വിരമിച്ചാൽ കോഹ്ലി വഴി തനീ വഴി; രോഹിത് കറങ്ങിത്തിരിഞ്ഞ് ഒരു ടീമിൽ മെയിൻ ആകും; പ്രവചനവുമായി അശ്വിൻ!
What will Virat and Rohit do after retirement: രോഹിത്തിന്റെയും കോഹ്ലിയുടെയും വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിലും കളിക്കളത്തിലും പുറത്തും വലിയ ശൂന്യത സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. വിരമിക്കൽ കഴിഞ്ഞുള്ള പ്ലാനുകളെപ്പറ്റി ഇരുവരും കാര്യമായി വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ലെങ്കിലും ഇരുവരുടെയും ഒപ്പം കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ കൂടിയായ ആർ അശ്വിൻ ഇപ്പോൾ ഈ വിഷയത്തിൽ ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് സൂപ്പർ താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. നിലവിൽ ഏകദിനങ്ങളിൽ മാത്രമാണ് ഈ രണ്ട് താരങ്ങളും കളിക്കുന്നത്. 2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ ഇരുവരും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. 39 വയസുള്ള രോഹിത്തിന്റെയും 37 വയസുള്ള വിരാട് കോഹ്ലിയുടെയും ഇന്ത്യൻ ടീമിനൊപ്പമുള്ള അവസാന ലോകകപ്പ് ആയിരിക്കും അടുത്ത വർഷത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2027 ഏകദിന ലോകകപ്പിന് ശേഷം ഇരുതാരങ്ങളും വിരമിക്കൽ പ്രഖ്യാപിക്കും എന്ന അഭ്യൂഹം ശക്തമാണ്. വിരമിക്കലിന് ശേഷം ഈ രണ്ട് സൂപ്പർ താരങ്ങളുടെയും പ്ലാൻ എന്തായിരിക്കും എന്നറിയാൻ ആരാധകർ ആഗ്രഹിക്കുന്നു. മറ്റ് പല മുൻ താരങ്ങളെയും പോലെ ഇന്ത്യൻ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ഇവർ എത്തുമോ എന്നറിയാൻ ആകാംക്ഷ ഉള്ളവരും ഏറെ.
രോഹിത്തിന്റെയും കോഹ്ലിയുടെയും വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിലും കളിക്കളത്തിലും പുറത്തും വലിയ ശൂന്യത സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. വിരമിക്കൽ കഴിഞ്ഞുള്ള പ്ലാനുകളെപ്പറ്റി ഇരുവരും കാര്യമായി വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ലെങ്കിലും ഇരുവരുടെയും ഒപ്പം കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ കൂടിയായ ആർ അശ്വിൻ ഇപ്പോൾ ഈ വിഷയത്തിൽ ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.
Also Read: കല്യാണം കഴിഞ്ഞ്, പുത്തൻ ലുക്കിൽ റോണോ അൽ നസറിൽ തിരിച്ചെത്തി; ആദ്യ കളിയിൽ അനിശ്ചിതത്വം
രോഹിത്തിന്റെയും കോഹ്ലിയുടെയും വിരമിക്കലിന് ശേഷമുള്ള പ്ലാനുകൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആർ അശ്വിൻ ചില പ്രവചനങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. വിരമിച്ച ഉടൻ തന്നെ ഇരു താരങ്ങളും കോച്ചിങ് രംഗത്തേക്ക് കടക്കാൻ സാധ്യതയില്ലെന്ന് അശ്വിൻ പറയുന്നു. വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്നതിനാൽ ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലം മാറിനിൽക്കാനായിരിക്കും രണ്ടുപേരും പ്രധാനമായും ആഗ്രഹിക്കുക.
വിരാട് കോഹ്‌ലി വിരമിക്കലിന് പിന്നാലെ തന്നെ ഒരു കോച്ചിന്റെ റോളിലേക്ക് വരാൻ സന്നദ്ധനാകുമെന്ന് താൻ കരുതുന്നില്ല എന്ന് അശ്വിൻ പറയുന്നു. കോഹ്ലിയുടേത് വേറിട്ട പാതയായിരിക്കും. ക്രിക്കറ്റിൽ നിന്ന് പൂർണമായും ഒരു ഇടവേള എടുക്കാനായിരിക്കും വിരാട് കൂടുതൽ ഇഷ്ടപ്പെടുക. ”വിരാടിനെക്കുറിച്ച് എനിക്കറിയില്ല, സത്യം പറഞ്ഞാൽ – എന്റെ അഭിപ്രായത്തിൽ വിരാട് ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കും” എന്നായിരുന്നു അശ്വിന്റെ പ്രതികരണം.
അതേസമയം രോഹിത് ശർമയുടെ കാര്യത്തിൽ ചില സാധ്യതകൾ അശ്വിൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീർഘകാലമായി ക്രിക്കറ്റിനായി കഠിനമായി പ്രവർത്തിക്കുന്നതിനാൽ രണ്ട് താരങ്ങളും ആദ്യം കുറച്ചുനാൾ വിശ്രമം ആസ്വദിക്കും. എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം രോഹിത് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പ്രധാന സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ട് എന്ന് അശ്വിൻ ചൂണ്ടിക്കാണിക്കുന്നു.
മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇടവേളയെടുത്ത ശേഷമാണ് പരിശീലക രംഗത്തേക്ക് തിരിച്ചെത്തിയത്. അതുപോലെ രോഹിതും ഒന്നോ രണ്ടോ വർഷത്തെ വിശ്രമത്തിന് ശേഷം ഒരു മെന്റർ അല്ലെങ്കിൽ ഉപദേശകന്റെ റോളിൽ മുംബൈ ഇന്ത്യൻസ് വഴി ക്രിക്കറ്റ് ലോകത്തേക്ക് തന്നെ തിരിച്ചെത്തിയേക്കാം എന്ന് അശ്വിൻ പ്രവചിക്കുന്നു.
രോഹിതിനെപ്പോലെ മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള ഒരു കളിക്കാരനെ മുംബൈ ഇന്ത്യൻസ് കൈവിടില്ലെന്നും, വിരമിച്ചാൽ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു. “നാളെ രോഹിത് ‘ഞാൻ കളിക്കില്ല’ എന്ന് തീരുമാനിച്ചാൽ, മുംബൈ ഇന്ത്യൻസ് ഉടൻ തന്നെ അദ്ദേഹത്തെ സ്വീകരിക്കണം,” എന്ന് അശ്വിൻ പറഞ്ഞു. “അഞ്ച് കിരീടങ്ങൾ നേടി, ഇന്ത്യയെ ഒരു ലോകകപ്പിലേക്ക് നയിച്ച ഒരു ക്യാപ്റ്റനെപ്പോലെയൊരാളെ വേറെ കണ്ടെത്താൻ കഴിയില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.
നിലവിൽ വിരാട് കോഹ്ലി പിന്തുടരുന്ന രീതി പരിഗണിച്ചാൽ അദ്ദേഹം വിരമിക്കലിന് ശേഷവും ലണ്ടനിൽ തുടരാനാണ് സാധ്യത. ടെസ്റ്റുകളിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച കോഹ്ലി കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറുകയും ജനശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കുകയുമാണ്. ഇപ്പോൾ പ്രധാനമായും ഏകദിനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്താറുള്ളത്. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരിശീലനങ്ങളിലാണ് കോഹ്ലി ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
English Summary
Virat Kohli and Rohit Sharma are two of the superstars of Indian cricket. Currently, both of these players play only in ODIs. Both are preparing to play for India in the ODI World Cup to be held in 2027. After that, there are active discussions about what their future plans will be after both of them retire. Former Indian player R Ashwin has come forward with a prediction in this regard. Ashwin says that both the players are unlikely to enter the coaching field immediately after retirement.