Bank Locker: സ്വര്‍ണം ബാങ്ക് ലോക്കറില്‍ വെക്കുന്നത് സുരക്ഷിതമല്ലേ? നഷ്ടപ്പെട്ടാല്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ല
Gold in Bank Locker Safe or Not: നിങ്ങളുടെ ലോക്കര്‍ വാടക പ്രതിവര്‍ഷം 4,000 രൂപയാണെങ്കില്‍, പരമാവധി നഷ്ടം പരിഹാരം ലഭിക്കുന്നത് 4 ലക്ഷം രൂപയായിരിക്കും. ഒരുപക്ഷെ നിങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ച വസ്തുക്കള്‍ക്ക് ഇതിലും വിലയുണ്ടായിരിക്കും.

പ്രതീകാത്മക ചിത്രം
ബാങ്ക് ലോക്കറില്‍ സ്വര്‍ണാഭരണം സൂക്ഷിക്കുന്നത് സുരക്ഷിതമാണെന്നാണ് എല്ലാവരുടെയും ധാരണ. കൃത്യമായ ഇടവേളകളില്‍ ബാങ്കിന് ലോക്കര്‍ ഫീസ് നല്‍കിയാണ് ഓരോരുത്തരും സ്വര്‍ണാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നത്. വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിലുള്ള അപകട സാധ്യതയാണ് കൂടുതലാളുകളെയും ലോക്കറുകളിലേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ ബാങ്കുകള്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിങ്ങളുടെ വസ്തുക്കള്‍ക്ക് നഷ്ടം സംഭവിക്കുമ്പോള്‍ പൂര്‍ണമായ സാമ്പത്തിക പിന്തുണ നല്‍കുകയില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതില്‍ ബാങ്കിന്റെ ഉത്തരവാദിത്തം എന്നത് പരിമിതമാണ്. നഷ്ടം ഉപഭോക്താവ് തന്നെ വഹിക്കേണ്ടതുണ്ട്.
ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്ന തെറ്റായ ധാരണയും പലര്‍ക്കുമുണ്ട്. ലോക്കറിലുള്ള വസ്തുക്കള്‍ക്ക് ഒരിക്കലും ബാങ്ക് ഇന്‍ഷുറന്‍സ് നല്‍കുകയില്ല. ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയോ, തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നഷ്ടം സംഭവിക്കുകയോ ചെയ്താല്‍ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല.
സുരക്ഷാ വീഴ്ച, ജീവനക്കാരുടെ ഭാഗത്തുനിന്ന് വന്ന പിഴവ്, ലോക്കര്‍ കൈകാര്യം ചെയ്തതിലെ അശ്രദ്ധ എന്നിവയ്ക്ക് മാത്രമേ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കുകയുള്ളൂ. എന്തെങ്കിലും സംഭവത്തില്‍ ബാങ്ക് ഉത്തരവാദിയാണെന്ന് കണ്ടെത്തിയാലും നഷ്ടപരിഹാരം വാര്‍ഷിക ലോക്കര്‍ വാടകയുടെ 100 മടങ്ങ് മാത്രമായിരിക്കും.
അതായത്, നിങ്ങളുടെ ലോക്കര്‍ വാടക പ്രതിവര്‍ഷം 4,000 രൂപയാണെങ്കില്‍, പരമാവധി നഷ്ടം പരിഹാരം ലഭിക്കുന്നത് 4 ലക്ഷം രൂപയായിരിക്കും. ഒരുപക്ഷെ നിങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ച വസ്തുക്കള്‍ക്ക് ഇതിലും വിലയുണ്ടായിരിക്കും.
പ്രകൃതി ദുരന്തങ്ങള്‍ മൂലം ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാലും ബാങ്ക് ഉത്തരവാദിയായിരിക്കില്ല. സ്വര്‍ണം പോലുള്ള വസ്തുക്കള്‍ സംരക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് ആഭരണ ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഇത്തരം പോളിസികള്‍ മോഷണം, തീപിടിത്തം, നാശനഷ്ടം തുടങ്ങിയവയില്‍ നിന്ന് നിങ്ങള്‍ക്ക് പരിരക്ഷ നല്‍കും.