Gold Rate: ഇന്ന് ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 2036-ൽ എത്രയാകും?
Gold Price Forecast: ഇന്ന് സ്വർണത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ അത് എത്രയായി വളരും? വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളും മുൻകാല വിപണി പ്രവണതകളും അടിസ്ഥാനമാക്കി, അടുത്ത പത്ത് വർഷത്തിൽ സ്വർണം നൽകാൻ സാധ്യതയുള്ള വരുമാനം എത്രയെന്ന് പരിശോധിച്ചാലോ.

പ്രതീകാത്മക ചിത്രം
ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണവിലയിലുണ്ടായ കുത്തനെയുള്ള വർധനവ് കണക്കിലെടുക്കുമ്പോൾ, നിക്ഷേപകരുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യമാണ് ഇന്ന് സ്വർണത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ അത് എത്രയായി വളരും? മണി കൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളും മുൻകാല വിപണി പ്രവണതകളും അടിസ്ഥാനമാക്കി, അടുത്ത പത്ത് വർഷത്തിൽ സ്വർണം നൽകാൻ സാധ്യതയുള്ള വരുമാനം എത്രയെന്ന് പരിശോധിച്ചാലോ…
കഴിഞ്ഞ 10 വർഷത്തിലെ സ്വർണം
2016-ലെ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ശരാശരി വില ഏകദേശം 28,623 രൂപയായിരുന്നു. 2026-ൽ ഇത് 10 ഗ്രാമിന് ഏകദേശം 1,53,250 രൂപയായി ഉയർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ സ്വർണം ഏകദേശം 18.6% വാർഷിക വളർച്ചാ നിരക്ക് നൽകിയിട്ടുണ്ട്. അതായത്, വില ഏകദേശം 5.35 മടങ്ങ് വർദ്ധിച്ചു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, 2025-ൽ മാത്രം സ്വർണം 60 ശതമാനത്തിലധികം ലാഭം നൽകിയിട്ടുണ്ട്.
2036-ൽ 1 ലക്ഷം രൂപയുടെ നിക്ഷേപത്തിന് എത്ര വരുമാനം ലഭിക്കും?
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ലഭിച്ച 18.6% വളർച്ചാ നിരക്ക് തുടർന്നും ലഭിക്കുമെന്ന് ഉറപ്പില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ‘ഗോൾഡ് ലോംഗ്-ടേം എക്സ്പെക്റ്റഡ് റിട്ടേൺ’ (GLTER) മോഡലിന്റെയും മറ്റ് പ്രവചനങ്ങളുടെയും അടിസ്ഥാനത്തിൽ, ഇന്ന് നിക്ഷേപിക്കുന്ന 1 ലക്ഷം രൂപയുടെ മൂല്യം 2036 ആകുമ്പോഴേക്കും എത്രയായി മാറുമെന്ന് പരിശോധിക്കാം,
ALSO READ: തിങ്കളാഴ്ച സ്വര്‍ണവില കുതിക്കും, വാങ്ങുന്നെങ്കില്‍ ഇന്ന് വാങ്ങാം
- 5.2% മിതമായ വരുമാന നിരക്കിൽ (GLTER മോഡൽ): 2025-നും 2040-നും ഇടയിൽ ശരാശരി 5.2% വാർഷിക വരുമാനമാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ മോഡൽ കണക്കാക്കുന്നത്. ഇതനുസരിച്ച് 2036 ആകുമ്പോഴേക്കും നിക്ഷേപത്തിന്റെ ആകെ മൂല്യം ഏകദേശം 1.66 ലക്ഷം രൂപയായിരിക്കും. അതായത്, 1 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഏകദേശം 66,000 രൂപയുടെ അറ്റാദായം ലഭിക്കും.
- 8% ശരാശരി വാർഷിക വരുമാനത്തിൽ: 2036-ലെ ആകെ മൂല്യം ഏകദേശം 2.16 ലക്ഷം രൂപയായിരിക്കും (ഏകദേശം 1.16 ലക്ഷം രൂപ ലാഭം).
- 10% വാർഷിക വരുമാനത്തിൽ: 2036-ലെ ആകെ മൂല്യം ഏകദേശം 2.60 ലക്ഷം രൂപയായിരിക്കും (ഏകദേശം 1.60 ലക്ഷം രൂപ ലാഭം).
- 12% വാർഷിക വരുമാനത്തിൽ: 2036-ലെ ആകെ മൂല്യം ഏകദേശം 3.10 ലക്ഷം രൂപയായിരിക്കും (ഏകദേശം 2.10 ലക്ഷം രൂപ ലാഭം).
- 18.6% വരുമാനം ആവർത്തിച്ചാൽ: കഴിഞ്ഞ പത്ത് വർഷത്തെ അതേ വേഗത തുടരുകയാണെങ്കിൽ, നിങ്ങളുടെ 1 ലക്ഷം രൂപയുടെ നിക്ഷേപം 2036 ആകുമ്പോഴേക്കും 5.50 ലക്ഷം രൂപ വരെ വളർന്നേക്കാം.
സ്വർണവിലയെ സ്വാധീനിക്കുന്ന ആഗോള ഘടകങ്ങൾ
- പലിശ നിരക്കുകളുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ റിസർവ് എടുക്കുന്ന തീരുമാനങ്ങൾ.
- യുഎസ് ഡോളർ സൂചികയുടെ കരുത്തും പണപ്പെരുപ്പ കണക്കുകളും.
- ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകൾ നടത്തുന്ന വൻതോതിലുള്ള സ്വർണ വാങ്ങലുകളും.
ഭൗതിക സ്വർണവും ഡിജിറ്റൽ സ്വർണവും
നിങ്ങൾ സ്വർണത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച് 10 വർഷം സൂക്ഷിക്കുകയാണെങ്കിൽ, ഭൗതിക സ്വർണത്തിനേക്കാളും ഡിജിറ്റൽ സ്വർണമാണ് ഗുണകരം. ഭൗതിക സ്വർണത്തിൽ 3 ശതമാനം ജിഎസ്ടി, പണിക്കൂലി, വിൽക്കുമ്പോൾ ജ്വല്ലറികൾ ഈടാക്കുന്ന ബൈ-ബാക്ക് മാർജിൻ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവ നിങ്ങളുടെ യഥാർത്ഥ വരുമാനത്തെ കുറയ്ക്കും. സാമ്പത്തിക ലാഭത്തിനായി നിക്ഷേപിക്കുന്നവർക്ക് ഗോൾഡ് ഇടിഎഫുകൾ അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കാവുന്നതാണ്.
English Summary:
Gold is widely considered one of the safest investment options, and its sharp price increase over the past few years has attracted considerable investor interest. One key question for investors is how much an investment of Rs 1 lakh in gold today could be worth after 10 years. Based on data from the World Gold Council and historical market trends, the potential returns from gold over the next decade are being examined to estimate how much wealth investors could accumulate.