Dubai Police: ‘ദുബായ് പൊലീസ് എന്നാ സുമ്മാവാ’; സേനയിൽ പ്രവർത്തിക്കുന്നത് 36 റോബോട്ടുകൾ!
Dubai Police Advances Digital Transformation; Introduces Smart Assistants and AI Robots: പോലീസിൻ്റെ വിവിധ ജോലികൾ നിർവ്വഹിക്കാനാണ് ഈ 36 റോബോട്ടുകളെ ഉപയോഗിക്കുന്നത്. നടപടിക്രമങ്ങൾ അതിവേഗത്തിലാക്കാനും, ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലിഭാരം കുറയ്ക്കാനും, സേവനങ്ങൾ മെച്ചപ്പെടുത്താനും പുതിയ മാറ്റങ്ങൾ വലിയ രീതിയിൽ സഹായിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കുന്നു
ദുബായ്: ദുബായ് പൊലീസ് എന്ന് കേട്ടാൽ നമ്മൾ മലയാളികൾ ആദ്യം ചിന്തിക്കുക അവ്രുടെ വമ്പൻ വാഹന നിരയാണ്. ലോകത്ത് സൂപ്പർ കാറുകൾ ഉപയോഗിക്കുന്ന പൊലീസ് സേനകളിൽ ഒന്നാണ് ദുബായി. നമ്മുടെ നാട്ടിലെ പഴയ ജീപ്പുകളെയും ദുബായി പൊലീസിൻ്റെ വാഹനങ്ങളെയും പല പ്രവസികളും താരതമ്യം ചെയ്ത് സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അത്യാധുനിക കാറുകൾക്കും അപ്പുറത്തേക്ക് സേനയിലെ അംഗങ്ങളായി റോബോട്ടുകളെ നിയമിക്കുന്നതിലേക്ക് ദുബായ് പൊലീസ് വളർന്നു കഴിഞ്ഞു. മറ്റു സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ദുബായ് പൊലീസ് ഏറെ മുന്നിലെത്തിക്കഴിഞ്ഞു.
പൊലീസിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും, ഭരണനിർവ്വഹണ പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം ദുബായ് പോലീസ് വിപുലമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 104 തന്ത്രപ്രധാനമായ സാങ്കേതിക പദ്ധതികളാണ് ദുബായ് പോലീസ് വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി 36 ആർ.പി.എ ബോട്ടുകളെയും വിവിധ പ്രവർത്തനങ്ങൾക്കായി സേനയിൽ വിന്യസിച്ചിട്ടുണ്ട്.
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നടന്ന വാർഷിക പരിശോധനയിലാണ് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പോലീസിൻ്റെ വിവിധ ജോലികൾ നിർവ്വഹിക്കാനാണ് ഈ 36 റോബോട്ടുകളെ ഉപയോഗിക്കുന്നത്. നടപടിക്രമങ്ങൾ അതിവേഗത്തിലാക്കാനും, ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലിഭാരം കുറയ്ക്കാനും, സേവനങ്ങൾ മെച്ചപ്പെടുത്താനും പുതിയ മാറ്റങ്ങൾ വലിയ രീതിയിൽ സഹായിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കുന്നു.
Also Read: ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!
ഡിജിറ്റൽ സേവനങ്ങളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ദുബായ് പോലീസ് നടത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ സേവനങ്ങളിൽ 99.97 ശതമാനവും വിജയകരമായി പൂർത്തിയാക്കാനായി. ഭാവിയെ ലക്ഷ്യമിട്ട് പോലീസിൻ്റെ കൈവശമുള്ള ഡാറ്റകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് റെസ്പോൺസ് ടൈം കുറച്ച് പൊലീസ് സേവനങ്ങളിൽ കൂടുതൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്കും ദുബായ് പൊലീസ് രൂപം നൽകിയിട്ടുണ്ട്.
സ്മാർട്ട് പോലീസ് സ്റ്റേഷനുകൾക്കായി പുതിയ സ്മാർട്ട് അസിസ്റ്റൻ്റ് പദ്ധതിയും തയ്യാറയിക്കഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷാ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ സാധിക്കും. എ.ഐ ഡിപ്പാർട്ട്മെൻ്റിൻ്റെ മികച്ച പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഏഴ് പുരസ്കാരങ്ങളാണ് ദുബായ് പോലീസിനെ തേടിയെത്തിയത്.
English Summary
Dubai Police is rapidly advancing its technological capabilities by integrating artificial intelligence into its daily operations. Over the past year, the force successfully completed 104 strategic tech projects and deployed 36 RPA robots.