Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
Over 400 Tourists Missing: നേപ്പാൾ ടൂറിസം മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം, ദുരന്തത്തിന് ശേഷം 403 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 341 പേർ വിദേശികളാണ്. കാണാതായവരിൽ 142 പേർ ഇന്ത്യക്കാരാണ്. ഇതിനുപുറമെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിന് കാരണം ഭൂചലനമല്ലെന്നും, വലിയൊരു മഞ്ഞുമല ഇടിഞ്ഞുവീണതാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ഔദ്യോഗികമായി വ്യക്തമാക്കി. നേപ്പാളിൽ ഇതുവരെ 157 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരന്തത്തിൽ 142 ഇന്ത്യക്കാരുൾപ്പെടെ നാനൂറിലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
നേപ്പാൾ-ചൈന അതിർത്തിയിൽ കാഠ്മണ്ഡുവിന് വടക്ക് 4.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായെന്നായിരുന്നു ബുധനാഴ്ച രാവിലെ യു.എസ്.ജി.എസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് ഭൂചലനമല്ലെന്നും, മഞ്ഞുമല തകർന്ന് വൻതോതിൽ അവശിഷ്ടങ്ങൾ നദിയിലേക്ക് ഒഴുകിയെത്തിയതാണെന്നും ഏജൻസി പിനീട് തിരുത്തുകയായിരുന്നു.
നേപ്പാൾ-ചൈന അതിർത്തിയായ രസുവഗഡിയിൽ നിന്ന് 20 കിലോമീറ്റർ മാറി ലെൻഡെ നദിയിലാണ് ഉരുൾപൊട്ടലുണ്ടായത്. 5.2 തീവ്രതയുള്ള ഭൂചലനത്തിന് സമാനമായ ആഘാതമാണ് ഈ ഉരുൾപൊട്ടൽ സൃഷ്ടിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിലൂടെയാണ് ഈ നിഗമനത്തിൽ എത്തിയത്. ടിബറ്റിൽ നിന്നും നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ പ്രധാന കൈവഴിയായ ലെൻഡെയിലുണ്ടായ ഈ ഉരുൾപൊട്ടലും തുടർന്നുണ്ടായ മിന്നൽപ്രളയവുമാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചത്.
നേപ്പാൾ ടൂറിസം മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം, ദുരന്തത്തിന് ശേഷം 403 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 341 പേർ വിദേശികളാണ്. കാണാതായവരിൽ 142 പേർ ഇന്ത്യക്കാരാണ്. ഇതിനുപുറമെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
നേപ്പാളിലെ രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വീടുകളും മരങ്ങളും വാഹനങ്ങളും ചെളിയിൽ പൂർണ്ണമായും മൂടിയ നിലയിലാണ്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
ദുരന്തം ടിബറ്റ് ഭാഗത്തും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജിറോംഗിൽ മൂന്ന് പേർ മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാറകളും ചെളിയും വെള്ളവും കുത്തിയൊലിച്ചു വരുന്നതിന് മുൻപ് ആളുകൾ പ്രാണരക്ഷാർത്ഥം ഓടിമാറുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ടിബറ്റ് അതിർത്തിയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്.
ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്നതിനാൽ പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകളുടെ വെളിച്ചത്തിലാണ് നേപ്പാൾ പോലീസ് കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളുടെ കേന്ദ്രമായ നേപ്പാൾ ആർമി ട്രെയിനിംഗ് സെൻ്ററിന് പുറത്ത് നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുകയാണ്.
English Summary
A massive glacial collapse in Nepal, initially mistaken for an earthquake, triggered deadly flash floods that killed at least 157 people. Over 400 tourists, including 142 Indians, remain missing. Massive rescue operations using helicopters are underway in affected districts as authorities work to relocate survivors amid destroyed infrastructure and blackouts.