PF Wage Limit: പിഎഫ് ശമ്പള പരിധി ഉയർത്തി, ഇനി കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?
EPFO Wage Limit Increased to Rs 25,000: 15,000 രൂപയായിരുന്ന പി.എഫ് ശമ്പളപരിധി 25,000 രൂപയാക്കി വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് ജീവനക്കാരനെ എങ്ങനെയാണ് ബാധിക്കുന്നത്? ശമ്പളം കുറയുമോ കൂടുമോ, ജീവനക്കാർക്ക് ഇനി പിഎഫ് കിട്ടില്ലേ, മാസാവസാനം കൈയിൽ എത്ര കിട്ടും... തുടങ്ങി സംശയങ്ങൾ നിരവധിയാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാലോ....

പ്രതീകാത്മക ചിത്രം
രാജ്യത്താകെ ഇപ്പോൾ പിഎഫ് ശമ്പള പരിധിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. 15,000 രൂപയായിരുന്ന പി.എഫ് ശമ്പളപരിധി 25,000 രൂപയാക്കി വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് ജീവനക്കാരനെ എങ്ങനെയാണ് ബാധിക്കുന്നത്? ശമ്പളം കുറയുമോ കൂടുമോ, ജീവനക്കാർക്ക് ഇനി പിഎഫ് കിട്ടില്ലേ, മാസാവസാനം കൈയിൽ എത്ര കിട്ടും… തുടങ്ങി സംശയങ്ങൾ നിരവധിയാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാലോ….
പിഎഫ് പരിധി ഉയർത്തി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (EPFO) നിർബന്ധിത പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2014-ന് ശേഷം ആദ്യമായാണ് പിഎഫ് വേജ് ലിമിറ്റിൽ ഇത്രയും വലിയ വർദ്ധനവ് വരുത്തുന്നത്. വേതന വർദ്ധനവ്, ഉയർന്ന വരുമാനം, സംഘടിത മേഖലയിലെ തൊഴിൽ വികാസം എന്നിവ കണക്കിലെടുത്താണ് കാലാനുസൃതമായ ഈ മാറ്റമെന്നാണ് സർക്കാർ പറയുന്നത്. നിലവിലെ ഈ മാറ്റം നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാരുടെ ടേക്ക് ഹോം സാലറിയെയും ഭാവി സമ്പാദ്യത്തെയും കാര്യമായി സ്വാധീനിക്കും
ശമ്പളം കുറയുമോ, കൂടുമോ?
അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ചേർത്ത് ഒരു മാസം ജീവനക്കാരന്റെ കൈയിൽ കിട്ടുന്ന ആകെ തുകയെയാണ് ടേക്ക് ഹോം സാലറി എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർത്തുള്ള തുക 15,000 രൂപയ്ക്ക് മുകളിലും 25,000 രൂപ വരെയുമുള്ള ജീവനക്കാരെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുന്നത്.
15,000 രൂപയ്ക്ക് മുകളിൽ തുടക്ക ശമ്പളമുള്ളവർ നിർബന്ധിത ഇപിഎഫ് പരിധിയിൽ വരാറില്ലായിരുന്നു. എന്നാൽ, പുതിയ തീരുമാനത്തോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന വൻ വിഭാഗം ജീവനക്കാർക്ക് ഇനി പിഎഫ്, പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉറപ്പാകും.
ALSO READ: പത്തല്ല, ഓരോ 5 വർഷത്തിലും ശമ്പളം കൂടും! സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷയേറെ
പിഎഫ് നിയമപ്രകാരം ജീവനക്കാരൻ അടയ്ക്കേണ്ട പി.എഫ് വിഹിതം അടിസ്ഥാനശമ്പളത്തിന്റെ 12 ശതമാനമാണ്. മുമ്പ് 15,000 രൂപ പരിധിയിൽ മാസം പരമാവധി 1,800 രൂപ ആയിരുന്നു നിർബന്ധിത പിഎഫ് വിഹിതമായി ഈടാക്കിയിരുന്നത്. എന്നാൽ, വേജ് ലിമിറ്റ് 25,000 രൂപയാകുന്നതോടെ പ്രതിമാസ വിഹിതം പരമാവധി 3,000 രൂപ വരെയായി ഉയരും.
ഇതോടെ കൈയിൽ കിട്ടുന്ന തുക കുറയും. മാസം തോറും ശമ്പളത്തിൽ നിന്ന് കൂടുതൽ തുക പിഎഫിലേക്ക് പിടിക്കുന്നതിനാൽ, പ്രതിമാസ ടേക്ക് ഹോം സാലറിയിൽ കുറവുണ്ടാകും. എന്നാൽ, അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലായതിനാൽ ഇതുവരെ ഇപിഎഫ് പദ്ധതിയിൽ ഉൾപ്പെടാതിരുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ ലഭിക്കും.
തൊഴിലുടമയുടെ വിഹിതവും
തൊഴിലുടമ നൽകുന്ന 12% വിഹിതം രണ്ട് ഭാഗങ്ങളായാണ് വീതിക്കുന്നത്. 3.67% – ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്കും 8.33% – ഇപിഎസ് പെൻഷൻ ഫണ്ടിലേക്കുമാണ് പോകുന്നത്. പരിധി 25,000 രൂപയാക്കിയതോടെ ഇപിഎസിലേക്ക് പോകുന്ന തുക പരമാവധി 2,083 രൂപയായി ഉയരും. ഇത് വിരമിക്കലിന് ശേഷം ജീവനക്കാർക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ തുകയിൽ 60% വരെ വർദ്ധനവ് ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് വാദം.
നേട്ടമോ നഷ്ടമോ?
- നിങ്ങളുടെ കൈയിൽ മാസം ലഭിക്കുന്ന ശമ്പളത്തിൽ പെട്ടെന്ന് ഒരു കുറവുണ്ടാകും.
- മാസം ലഭിക്കുന്ന തുക കുറയുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്കും പ്രതിമാസ ബജറ്റിനും പെട്ടെന്ന് ഒരു ഞെരുക്കം അനുഭവപ്പെടാം.
- കൈയിലെ പണം കുറയുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ജീവനക്കാർക്ക് വലിയ ലാഭമാണ്.
- നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക തൊഴിലുടമയും നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടി വരുന്നു. ഇതിൽ ഒരു പങ്ക് ഇപിഎസ് അക്കൗണ്ടിലേക്കും പോകും.
- പിഎഫിന് ലഭിക്കുന്ന ഉയർന്ന പലിശ നിരക്ക് കണക്കാക്കുമ്പോൾ, വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയിൽ വൻ വർദ്ധനവുണ്ടാകും.
- അടിസ്ഥാന ശമ്പളം 15,000 രൂപയ്ക്ക് മുകളിലായതിനാൽ ഇതുവരെ ഇപിഎഫ് പരിധിക്ക് പുറത്തുനിന്ന ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇനി ഇതിന്റെ ആനുകൂല്യം ലഭിക്കും.