Diogo Jota Death News : ഡിയോഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം; ലിവര്‍പൂള്‍ താരത്തിന്റെ വിയോഗം വിവാഹത്തിന് തൊട്ടുപിന്നാലെ
Diogo Jota Death News Updates: ഡിയോഗോ ജോട്ട ഒരു കാർ അപകടത്തിൽ മരിച്ചതായി റിപ്പോര്‍ട്ട്. സ്പെയിനിലെ സമോറയ്ക്ക് സമീപം ഉണ്ടായ അപകടത്തിലാണ് താരം മരിച്ചതെന്ന് സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇ റിപ്പോർട്ട് ചെയ്തു
ലിവർപൂൾ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചതായി റിപ്പോര്‍ട്ട്. സ്പെയിനിലെ സമോറയ്ക്ക് സമീപം ഉണ്ടായ അപകടത്തിലാണ് താരം മരിച്ചതെന്ന് സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇ റിപ്പോർട്ട് ചെയ്തു. ഫുട്‌ബോള്‍ താരമായ സഹോദരന്‍ ആന്‍ഡ്രേയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് താരം അപകടത്തില്‍പെട്ടത്. കാര്‍ റോഡില്‍ നിന്ന് തെന്നിമാറിയെന്നും, തുടര്‍ന്ന് തീപിടിത്തമുണ്ടായെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ താരമായ ജോട്ട 2020ലാണ് ലിവര്‍പൂളിലെത്തിയത്. 2020 സെപ്റ്റംബറിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് 40 മില്യൺ പൗണ്ടിലധികം പ്രതിഫലത്തിലാണ് ഈ മുന്നേറ്റ താരവുമായി ലിവര്‍പൂള്‍ കരാറിലെത്തിയത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇതു പ്രകാരം ഈ വര്‍ഷമാണ് താരവുമായുള്ള കരാര്‍ അവസാനിക്കേണ്ടത്.
അപകടം വിവാഹത്തിന് പിന്നാലെ
10 ദിവസം മുമ്പായിരുന്നു താരത്തിന്റെ വിവാഹം. കാമുകി റൂട്ട് കാര്‍ഡോസെയെയാണ് താരം വിവാഹം ചെയ്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വിവാഹിതരായതിന്റെ ദൃശ്യങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.
ലിവര്‍പൂളിന്റെ ഭാഗ്യതാരം
ജോട്ട ഗോളടിക്കുന്ന മത്സരത്തിലൊന്നും ലിവര്‍പൂള്‍ തോല്‍ക്കില്ലെന്ന് അടുത്തകാലം വരെ അടക്കം പറച്ചിലുണ്ടായിരുന്നു. ലിവര്‍പൂളിനായി 123 മത്സരങ്ങളില്‍ നിന്നു താരം 47 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 49 മത്സരങ്ങളില്‍ നിന്നു 14 ഗോളുകളും നേടി.
ഗൊണ്ടോമറില്‍ തുടങ്ങിയ യാത്ര
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ക്ലബായ ഗോണ്ടോമറിലാണ് താരം യൂത്ത് കരിയറിന് തുടക്കം കുറിക്കുന്നത്. 2005 മുതല്‍ 2013 വരെ ഗോണ്ടോമറില്‍ തുടര്‍ന്നു. 2013 പാക്കോസ് ഡി ഫെരേരയിലെത്തി. മിക്ക പ്രകടനത്തിലൂടെ ക്ലബിന്റെ സീനിയര്‍ ടീമിലുമെത്തി. 2016ല്‍ അത്‌ലറ്റികോ മാഡ്രിഡിലെത്തിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. അത്‌ലറ്റിക്കോയുമായി അഞ്ച് വര്‍ഷത്തെ കരാറിലായിരുന്നെങ്കിലും പിന്നീട് വഴിപിരിഞ്ഞു. പിന്നീട് പോര്‍ട്ടോ, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ക്ലബുകളിലേക്ക് ലോണടിസ്ഥാനത്തിലെത്തി.
വോൾവർഹാംപ്ടണിലാണ് താരത്തിന്റെ തലവര തെളിഞ്ഞത്. 67 മത്സരങ്ങളില്‍ നിന്നു 16 ഗോളുകള്‍ അടിച്ചുകൂട്ടി. വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഇഎഫ്എല്‍ ജേതാക്കളായപ്പോള്‍ താരവും ടീമിലുണ്ടായിരുന്നു. അതേസമയം പോര്‍ച്ചുഗല്‍ അണ്ടര്‍ 21 ടീമിനായും തിളങ്ങി. ഇതോടെ ലിവര്‍പൂള്‍ താരത്തിനെ നോട്ടമിട്ടു. തുടര്‍ന്ന് തക്കം കിട്ടിയപ്പോള്‍ ടീമിലെത്തിക്കുകയും ചെയ്തു.
ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇഎഫ്എല്‍ കപ്പ് ജേതാക്കളായി. 2021-22 വര്‍ഷം ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായപ്പോഴും ജോട്ട ടീമിലുണ്ടായിരുന്നു. 2018-19, 2024-25 വര്‍ഷങ്ങളില്‍ നേഷന്‍സ് ലീഗ് നേടിയ പോര്‍ച്ചുഗല്‍ ടീമിലും താരമുണ്ടായിരുന്നു.