അച്ഛൻ മരിച്ചിട്ട് 4 ദിനം മാത്രം! മെസി മൈതാനത്ത് തിരിച്ചെത്തി; വീഴ്ത്തിയില്ല, ചേർത്തണച്ച് എതിർ താരങ്ങൾ
Lionel Messi returns to the team after his father's death: മെസി ഇല്ലാതെ ഇന്റർ മയാമി കടുത്ത പ്രതിസന്ധിയിൽ ആയതോടെ ഒരു അടിയന്തര രക്ഷാ ശ്രമം എന്ന നിലയ്ക്ക് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തി. പിതാവിനോട് എന്നപോലെ തന്നെ ഫുട്ബോളിനോടും മെസിക്കുള്ള തീവ്രമായ സ്നേഹവും പ്രതിബദ്ധതയും വെളിവാക്കുന്നതായിരുന്നു ഹോർഹെ മെസി മരിച്ച് വെറും നാല് ദിവസം മാത്രം പിന്നിടവേ കളിക്കളത്തിലേക്കുള്ള മെസിയുടെ തിരിച്ചുവരവ്.
പിതാവിന്റെ സംസ്കാരം പൂർത്തിയാക്കിയതിന് പിന്നാലെ മൈതാനത്തേക്ക് തിരിച്ചെത്തി ലയണൽ മെസി. തനിക്ക് അത്രമേൽ പ്രിയപ്പെട്ട അച്ഛന്റെ വിയോഗം മെസിക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്. അതിനാൽത്തന്നെ അനിശ്ചിത കാലത്തേക്ക് അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മെസി ഇല്ലാതെ ഇന്റർ മയാമി കടുത്ത പ്രതിസന്ധിയിൽ ആയതോടെ ഒരു അടിയന്തര രക്ഷാ ശ്രമം എന്ന നിലയ്ക്ക് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തി. പിതാവിനോട് എന്നപോലെ തന്നെ ഫുട്ബോളിനോടും മെസിക്കുള്ള തീവ്രമായ സ്നേഹവും പ്രതിബദ്ധതയും വെളിവാക്കുന്നതായിരുന്നു കളിക്കളത്തിലേക്കുള്ള മെസിയുടെ തിരിച്ചുവരവ്. അച്ഛൻ മരിച്ച് വെറും നാല് ദിവസം മാത്രം പിന്നിടവേയാണ് അദ്ദേഹം തിരിച്ചെത്തിയത് എന്നത് ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയുടെ അടയാളപ്പെടുത്തലായി മാറി.
ലീഗ്സ് കപ്പിൽ ഇന്റർ മയാമി പുറത്താകുന്ന നിലയിൽ എത്തി നിൽക്കവേയാണ് മെസി ടീമിലേക്ക് തിരിച്ചുവന്നത്. നേരത്തെ മെസി കളിച്ച ആദ്യ മത്സരത്തിൽ ഇന്റർ മയാമി വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് പിതാവ് ഹോർഹെ മെസി മരിച്ചതിനെ തുടർന്ന് ലയണൽ മെസി അർജന്റീനയിലേക്ക് അടിയന്തരമായി പോയത്. മെസി ഇല്ലാതെ ഇറങ്ങിയ രണ്ടാം മത്സരത്തിൽ മയാമി തോറ്റു.
Also Read: ലോകകപ്പ് കഴിഞ്ഞുള്ള ‘വിശപ്പ്’ തീർത്തു; ആസ്റ്റൺ വില്ലയെ തകർത്ത് യുവേഫ സൂപ്പർ കപ്പ് നേടി പിഎസ്ജി
ടൂർണമെന്റിലെ മൂന്നാം മത്സരവും തോറ്റാൽ ഇന്റർ മയാമി ലീഗ്സ് കപ്പിൽ നിന്ന് പുറത്താകും എന്ന നിലയിലായിരുന്നു. ഇതിനിടെയാണ് പിതാവിന്റെ സംസ്കാരത്തിന് പിന്നാലെ വെറും രണ്ട് ദിവസം മാത്രം കുടുംബത്തിന് ഒപ്പം ചെലവഴിച്ച ശേഷം മെസി ടീമിലേക്ക് തിരിച്ചെത്തിയത്. പക്ഷേ നിർണായക മത്സരത്തിൽ ടീമിനെ രക്ഷിച്ചെടുക്കാൻ മെസിക്ക് കഴിഞ്ഞില്ല. മെക്സിക്കൻ ക്ലബ്ബായ ക്ലബ് ലിയോണിനോട് 3-2 ന് പരാജയപ്പെട്ട് ഇന്റർ മയാമി പുറത്തായി.
ഡ്രസ്സിംഗ് റൂമിലും മൈതാനത്തും ‘Fuerza Leo’ (ധൈര്യമായിരിക്കൂ ലിയോ) ബാനറുകളുമായി ആരാധകരും കറുത്ത ബാഡ്ജണിഞ്ഞ് സഹതാരങ്ങളും ഒപ്പം നിന്നു. ആദ്യ പകുതിയിൽ പകരക്കാരുടെ ബെഞ്ചിലായിരുന്ന മെസ്സിയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയൽ പിന്ററിന് പകരമായി ഇന്റർ മയാമി കളത്തിലിറക്കി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആഗ്രഹിച്ച ഒരു നിമിഷം – കളിക്കളത്തിലേക്കുള്ള മെസിയുടെ തിരിച്ചുവരവ്- ആയിരുന്നു അത്.
ബോളിനായി എതിർ ടീം മൈതാനത്ത് മെസിയെ വീഴ്ത്തുന്നത് ഇതിനകം പലതവണ കണ്ടിട്ടുള്ള ആരാധകരുടെ, മനസ് തണുപ്പിക്കുന്ന ചില സ്നേഹവികാരങ്ങൾ മെസിയുടെ തിരിച്ചുവരവ് മത്സരത്തിൽ കാണാനായി. ബോളിനായി പര്സപരം മത്സരിച്ചോടുന്നതിനിടയിൽ കൊളംബിയൻ താരവും ക്ലബ് ലിയോണിന്റെ പ്രതിരോധ താരവുമായ ജോഹൻ റൊമാന്യ മെസിയെ എടുത്ത് ഉയർത്തിയ കാഴ്ച ആരാധകരുടെ മനസിനെ തൊടുന്ന വിധത്തിലുള്ളതായിരുന്നു. മെസിയെ വീഴ്ത്തേണ്ട സാഹചര്യമായിരുന്നുവെങ്കിലും അദ്ദേഹത്തെ ഒന്ന് വാരിപ്പുണരാൻ ആഗ്രഹിച്ചതുപോലുള്ള ഭാവമായിരുന്നു ജോഹൻ റൊമാന്യ പുറത്തെടുത്തത്.
മെസിയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ ഗോളുകളെക്കാൾ ഒരുപക്ഷേ ആരാധകർക്ക് പ്രിയപ്പെട്ട നിമിഷമായി മാറിയത് മെസിയോടുള്ള എതിർ താരങ്ങളുടെ സ്നേഹാദരവുകൾ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെ എംഎൽഎസ് റെഗുലർ സീസണിലെ (MLS Regular Season) കൂടുതൽ നിർണായക മത്സരങ്ങളിലേക്ക് ഇന്റർ മയാമി കടക്കും. എന്നാൽ നിർണായക മത്സരത്തിൽ ടീമിനൊപ്പം ചേർന്നെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ മെസി ടീമിനൊപ്പം തന്നെ തുടരുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
English Summary
Lionel Messi returned to the field after completing his father’s funeral. Inter Miami were in a situation where they would be eliminated from the Leagues Cup if they lost their third match in the tournament. It was in this critical situation that Messi rejoined the team four days after his father’s death. Messi, who was on the substitutes’ bench in the first half, was brought on by Inter Miami at the start of the second half to replace Daniel Pinter. But Messi could not save the team in the crucial match. Inter Miami were eliminated after losing 3-2 to Mexican club Club Leon.