മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഐപിഎല്‍ താരം അറസ്റ്റില്‍
Abishek Porel Arrested : മെഡിക്കൽ വിദ്യാർത്ഥി നൽകിയ പീഡനക്കേസുമായി ബന്ധപ്പെട്ട് യുവ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റു ചെയ്തു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിക്കുന്ന 23-കാരനായ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനെയാണ് പ്രതിനിധീകരിക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥി നൽകിയ പീഡനക്കേസുമായി ബന്ധപ്പെട്ട് യുവ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റു ചെയ്തു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിക്കുന്ന ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനെയാണ് പ്രതിനിധീകരിക്കുന്നത്. ഹൂഗ്ലിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത 23-കാരനായ താരത്തെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പോറലിനെ ചിൻസുറ കോടതിയിൽ ഹാജരാക്കി. വിവാഹവാഗ്ദാനം നൽകി താരം പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മോഗ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ്.
പോറല്‍ തന്നെ ഭീഷണിപ്പെടുത്തിയതായും, സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോറലിനെ അറസ്റ്റ് ചെയ്യാൻ കൊല്‍ക്കത്ത ഹൈക്കോടതി ബംഗാൾ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കോടതിയുടെ ഉത്തരവ്
പോറലിനെയും, മറ്റൊരു പ്രതിയെയും പിടികൂടാന്‍ ജൂലൈ 14-ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. തൻ്റെ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് പോറൽ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചിരുന്നു
തുടര്‍ന്ന് പരാതിക്കാരിയുമായി ബന്ധപ്പെട്ട സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ഒരു പെൻഡ്രൈവ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
2023-ലാണ് യുവതി പോറലുമായി ആദ്യമായി ബന്ധപ്പെടുന്നത്. തുടർന്ന് ഇവരുടെ ബന്ധം വളരുകയും വിവാഹാലോചനകളിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. എന്നാല്‍ 2026 ഏപ്രിൽ 2-ന് ഡൽഹിയിൽ വെച്ചുണ്ടായ ഒരു സംഭവത്തിനിടെ തന്നെ മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. തനിക്ക് ഭക്ഷണം നിഷേധിച്ചുവെന്നും തുടർന്ന് വൈദ്യസഹായം തേടേണ്ടി വന്നുവെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം.
ആരോപണങ്ങള്‍ നിഷേധിച്ച് പോറല്‍
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോറല്‍ നേരത്തെ നിഷേധിച്ചിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം കാര്യങ്ങൾ വിശദമായി വ്യക്തമാക്കുമെന്നും താരം പ്രതികരിച്ചിരുന്നു.
Also Read: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി; യുവ ഐപിഎല്‍ താരത്തിനെതിരെ പരാതി
അഭിഷേക് പോറൽ
പേസ് ബൗളർ ഇഷാൻ പോറലിന്റെ കസിൻ കൂടിയാണ് അഭിഷേക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 32 മത്സരങ്ങളില്‍ നിന്ന് 1,408 റണ്‍സും, ലിസ്റ്റ് എയില്‍ 23 മത്സരങ്ങളില്‍ നിന്ന് 833 റണ്‍സും നേടിയിട്ടുണ്ട്. ടി20യില്‍ 61 മത്സരങ്ങളില്‍ നിന്ന് 1,590 റണ്‍സ് അടിച്ചുകൂട്ടി.
2023 ലെ ഐപിഎൽ സീസണിൽ പരിക്കേറ്റ ഋഷഭ് പന്തിന് പകരക്കാരനായാണ് അഭിഷേക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ 11 പന്തിൽ 20 റൺസ് നേടി. ആ സീസണിൽ കളിച്ച 4 മത്സരങ്ങളിൽ നിന്ന് ആകെ 33 റൺസാണ് നേടിയത്. 2024, 2025 സീസണുകളിലും താരം ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടര്‍ന്നു.
English Summary
Bengal and Delhi Capitals cricketer Abishek Porel was arrested by Bengal Police in Hooghly. The Calcutta High Court had earlier directed the police to apprehend Porel and seize relevant electronic devices. The 23-year-old was subsequently produced before the Chinsurah Court while investigations remain ongoing.