SBI Fixed Deposit: എസ്ബിഐ 444 ദിവസത്തെ എഫ്ഡി; കുറഞ്ഞ കാലയളവില്‍ കൂടുതല്‍ നേട്ടം
SBI 444-Day FD: Get Up to 7.05% Interest on Your Savings, Check Details: രാജ്യത്തെ സ്ഥിര താമസക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍, യോഗ്യരായ എന്‍ആര്‍ഐ നിക്ഷേപകര്‍, നിലവിലുള്ള എഫ്ഡി ഹോള്‍ഡര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നത്. വ്യക്തിഗതമായും ജോയിന്റായും അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്താവുന്നതാണ്.
കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ വരുമാനം നേടുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍? സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതിയാണ് സ്ഥിര നിക്ഷേപങ്ങള്‍ അഥവ എഫ്ഡികള്‍. എഫ്ഡികളില്‍ വലിയ ശ്രദ്ധ ലഭിക്കുന്ന പദ്ധതിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അമൃത് വൃഷ്ടി. ഉയര്‍ന്ന പലിശയും സുഗമമായ നിക്ഷേപ കാലയളവുമാണ് ഈ പദ്ധതിയുടെ പ്രത്യേകത.
എസ്ബിഐ അമൃത് വൃഷ്ടി പദ്ധതി
444 ദിവസമാണ് ഈ പദ്ധതിയുടെ നിക്ഷേപ കാലയളവ്. സാധരണയുള്ള എഫ്ഡി നിക്ഷേപങ്ങളുടെ കാലാവധി ഒരു വര്‍ഷം അല്ലെങ്കില്‍ രണ്ട് വര്‍ഷത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. എന്നാല്‍ പദ്ധതികളെ അപേക്ഷിച്ച് 444 ദിവസത്തെ നിക്ഷേപത്തിന് ലഭിക്കുന്നത് ഉയര്‍ന്ന പലിശയാണ്. സാധാരണ നിക്ഷേപകര്‍ക്ക് 6.45 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.05 ശതമാനം പലിശ ബാങ്ക് നല്‍കുന്നു.
രാജ്യത്തെ സ്ഥിര താമസക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍, യോഗ്യരായ എന്‍ആര്‍ഐ നിക്ഷേപകര്‍, നിലവിലുള്ള എഫ്ഡി ഹോള്‍ഡര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നത്. വ്യക്തിഗതമായും ജോയിന്റായും അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്താവുന്നതാണ്. അടിയന്തരമായി പണം ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമായി എഫ്ഡിയുടെ അടിസ്ഥാനത്തില്‍ വായ്പ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
എത്ര രൂപയില്‍ നിക്ഷേപം ആരംഭിക്കാം?
കുറഞ്ഞത് 1,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. പരമാവധി നിക്ഷേപം 3 കോടി രൂപയാണ്. പ്രതിമാസം, ത്രൈമാസം, അര്‍ധ വാര്‍ഷികം എന്നിങ്ങനെ അടിസ്ഥാനത്തിലാണ് പലിശ വിതരണം ചെയ്യുന്നത്. നിശ്ചിത ഇടവേളകളില്‍ പലിശ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
നേരത്തെ പണം പിന്‍വലിക്കാനാകുമോ?
444 ദിവസത്തെ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പണം പിന്‍വലിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പണം പിന്‍വലിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതാണ്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും 5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 1 ശതമാനവുമാണ് പിഴ ബാധകം. നിക്ഷേപം ആരംഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പണം പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല.
Also Read: KSFE Pravasi Chitty: എന്താണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി? പ്രവര്‍ത്തനം എങ്ങനെ?
പലിശയ്ക്ക് നികുതി നല്‍കണം
എഫ്ഡി നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്‍ നികുതി നല്‍കേണ്ടതുണ്ട്. പാന്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ സാധാരണയായി പത്ത് ശതമാനമാണ് നികുതി ഈടാക്കുന്നത്. എന്നാല്‍ പാന്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഉയര്‍ന്ന നികുതി നല്‍കേണ്ടതായി വന്നേക്കാം. 444 ദിവസത്തെ എഫ്ഡി ഒരിക്കലും നികുതി ഇല്ലാത്ത നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള ആനുകൂല്യം ഈ നിക്ഷേപത്തിന് ലഭിക്കുകയില്ല.
എങ്ങനെ നിക്ഷേപം ആരംഭിക്കാം?
എസ്ബിഐ ബ്രാഞ്ചില്‍ നേരിട്ട് സന്ദര്‍ശനം നടത്തി, ഓണ്‍ലൈന്‍ ബാങ്കിങ്, യോനോ ആപ്പ് തുടങ്ങിയ വഴിയെല്ലാം നിക്ഷേപം ആരംഭിക്കാവുന്നതാണ്. ആപ്പ് വഴിയാണെങ്കില്‍ ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തില്‍ പ്രവേശിച്ച് ഫിക്‌സഡ് ഡെപ്പോസിറ്റ് തിരഞ്ഞെടുത്ത്, അമൃത് വൃഷ്ടിയിലേക്ക് കടക്കാം, ശേഷം 444 ദിവസത്തെ നിക്ഷേപത്തില്‍ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതാണ്.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
SBI’s 444-day FD offers an opportunity to earn attractive returns over a relatively short investment period. The scheme has different interest rates for regular and senior citizen depositors. Check the eligibility, interest rates, investment limit and other important details before investing.