AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌മ്പട വില്ലന്മാരേ! മാന്യന്മാരുടെ കളിയിൽ വിലക്ക് കിട്ടിയ 10 പ്രമുഖ ക്രിക്കറ്റ് താരങ്ങൾ

Top 10 cricketers banned for corruption: 'മാന്യന്മാരുടെ കളി' എന്നാണ് ക്രിക്കറ്റിന് കായികലോകത്തുള്ള വിശേഷണം. എന്നാൽ ഈ മാന്യന്മാരുടെ കളിയിൽ 'കള്ളക്കളി'കൾ നടത്തിയ ചില ക്രിക്കറ്റ് താരങ്ങളും ഉണ്ട്. അ‌ത്തരത്തിൽ തെറ്റായ ചില നടപടികളുടെ പേരിൽ ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട കളിക്കാർ നിരവധിയാണ്. അ‌തിൽ പ്രധാനപ്പെട്ട 10 താരങ്ങളെ പരിചയപ്പെടാം

അ‌മ്പട വില്ലന്മാരേ! മാന്യന്മാരുടെ കളിയിൽ വിലക്ക് കിട്ടിയ 10 പ്രമുഖ ക്രിക്കറ്റ് താരങ്ങൾ
Top 10 Cricketers Banned For CorruptionImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 22 Jun 2026 | 09:13 PM

ക്രിക്കറ്റിനെ സ്നേഹിക്കുന്ന നിരവധിപേരുള്ള രാജ്യമാണ് ഇന്ത്യ, ഫുട്ബോളിനും മേലെ സ്വാധീനം ഇന്ത്യയിൽ ക്രിക്കറ്റിനുണ്ട്. ക്രിക്കറ്റിനോടുള്ള സ്നേഹം ക്രിക്കറ്റ് താരങ്ങളോടും നാം കാണിക്കാറുണ്ട്. ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾക്ക് മേലെ താരപ്രഭയും ആരാധക വൃന്ദവുമുള്ള ക്രിക്കറ്റ് താരങ്ങൾ നിരവധിപേർ ഇന്ത്യയിലുണ്ട്. ‘മാന്യന്മാരുടെ കളി’ എന്നാണ് ക്രിക്കറ്റിന് കായികലോകത്തുള്ള വിശേഷണം. എന്നാൽ ഈ മാന്യന്മാരുടെ കളിയിൽ ‘കള്ളക്കളി’കൾ നടത്തിയ ചില ക്രിക്കറ്റ് താരങ്ങളും ഉണ്ട്. അ‌ത്തരത്തിൽ തെറ്റായ ചില നടപടികളുടെ പേരിൽ ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട കളിക്കാർ നിരവധിയാണ്. അ‌തിൽ പ്രധാനപ്പെട്ട 10 താരങ്ങളെ പരിചയപ്പെടാം.

1, ഹാൻസി ക്രോണ്യെ

കായിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ പതനങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായിരുന്ന ഹാൻസി ക്രോണ്യെയുടേത്. നിയമവിരുദ്ധ വാതുവെപ്പുകാരിൽ നിന്ന് ഗണ്യമായ തുക വാങ്ങിയെന്ന് 2000-ൽ ഇദ്ദേഹം സമ്മതിച്ചു. തുടർന്ന് ആജീവനാന്ത വിലക്ക് ലഭിച്ചു. പിന്നീട് 2002-ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.

Also Read: കേരളത്തിൽ സ്പെഷൽ ഇളവ്! ഫിഫ ലോകകപ്പ് ഫ്രീയായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി

2, മുഹമ്മദ് അസ്ഹറുദ്ദീൻ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇതിഹാസ താരമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ വിലക്ക്. ഒരു പ്രധാന മാച്ച് ഫിക്സിംഗ് സിൻഡിക്കേറ്റിനെതിരെ സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് അസ്ഹറുദ്ദീനും ഉൾപ്പെട്ടതായി കണ്ടെത്തിയതോടെ ബിസിസിഐ ഇദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. പിന്നീട് 2012-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി പ്രവർത്തന വിലക്ക് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തിന്റെ കരിയറിലെ കളങ്കമായി ആ സംഭവം മാറി.

3, സലീം മാലിക്

പാകിസ്താൻ ക്രിക്കറ്റ് താരമായിരുന്ന സലീം മാലിക്ക് അഴിമതിക്ക് ആജീവനാന്ത വിലക്ക് ലഭിച്ച ആദ്യത്തെ മോഡേൺ ക്രിക്കറ്റ് താരമാണ്. മത്സരത്തിൽ കൃത്രിമം കാണിച്ചതിനും വിദേശ കളിക്കാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിനും ഗണ്യമായ തെളിവുകൾ കണ്ടെത്തിയതോടെ 2000-ൽ ആണ് ഇദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ലഭിച്ചത്.

4, എസ് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച മറ്റൊരു വിവാദമായിരുന്നു മലയാളികൂടിയായ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ പേരിലുയർന്ന സ്പോട്ട് ഫിക്സിംഗ്. 2013 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ സ്പോട്ട് ഫിക്സിംഗ് ആരോപിക്കപ്പെട്ട് അറസ്റ്റിലായതിനെത്തുടർന്ന് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. പിന്നീട് ദീർഘമായ നിയമപോരാട്ടത്തിന് ശേഷം, സുപ്രീം കോടതി വിലക്ക് റദ്ദാക്കി, ബിസിസിഐ ഓംബുഡ്‌സ്മാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വിലക്ക് ഏഴ് വർഷമായി കുറച്ചു, അത് 2020-ൽ അവസാനിച്ചു.

5, സൽമാൻ ബട്ട്

പാകിസ്താന്റെ ടെസ്റ്റ് ക്യാപ്റ്റനായിരുന്ന സൽമാൻ ബട്ട് 2010 ലെ കുപ്രസിദ്ധമായ ലോർഡ്‌സ് സ്‌പോട്ട് ഫിക്സിംഗ് ഗൂഢാലോചനയുടെ സൂത്രധാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് 10 വർഷത്തെ വിലക്കിന് ശിക്ഷിക്കപ്പെട്ടയാളാണ്. യുവ ബൗളർമാരെ മുൻകൂട്ടി നിശ്ചയിച്ച നോ-ബോളുകൾ എറിയാൻ മനഃപൂർവ്വം പ്രേരിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ. ഐസിസി അദ്ദേഹത്തെ പത്ത് വർഷത്തേക്ക് വിലക്കി, തുടർന്ന് ഒരു ബ്രിട്ടീഷ് ക്രിമിനൽ കോടതി അദ്ദേഹത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.

6, ഡാനിഷ് കനേരിയ

സ്പോട്ട് ഫിക്സിങ്ങിനെ തുടർന്ന് വിലക്ക് നേരിടേണ്ടിവന്ന മറ്റൊരു പാക് താരമാണ് ഡാനിഷ് കനേരിയ. എസ്സെക്സിനായി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ സഹതാരങ്ങളെ സ്പോട്ട് ഫിക്സിങ്ങിലേക്ക് വശീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു എന്നതിന് 2012-ൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. 2018-ൽ ഇതുസംബന്ധിച്ച് കനേരിയ പൂർണ്ണ കുറ്റസമ്മതം നടത്തുകയുണ്ടായി.

7, അജയ് ജഡേജ

വാതുവയ്പ്പിന്റെ പേരിൽ വിലക്ക് നേരിടേണ്ടിവന്ന മറ്റൊരു പ്രമുഖ ഇന്ത്യൻ താരമാണ് അ‌ജയ് ജഡേജ. നിയമവിരുദ്ധ വാതുവെപ്പുകാരുമായി ബന്ധം പുലർത്തിയതിന് 2000-ൽ ബിസിസിഐ അഞ്ച് വർഷത്തെ വിലക്ക് വിധിക്കുകയായിരുന്നു. പിന്നീട് 2003 ൽ ഡൽഹി ഹൈക്കോടതി ഈ വിലക്ക് പൂർണ്ണമായി റദ്ദാക്കിയത് അദ്ദേഹത്തിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ വഴിയൊരുക്കി.

8, അതാ-ഉർ-റഹ്മാൻ

പാകിസ്താന്റെ പേസ് ബൗളറായിരുന്ന അതാ-ഉർ-റഹ്മാന് 2000-ൽ ഖയൂം കമ്മീഷൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. കള്ളസാക്ഷ്യം നൽകിയതിനും വാതുവെപ്പുകാരുമായുള്ള സംശയാസ്പദമായ ഇടപാടുകൾക്കുമായിരുന്നു വിലക്ക്. എന്നാൽ 2006 -ൽ ഐസിസി അദ്ദേഹത്തിന്റെ വിലക്ക് നീക്കി, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് അനുമതി നൽകി.

9, ലൂ വിൻസെന്റ്

ന്യൂസിലാൻഡ് ക്രിക്കറ്റ് താരമായിരുന്ന ലൂ വിൻസെന്റ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്, ഐപിഎൽ, ചാമ്പ്യൻസ് ലീഗ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒന്നിലധികം മാച്ച് ഫിക്സിംഗ് റിംഗുകളിൽ പങ്കാളിയാണെന്ന് പരസ്യമായി സമ്മതിച്ചു. 2014-ൽ, തന്റെ കുറ്റം സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം ഒരു പൊതു പ്രസ്താവന പുറത്തിറക്കി, തുടർന്ന് ഇസിബി അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് നൽകി.

10, ഷാക്കിബ് അൽ ഹസൻ

ബംഗ്ലാദേശ് ക്രിക്കറ്റിലെ പ്രമുഖനും ലോകോത്തര ഓൾറൗണ്ടറുമായിരുന്ന ഷാക്കിബ് അൽ ഹസനും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2018 ലെ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒരു അന്താരാഷ്ട്ര വാതുവെപ്പുകാരന്റെ അ‌ഴിമതികൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ 2019 ൽ ഐസിസി ഇദ്ദേഹത്തിന് രണ്ട് വർഷത്തെ വിലക്ക് (ഒരു വർഷത്തെ സസ്പെഷൻ) വിധിച്ചു.

താരങ്ങൾ ഇനിയും ഏറെയുണ്ട്

വിവിധ കാരണങ്ങളാൽ വിലക്ക് ലഭിക്കുകയും പിന്നീട് ഇളവ് ലഭിക്കുകയും ചെയ്ത ക്രിക്കറ്റ് താരങ്ങൾ ഇനിയും ഏറെയുണ്ട്. ഇന്ത്യൻ താരങ്ങളായിരുന്ന അജയ് ശർമ്മ, മനോജ് പ്രഭാകർ, പാകിസ്താൻ താരങ്ങളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ, ഷർജീൽ ഖാൻ, ഖാലിദ് ലത്തീഫ്, ഉമർ അക്മൽ എന്നിവരും ശിക്ഷയുടെ ഭാഗമായി വിലക്ക് നേരിട്ടിട്ടുണ്ട്.

ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക), ഹെൻറി വില്യംസ് (ദക്ഷിണാഫ്രിക്ക), മർലൻ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്), മുഹമ്മദ് അഷ്റഫുൾ (ബംഗ്ലാദേശ്), മോറിസ് ഒഡുംബെ (കെനിയ), ലോൺവാബോ സോത്‌സോബെ (ദക്ഷിണാഫ്രിക്ക), ആൽവിറോ പീറ്റേഴ്‌സൺ (ദക്ഷിണാഫ്രിക്ക) എന്നീ താരങ്ങളും നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് ക്രിക്കറ്റിൽ നിന്ന് ചെറുതും വലുതുമായ കാലയളവുകളിലേക്ക് വിലക്കപ്പെട്ടിട്ടുണ്ട്.

English Summary

Cricket is known in the world of sports as the ‘gentleman’s game’. But there are some cricketers who have committed ‘cheats’ in this gentleman’s game. There are many players who have been banned from cricket for some wrongdoings. Among them, if we take the 10 important players, the main players from India are Mohammad Azharuddin, Ajay Jadeja and Sreesanth. Pakistani players Salim Malik, Salman Butt and Danish Kaneria are also among the banned ones.

Follow Us