണമെന്നും സാബ കരീം അഭിപ്രായപ്പെട്ടു. മുന്‍ താരം സുനില്‍ ഗവാസ്‌കറും നേരത്തെ സമാന അഭിപ്രായം ഉന്നയിച്ചിരുന്നു. ഓരോ മത്സരങ്ങളിലും അഭിഷേകിനും, സഞ്ജുവിനും വിശ്രമം നല്‍കി വൈഭവിനെ കളിപ്പിക്കണമെന്നായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായം. ക്രിസ് ശ്രീകാന്ത് മാത്രമാണ് വിഭിന്നമായ അഭിപ്രായം പങ്കുവെച്ചത്. വൈഭവിന് തിടുക്കപ്പെട്ട് അവസരം നല്‍കരുതെന്നാണ് ക്രിസ് ശ്രീകാന്ത് പറഞ്ഞത്.
English Summary
Former cricketers Kiran More and Saba Karim want prodigy Vaibhav Sooyavanshi to debut in the Ireland T20I series. More suggests benching Sanju Samson, Abhishek Sharma, or Ishan Kishan to let Sooyavanshi open. Karim compared this bold selection move to how Sachin Tendulkar was fast-tracked into the team. Sunil Gavaskar also predicts that Samson and Sharma will be rotated to accommodate the youngster.