Pension Mustering: ക്ഷേമ പെൻഷൻ മുടങ്ങും! മസ്റ്ററിങ് ചെയ്തോ… ഇനി ദിവസങ്ങൾ മാത്രം
Kerala Social Welfare Pension Mustering 2026: നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ തുക ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പെൻഷൻ വിതരണത്തിലും തുകയും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ മസ്റ്ററിങ് വൻതോതിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.
കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30-ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് ആരംഭിച്ചത്.അക്ഷയ കേന്ദ്രങ്ങളിലെ അമിത തിരക്കും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പേർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് സമയപരിധി സെപ്റ്റംബർ 30 വരെ തീരുമാനിച്ചത്.
നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടത്താത്തവർക്ക് തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ തുക ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ മാറിയ ശേഷം നടക്കുന്ന ആദ്യത്തെ മസ്റ്ററിങ് ആണിത്. കൂടാതെ, പെൻഷൻ വിതരണത്തിലും തുകയും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ മസ്റ്ററിങ് വൻതോതിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.
മസ്റ്ററിങ് ചെയ്യേണ്ടത് ആരെല്ലാം?
2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണ് ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യേണ്ടത്. കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.
ALSO READ: പിഎഫ് ശമ്പള പരിധി ഉയർത്തി, ഇനി കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?
വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.
ചെയ്യേണ്ടത് എങ്ങനെ?
ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ എത്തി ബയോമെട്രിക് വെരിഫിക്കേഷൻ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഐറിസ്) സംവിധാനം വഴി മസ്റ്ററിങ് പൂർത്തിയാക്കുന്നവർക്ക് 30 രൂപയാണ് സർവീസ് ചാർജ്. കിടപ്പുരോഗികൾ, വയോധികർ, തീവ്രമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കായി അക്ഷയ പ്രതിനിധികൾ നേരിട്ട് വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതാണ്. ഇത്തരം സേവനങ്ങൾക്ക് 50 രൂപ ആണ് സർവീസ് ചാർജ്.
English Summary:
Kerala’s social security and welfare fund pension beneficiaries must complete the mandatory mustering process by September 30, 2026 to continue receiving their pension. The mustering process, which began on July 17, is being conducted through Akshaya centres using biometric verification.