കല്യാണം കഴിഞ്ഞ്, പുത്തൻ ലുക്കിൽ റോണോ അൽ നസറിൽ തിരിച്ചെത്തി; ആദ്യ കളിയിൽ അനിശ്ചിതത്വം
Cristiano Ronaldo returns to Al Nassr: ഫിഫ ലോകകപ്പിന് ശേഷം അവധിയിലായിരുന്ന റോണോ, ദീർഘകാലമായി പങ്കാളിയായിരുന്ന ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ശേഷം പുത്തൻ ലുക്കിലാണ് അൽ നസറിന്റെ പരിശീലനത്തിന് എത്തിയത്. ടീം അംഗങ്ങൾ വിവാഹ ആശംസകളോടെ റോണോയെ വരവേറ്റു. വേറിട്ട പുതിയ ഹെയർ സ്റ്റൈലിൽ പരിശീലനത്തിനെത്തിയ റൊണാൾഡോയുടെ ചിത്രങ്ങൾ അൽ നസർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു, ഇത് നിമിഷങ്ങൾക്കകം വൈറലായിട്ടുണ്ട്.

Cristiano Ronaldo Returns To Al Nassr With New Look
റിയാദ്: പങ്കാളിയായിരുന്ന ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് പിന്നാലെ പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിന്റെ പുതിയ സീസണിന് (2026-27) മുന്നോടിയായി തന്റെ ക്ലബ്ബായ അൽ നസറിൽ തിരികെയെത്തി. ഫിഫ ലോകകപ്പിന് ശേഷം അവധിയിലായിരുന്ന റോണോ, ദീർഘകാലമായി പങ്കാളിയായിരുന്ന ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ശേഷം പുത്തൻ ലുക്കിലാണ് അൽ നസറിന്റെ പരിശീലനത്തിന് എത്തിയത്. ടീം അംഗങ്ങൾ വിവാഹ ആശംസകളോടെ റോണോയെ വരവേറ്റു. വേറിട്ട പുതിയ ഹെയർ സ്റ്റൈലിൽ പരിശീലനത്തിനെത്തിയ റൊണാൾഡോയുടെ ചിത്രങ്ങൾ അൽ നസർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു, ഇത് നിമിഷങ്ങൾക്കകം വൈറലായിട്ടുണ്ട്.
പുത്തൻ ലുക്ക്
തന്റെ ഐക്കണിക് ഹെയർ സ്റ്റൈലിൽ മാറ്റം വരുത്തി, മുടി ചെറുതാക്കി പുതിയ കളർ നൽകിയാണ് റൊണാൾഡോ ക്യാമ്പിൽ എത്തിയത്. “നസറിൽ ആരാണ് ലാൻഡ് ചെയ്തതെന്ന് നോക്കൂ!” എന്ന ക്യാപ്ഷനോടെ ക്ലബ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പുത്തൻ ലുക്കിൽ പുതിയ ലക്ഷ്യങ്ങളുമായാണ് റോണോ അൽ നസറിൽ തിരിച്ചെത്തിയിരിക്കുന്നത്.
ആദ്യ കളിയിൽ അനിശ്ചിതത്വം
സൗദി പ്രോ ലീഗ് ഫസ്റ്റ് റൗണ്ടിൽ ഓഗസ്റ്റ് 15 ശനിയാഴ്ച അൽ ഫത്തേയ്‌ക്കെതിരെയാണ് അൽ നസറിന്റെ ആദ്യ മത്സരം. ഓഗസ്റ്റ് 18-ന് കിംഗ്സ് കപ്പിൽ അൽ-ദിരിയക്കെതിരെയും അൽ നസറിന് നിർണായക മത്സരമുണ്ട്. എന്നാൽ ഓഗസ്റ്റ് 15-ന് നടക്കുന്ന ആദ്യ മത്സരത്തിൽ തന്നെ റോണോ അൽ നസറിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കുമോ എന്നകാര്യത്തിൽ ചെറിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ലോകകപ്പിന് പിന്നാലെ അവധിയിലായിരുന്ന റൊണാൾഡോ ടീമിനൊപ്പം പ്രീ-സീസൺ പരിശീലനം നടത്തിയിരുന്നില്ല. പുതിയ പരിശീലകൻ ആംഗെ പോസ്റ്റെകോഗ്ലു വ്യക്തമാക്കിയത് റൊണാൾഡോ മത്സരങ്ങൾക്ക് എപ്പോഴും സജ്ജനാണെന്നാണ്, എന്നാൽ ഓഗസ്റ്റ് 15-ന് നടക്കുന്ന ആദ്യ മത്സരത്തിൽ റോണോ കളിക്കണോയെന്ന് വിശദമായ വിലയിരുത്തലുകൾക്ക് ശേഷമാകും തീരുമാനം ഉണ്ടാകുക എന്നാണ് സൂചന. ഓഗസ്റ്റ് 21-ന് നടക്കുന്ന സെക്കൻഡ് റൗണ്ട് മത്സരത്തിൽ അൽ റിയാദിനെതിരെയായിരിക്കും റൊണാൾഡോ സീസണിലെ തന്റെ ആദ്യ മത്സരം കളിക്കുകയെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പുത്തൻ ലുക്കിൽ പുതിയ ലക്ഷ്യം
കരിയറിലെ ഒരു നിർണായക നേട്ടത്തിന്റെ തൊട്ടരികിലാണ് റോണോ. 1,000 കരിയർ ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടുക എന്നതാണ് അൽ നസറിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോയുടെ പ്രധാന ലക്ഷ്യം. ലോകകപ്പിലെ ഗോളുകൾ ഉൾപ്പെടെ നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ ആകെ ഔദ്യോഗിക ഗോളുകളുടെ എണ്ണം 976 ആണ്.
1,000 ഗോളുകൾ എന്ന ലക്ഷ്യം തികയ്ക്കാൻ റോണോയ്ക്ക് ഇനി 24 ഗോളുകൾ കൂടി മാത്രം മതി. സൗദി ക്ലബ്ബായ അൽ നാസറിനായി ഇതുവരെ കളിച്ച 148 മത്സരങ്ങളിൽ നിന്ന് 129 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഈ സീസണിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കാൻ റോണോയ്ക്ക് കഴിയുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
41 വയസുകാരനായ റോണോയ്ക്ക് തന്റെ അവസാന ലോകകപ്പ് എന്ന് കരുതപ്പെടുന്ന 2026 ലോകകപ്പിൽ കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അൽ നസറിന്റെ പുതിയ പരിശീലകൻ ആംഗെ പോസ്റ്റെകോഗ്ലുവിന്റെ ആക്രമണ ശൈലിയിലുള്ള തന്ത്രങ്ങൾ റൊണാൾഡോയുടെ ഗോൾ വേട്ടയ്ക്ക് കരുത്തേകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
English Summary
Portuguese superstar Cristiano Ronaldo has returned to his club Al Nassr ahead of the new season of the Saudi Pro League (2026-27). Ronaldo, who was on leave after the FIFA World Cup, has returned with a new look after marrying his long-term partner Georgina Rodriguez. Cristiano’s main goal after returning to Al Nasr is to surpass the milestone of 1,000 career goals.